| Tuesday, 27th April 2021, 3:47 pm

സണ്ണി എം കപിക്കാടിനപ്പുറം കടക്കാത്ത കേരളത്തിലെ ദളിത് ബുദ്ധിജീവിതം

ജോണി എം.എല്‍.

ജനാധിപത്യസമൂഹങ്ങള്‍ മൂലധനാനന്തര കാലഘട്ടത്തില്‍ ഏര്‍പ്പെടേണ്ട രാഷ്ട്രീയ പ്രക്രിയ എന്താണെന്ന ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ജനാധിപത്യ സമൂഹങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധി എന്നത് ജനാധിപത്യം എന്നത് തന്നെയാണ് എന്നാണ് തിരിച്ചറിയപ്പെടുന്നത്. ഇന്ന് ലോകത്തെ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളിലെല്ലാം ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട ഏകാധിപതികളാണ് ഭരണം നയിക്കുന്നത്. അതില്‍ ഒരു വ്യത്യാസമായി എടുത്തു കാട്ടാവുന്നത് അമേരിക്ക മാത്രമാണ്.

എന്നാല്‍ ട്രംപ് അനന്തര കാലത്തില്‍ ജോ ബൈഡന് അമേരിക്കന്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭരണക്രമം സ്ഥാപിക്കാന്‍ കഴിയുമോ എന്നതില്‍ ഉറപ്പില്ല എന്ന് മാത്രമല്ല അതിനുള്ള സാധ്യതകള്‍ തുലോം പരിമിതവുമാണ്. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിലുള്ള അതിര്‍ത്തികളെ അമേരിക്ക അംഗീകരിക്കേണ്ടതില്ല എന്ന നിലപാട് തന്നെ അമേരിക്കയുടെ താത്പര്യങ്ങള്‍ വെളിപ്പെടുത്തുന്നവയാണ്.

വലതുപക്ഷ, കമ്പോള അനുകൂല, ഏകാധിപത്യ സ്വഭാവമുള്ള ഭരണം നിലനില്‍ക്കുന്ന ഒരു രാജ്യമായ ഇന്ത്യയില്‍ ദളിത് ബുദ്ധിജീവിതത്തിന് ഇതുവരെ ഉണ്ടായിരുന്ന നിലപാടുകളില്‍ നിന്ന് വളരെ വ്യത്യസ്തമായ നിലാപാടാകും ഇനി എടുക്കേണ്ടി വരിക. ഇതുവരെ ദളിത് ബുദ്ധിജീവികള്‍ ആര്‍ട്ടിക്കുലേറ്റ് ചെയ്തിരുന്നത് ജനാധിപത്യത്തിനുള്ളില്‍ ഭരണഘടന ഉറപ്പു വരുത്തുന്ന പൗരാവകാശങ്ങളും വിഭവാധികാരത്തെക്കുറിച്ചുള്ള ആകാംക്ഷകളും സംവരണ വിഷയങ്ങളും ദളിത് തുല്യനീതി പോരാട്ടത്തിന് കോടതി വഴിയുള്ള ആത്യന്തിക നീതിയില്‍ ഉള്ള വിശ്വാസവും ഒക്കെ ആയിരുന്നു.

ഈ അവകാശ സമരങ്ങള്‍ക്കും ഭാവനയ്ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കും ബൗദ്ധിക മണ്ഡലത്തിന്റെ രൂപീകരണത്തിനുമെല്ലാം സിദ്ധാന്തശേഷി നല്‍കി വരുന്നത് ഡോക്ടര്‍ അംബേദ്കറിന്റെ ചിന്തകള്‍ ആണ്. എന്നാല്‍ ദളിത് ബുദ്ധിജീവിതം എന്ന സമഗ്രമായ ഒരു മണ്ഡലം ഇതുവരെ രൂപപ്പെട്ടില്ല എന്ന് മാത്രമല്ല അത് രൂപപ്പെടാനുള്ള സാധ്യതകളൊക്കെയും ദളിത് പ്രസ്ഥാനങ്ങള്‍ക്കകത്തു നിന്ന് തന്നെയുള്ള വിവിധങ്ങളായ ബലങ്ങള്‍ ഭിന്നിപ്പിച്ചു കളയുകയും ചെയ്യുന്നുണ്ട്.

ഡോ. ബി.ആര്‍. അംബേദ്കര്‍

എന്താണ് ദളിത് ബുദ്ധിജീവിതം അല്ലെങ്കില്‍ ദളിത് ബുദ്ധിമണ്ഡലം എന്ന് വിശദീകരിക്കേണ്ടതുണ്ട്. അത് ഏകശിലാത്മകമായ ഒന്നല്ല എന്നുള്ള തിരിച്ചറിവാണ് ആദ്യമേ തന്നെ നമുക്ക് ഉണ്ടാകുന്നത്. ബഹുസ്വരമായ ഒരു ലോകത്ത് ദളിത് ബുദ്ധിമണ്ഡലം മാത്രം ഏകശിലാത്മകമാകണമെന്നും അത് ഏകലക്ഷ്യോന്മുഖമായി പ്രവര്‍ത്തിക്കണം എന്നും കരുതുന്നത് ശരിയല്ല. എന്ന് മാത്രമല്ല പട്ടികജാതി, ആദിവാസി, മല്‍സ്യത്തൊഴിലാളികള്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ തുടങ്ങി ദളിത് ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നില്‍ക്കുന്നവര്‍ നേരിടുന്നതും അഭിസംബോധന ചെയ്യുന്നതുമായ പ്രശ്‌നങ്ങള്‍ വ്യത്യസ്തങ്ങളാണ് എന്ന് പ്രമുഖ സൈദ്ധാന്തികനായ പ്രൊഫസ്സര്‍ കുഞ്ഞാമന്‍ തന്നെ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.

അതിനാല്‍ത്തന്നെ അവര്‍ ഈ ധൈഷണിക ജീവിത പരിസരങ്ങളെ നേരിടുന്നതും വ്യത്യസ്തമായിരിക്കും എന്നതില്‍ സംശയമില്ല.
ദളിത് ബൗദ്ധികമണ്ഡലം രൂപപ്പെട്ടിരിക്കുന്നത് വിവിധ മാധ്യമങ്ങളിലൂടെയാണ്. പ്രധാനമായും സാഹിത്യം, കവിത, ആത്മകഥ, ജീവചരിത്രം, നൃത്തം, പാട്ട്, സിനിമ ഉള്‍പ്പെടെയുള്ള ഇതര സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, അക്കാദമിക പഠനങ്ങള്‍, പ്രസംഗം ആണ് ഇവ. ഇവയ്ക്ക് ഉപരിയായി, മേല്‍പ്പറഞ്ഞ ഓരോന്നിനെയും പ്രചോദിപ്പിക്കുന്ന ഭൗതികമായ സാമൂഹ്യ പരിസരങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു.

തൊണ്ണൂറുകള്‍ മുതല്‍ വ്യക്തമായ ഒരു അംബേദ്കര്‍ സൈദ്ധാന്തിക പശ്ചാത്തലം ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ലഭ്യമായിരിക്കുന്നു. എണ്‍പതുകളുടെ അവസാനം വരെ തനിയ്ക്ക് അംബേദ്കര്‍ സാഹിത്യം പരിചിതമല്ലായിരുന്നുവെന്നും പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടോടെ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അംബേദ്കറുടെ സമ്പൂര്‍ണ്ണ കൃതികളുടെ പരിഭാഷ ഇറക്കുന്നതോടെയാണ് അംബേദ്കര്‍ സാഹിത്യം പരിചിതമാകുന്നതെന്നും പ്രമുഖ ദളിത് സാമൂഹ്യ ചിന്തകനായ കെ.കെ. കൊച്ച് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനു മുന്‍പ് വളരെ ചുരുങ്ങിയ തോതില്‍ അംബേദ്കറുടെ ജീവചരിത്രം ടി.എച്ച്.പി. ചെന്താരശ്ശേരിയുടെ വാക്കുകളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ ചരിത്രം കെ.കെ. കൊച്ചിന്റെ ‘ദളിതന്‍’എന്ന ആത്മകഥയിലും കെ.കെ. ബാബുരാജിന്റെ ലേഖനങ്ങളിലും മറ്റൊരു ജീവിതം സാധ്യമാണ് എന്ന പുസ്തകത്തിലും വ്യക്തമാക്കിയിട്ടുണ്ട്.

കെ.കെ. കൊച്ച്‌

ഏകദേശം മൂന്നു ദശകങ്ങളായി കേരളത്തില്‍ ശക്തമായി പടര്‍ന്ന ദളിത് ബൗദ്ധിക മണ്ഡലത്തിന് ശക്തി പകര്‍ന്നത് മേല്‍പ്പറഞ്ഞ മൂന്ന് എഴുത്തുകാരാണ്. എന്നാല്‍ വായനാമണ്ഡലത്തിനു പുറത്ത് കേരളത്തിന്റെ സാമൂഹികപരിസരങ്ങളില്‍ ദളിത് അനുഭവങ്ങളും സിദ്ധാന്തങ്ങളും ഒരു ശ്രവണ പശ്ചാത്തലം ആയിത്തീരുന്നത് സണ്ണി എം. കപിക്കാടിന്റെ പ്രസംഗങ്ങള്‍ യൂട്യൂബ് എന്ന സാങ്കേതിക മാധ്യമത്തിലൂടെ സമൂഹത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ്.

ഇന്ത്യയില്‍ ഇന്ന് വായിക്കാന്‍ കൊള്ളാവുന്ന ഏക പുസ്തകം ഇന്ത്യന്‍ ഭരണഘടനയാണ് എന്നൊക്കെയുള്ള വളരെ വിപ്ലവകരമായ പ്രസ്താവനകളോടെ സണ്ണി എം. കപിക്കാട് കേരളത്തിന്റെ ശ്രവ്യമണ്ഡലത്തില്‍ അംബേദ്കര്‍, സംവരണം, ദളിത് സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളെ നിറയ്ക്കുകയും അത് മലയാളിയുടെ സാംസ്‌കാരിക അബോധമായി മാറും വിധം പ്രചരിക്കുകയും ചെയ്യും. എന്നാല്‍ പ്രൊഫസ്സര്‍ കുഞ്ഞാമന്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ പ്രസംഗത്തിന്റെ ഒരു പ്രശ്‌നം എന്നത് അത് ശ്രവണസുഖത്തിനപ്പുറത്തേയ്ക്ക് അക്കാദമിക മൂല്യം സൃഷ്ടിക്കാന്‍ കഴിയാതെ പോകുന്ന ഒന്നാണ്. അതിന്റെ വാര്‍ത്താമൂല്യത്തെ അംഗീകരിക്കുമ്പോള്‍ത്തന്നെ അതിന് ചിന്തയെ പ്രവര്‍ത്തനം ആക്കി മാറ്റാനുള്ള ശേഷി നഷ്ടപ്പെടുന്നതായി നമ്മള്‍ കാണുന്നുണ്ട്. പുതിയ ജനാധിപത്യ രാഷ്ട്രീയ മുന്നണി രൂപീകരിക്കാനായി സണ്ണി എം. കപിക്കാട് ഉള്‍പ്പെടെയുള്ളവര്‍ വിളിച്ചു കൂട്ടിയ പരിപാടികളെല്ലാം ശുഷ്‌കമാകാനുള്ള കാരണം പ്രസംഗത്തിന് ആശയശേഷി ഉണ്ടെങ്കിലും നിര്‍വാഹകശേഷി കുറഞ്ഞിരിക്കുന്നു എന്നതാണ്.

ടി.എച്ച്.പി ചെന്താരശ്ശേരി

വിഭവാധികാരം, സംവരണം, ഭരണഘടന, ജനാധിപത്യ മൂല്യങ്ങള്‍, ദളിത് സാമൂഹികശാസ്ത്രം, ദളിത് അവസ്ഥ, മുഖ്യധാരയ്ക്കുള്ളിലെ കോളനികള്‍, അംബേദ്കര്‍ ചിന്തകള്‍ തുടങ്ങിയവയെ പൊതുമണ്ഡലത്തില്‍ എത്തിക്കുന്നതില്‍ സണ്ണി എം. കപിക്കാട് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ് എന്ന് മാത്രമല്ല ദളിത് വിഷയങ്ങളില്‍ സംസാരിക്കുന്നവരുടെയെല്ലാം റഫറന്‍സ് പോയിന്റ് എന്നത് കപിക്കാടിന്റെ പ്രസംഗങ്ങളുടെ ഉള്ളടക്കവും ശൈലിയും ആയി. അതുണ്ടാക്കിയ പ്രശ്‌നം എന്നത് ദളിത് വനിതാ വിമോചക പ്രവര്‍ത്തകര്‍ക്ക് പോലും കപിക്കാട് പറയുന്ന കാര്യങ്ങള്‍ക്കപ്പുറം ഒന്നും പറയാനില്ല എന്ന അവസ്ഥ വന്നു. ഇത് ദളിത് ബൗദ്ധികമണ്ഡലം വ്യത്യസ്തമായ രീതികളില്‍ വികസിക്കുന്നതിന് തടസ്സമായി എന്ന് പറഞ്ഞാല്‍ എതിര്‍പ്പുണ്ടെങ്കില്‍ തടസ്സമായില്ലേ എന്ന ചോദ്യത്തിനെ ദളിത് ബുദ്ധിജീവികള്‍ക്ക് അഭിസംബോധന ചെയ്യാവുന്നതാണ്.

കപിക്കാട് കേരളത്തിലെ ദളിത് ബൗദ്ധിക മണ്ഡലത്തിനും പൊതു ബൗദ്ധികമണ്ഡലത്തിനും നല്‍കിയ ഉണര്‍വ്വ് ശ്രദ്ധേയമാണ്. അതേ സമയം അദ്ദേഹം എടുക്കുന്ന പല നിലപാടുകളും കാല്പനികമായിപ്പോകുന്നു എന്ന വിമര്‍ശനവും ഉണ്ട്. പ്രയോഗിക രാഷ്ട്രീയത്തില്‍ കപിക്കാടിന്റെ നിലപാടുകള്‍ക്ക് പ്രസക്തി കുറവാണ് എന്നുള്ളത് ഈ അടുത്തിടെ രണ്ടു കാര്യങ്ങളില്‍ നിന്ന് വ്യക്തമാവുകയുണ്ടായി; ഒന്നാമതായി, പുന്നല ശ്രീകുമാര്‍ തന്നെ പറയുന്നത് കെ.പി.എം.എസ്സിന്റെ നിലപാടുകള്‍ക്കെതിരെ കപിക്കാട് ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ പ്രയോഗികരാഷ്ട്രീയത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലാ എന്നാണ്. രണ്ടാമതായി, കേരളത്തില്‍ തുടര്‍ഭരണം ഇല്ലാതാവുന്നതാണ് ജനാധിപത്യത്തിന് ഭൂഷണം എന്ന കപിക്കാടിന്റെ നിലപാടിന് ഇടതുപക്ഷത്തില്‍ നിന്ന് വമ്പിച്ച എതിര്‍പ്പ് നേരിടേണ്ടി വന്നു. യഥാര്‍ത്ഥത്തില്‍ വളരെയധികം സൈദ്ധാന്തിക വ്യാപ്തി ഉള്ള ഒരു സമീപനമാണ് കപിക്കാട് മുന്നോട്ട് വെച്ചത്. എന്നാല്‍ അതിനെ ആ തലത്തില്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെട്ടു.

എം. കുഞ്ഞാമന്‍

സുനില്‍ പി ഇളയിടം നടത്തിയ രാമായണ മഹാഭാരത പ്രഭാഷണങ്ങളെ കുറേക്കൂടി ദളിത് പരിപ്രേക്ഷ്യത്തില്‍ വിമര്‍ശന വിധേയമാക്കിക്കൊണ്ട് സുനിലിനെ വ്യക്തിപരമായി ആക്രമിക്കാതെ തന്നെ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പുനര്‍വായനകള്‍ ടി.എസ്. ശ്യാംകുമാറിനെ പോലുള്ള മികച്ച പ്രഭാഷകര്‍ നടത്തുന്നുണ്ട്. ഇതിനു സമാന്തരമായ ഒരു പ്രവര്‍ത്തനം എന്ന നിലയില്‍ ദളിത് ആശയമണ്ഡലത്തെ സജീവമാക്കുന്നതില്‍ ബുദ്ധിസ്റ്റ് ആശയങ്ങള്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

ബുദ്ധപൂര്‍ണ്ണിമയ്ക്ക് ബുദ്ധനെ മറ്റൊരു ദൈവമായിക്കണ്ടു കൊണ്ട് ഒരു ഹിന്ദു സമാന്തരം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുവാനും ദളിത് സമൂഹത്തെ രാഷ്ട്രീയപരമായി ബുദ്ധിസത്തിന്റെ ചരിത്രഗതികളിലേയ്ക്ക് നയിക്കാനും കൂടിയുള്ള ശ്രമങ്ങള്‍ ഡോക്ടര്‍ അജയ് ശേഖറിനെപ്പോലുള്ളവര്‍ പ്രസംഗം എന്ന മാധ്യമത്തിലൂടെ നടത്തുന്നുണ്ട്. ഡോക്ടര്‍ കെ.എസ്. മാധവന്‍, ഡോക്ടര്‍ എ.കെ. വാസു, ഡോക്ടര്‍ എം. ബി. മനോജ് തുടങ്ങിയവര്‍ ഇത്തരത്തില്‍ അക്കാദമിക മേഖലയിലും പ്രസംഗത്തിലും ഒരുപോലെ ഇടപെട്ടു കൊണ്ട് ‘അക്കാദമിക മൂല്യം’ കൂടി ഉണ്ടാക്കി എടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

പുന്നല ശ്രീകുമാര്‍

പ്രൊഫസ്സര്‍ കുഞ്ഞാമന്‍ സൂചിപ്പിക്കുന്നത് പോലെ എന്തുകൊണ്ട് ഇവയൊന്നും ഒരു ദളിത് പ്രത്യയശാസ്ത്രമായി ഉയര്‍ന്നു വരുന്നില്ല? എന്തുകൊണ്ട് ഇത് സുനില്‍ പി ഇളയിടത്തിന്റെ അത്യപൂര്‍വമായ യൂട്യൂബ് സാന്നിധ്യം പോലെ മറ്റൊരു സമാന്തര സാന്നിധ്യമായി ദളിത് ബൗദ്ധികത കേവലം ശ്രവ്യ മണ്ഡലമായി ചുരുങ്ങിപ്പോകുന്നു? എന്തുകൊണ്ട് ദളിത് പ്രത്യയശാസ്ത്രത്തിലേയ്ക്ക് ഇതര സമുദായങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും ആകര്‍ഷിക്കപ്പെടുന്നില്ല എന്ന ചോദ്യം കൂടി ഇതിനൊപ്പം ഉയര്‍ന്നു വരുന്നുണ്ട്.

രണ്ടു പ്രധാന പ്രശ്‌നങ്ങള്‍ ഇവിടെ ചൂണ്ടിക്കാട്ടാം; ഒന്നാമതായി, ദളിത് എക്‌സ്‌ക്ലൂസിവിറ്റി എന്നൊരു വരട്ടു വാദം പല ദളിത് ബുദ്ധിജീവികളും വെച്ച് പുലര്‍ത്തുന്നുണ്ട്. രണ്ടാമതായി, അംബേദ്കറെ ഒരു സമരപദ്ധതി എന്ന നിലയില്‍ നിന്ന് മാറ്റി ഒരു കേവലബൗദ്ധിക പദ്ധതിയായി അവതരിപ്പിക്കുന്നു. ഒന്നാമത്തേത് എതിരാളികളെയും വിമുഖരേയും സൃഷ്ടിക്കുമ്പോള്‍ രണ്ടാമത്തേത് സ്വീകാര്യതയും രാഷ്ട്രീയപരമായ നിര്‍വീര്യകരണവും സൃഷ്ടിക്കുന്നു. ഇനി മൂന്നാമതൊരു കാര്യം കൂടി ഇതിലേയ്ക്ക് കൊണ്ട് വരാന്‍ കഴിയും; അത്, ദളിത് എലീറ്റും ദളിത് സാമാന്യജനതയും തമ്മില്‍ അതിവേഗം വര്‍ധിച്ചു വരുന്ന വിടവാണ്.

ഡോ. ടി.എസ്. ശ്യാംകുമാര്‍

ദളിത് എക്‌സ്‌ക്ലൂസിവിറ്റി എന്നാല്‍, ‘നമ്മള്‍ ദളിത് നമ്മുടെ കാര്യം നോക്കിക്കൊള്ളാം, നിങ്ങള്‍ നമുക്ക് വേണ്ടി സംസാരിക്കേണ്ട.’ വളരെ സങ്കീര്‍ണ്ണമായ തലങ്ങള്‍ ഉള്ള ഒരു പ്രശ്‌നമാണിത്. ഒന്നാമതായി, ഇത് വളരെ വലിയ ഒരു അസ്മിതാ പ്രകടനമാണ്; അത് അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും സ്വത്വബോധത്തിന്റെയും സ്വത്വരാഷ്ട്രീയ പ്രതിനിധാനത്തിന്റെയും പ്രഖ്യാപനമാണ്. പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്‍ സംസാരിക്കാനാവുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. എന്നാല്‍ അതെ സമയം അത് ഒരു ക്ലബ്ബ് മെന്റാലിറ്റി കൂടിയാണ്.

ദളിത് പ്രസ്ഥാനങ്ങളുടെ ആദ്യഘട്ടത്തില്‍ മാത്രം ഉയര്‍ത്തിപ്പിടിക്കാവുന്ന ആശയമാണിത്. ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ് എന്ന പ്രസ്ഥാനത്തെ ഏറ്റെടുത്തത് കറുത്തവര്‍ മാത്രമായിരുന്നില്ല. അതിനു ശക്തിപകര്‍ന്നത് ലോകത്ത് വെളുത്തവരുള്‍പ്പെടെയുള്ള സര്‍വവംശത്തിലും ഉള്ളവര്‍ ആയിരുന്നു. അയ്യന്‍കാളിയുടെ കല്ലയും മാലയും സമരത്തിന് നേതൃത്വം നല്‍കിയത് നായര്‍മാരായിരുന്നെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് ദളിതര്‍ മാത്രമായിരുന്നില്ല. അപ്പോള്‍ ദളിത് എക്‌സ്‌ക്ലൂസിവിറ്റി എന്നത് തികച്ചും അപകടകരമായ ഒരു ലൈന്‍ ആണ്. അതിനെ എങ്ങനെ സൈദ്ധാന്തികമായും പ്രായോഗികമായും മറികടക്കാം എന്ന് ചിന്തിക്കേണ്ടതുണ്ട്.

കെ.കെ. ബാബുരാജ്‌

രണ്ടാമതായി, അംബേദ്കറെന്ന സമര പ്രതീകത്തെ പൂര്‍ണ്ണമായും അക്കാദമികവല്‍ക്കരിക്കുന്നതാണ്. സണ്ണി കപിക്കാട് ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ഒരു ധാര്‍മ്മിക പ്രശ്‌നമാണിത്. കപിക്കാടിന്റെ പല പ്രഭാഷണങ്ങളിലും അദ്ദേഹം അവതരിപ്പിക്കുന്ന അംബേദ്കര്‍ ഒരു യൂണിവേഴ്‌സല്‍ മനുഷ്യനും ഒരു ലോകോത്തര സാമൂഹ്യ ശാസ്ത്രജ്ഞനും ധനതത്വ ശാസ്ത്രജ്ഞനും ആണ്. അല്ലാതെ ദളിതരുടെ നേതാവ് മാത്രമല്ല. യഥാര്‍ത്ഥത്തില്‍ കെണി അവിടെത്തന്നെയാണ്. ദളിതരുടെ നേതാവ് മാത്രമാക്കാതെ എല്ലാവരുടെയും നേതാവ് ആക്കാന്‍ വേണ്ടി തന്നെയാണ് വലതുപക്ഷവും ഇവിടത്തെ മധ്യവര്‍ഗ സമൂഹവും ശ്രമിക്കുന്നത്.

ദളിത് അല്ലാത്ത അംബേദ്കറിനെയാണ് വലിയ അംബേദ്കര്‍ സ്മാരകവും പഠനകേന്ദ്രവും ഡല്‍ഹിയില്‍ നിര്‍മ്മിച്ച് മോഡി സര്‍ക്കാര്‍ അവരുടേതാക്കിയത്. കേരളത്തിലെ മധ്യവര്‍ഗത്തിനും വേണ്ടത് ദളിത് സ്വത്വമില്ലാത്ത അംബേദ്കറിനെയാണ്. ആ അംബേദ്കറാണ് ബുദ്ധനായും മറ്റും സച്ചിദാനന്ദന്റെയൊക്കെ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു ദളിത് അംബേദ്കറും ഒരു മിഡില്‍ ക്‌ളാസ് അംബേദ്കറും ഉണ്ട്. അതില്‍ ദളിത് പ്രസ്ഥാനങ്ങളുടെ സമരത്തിന് ഏത് അംബേദ്കറിനെ വേണം എന്നുള്ളതാണ് പ്രശ്‌നം. അയ്യങ്കാളിയെ വരച്ചു വരച്ചു ഏതാണ്ട് പൃഥ്വിരാജിനെപ്പോലെയും രജനീകാന്തിനെപ്പോലെയും ആക്കിയവര്‍ ആഗ്രഹിക്കുന്നത് വയലിലൊന്നും ഇറങ്ങാത്ത അയ്യങ്കാളിയെയാണ്. അദ്ദേഹത്തിനെ ഒരു ഫെറാരി സൈസ് വില്ലുവണ്ടി ഓടിക്കുന്ന ആളാക്കി പൊതുബോധത്തില്‍ കൊണ്ടുവെയ്ക്കുന്നതോടെ സമരം ചെയ്യുന്ന അയ്യങ്കാളി ഇല്ലാതാകും.

അയ്യന്‍കാളി

മൂന്നാമത്തെ വിഷയം ഒരുപക്ഷെ തികച്ചും പ്രസക്തമല്ലെന്നു തോന്നാം എങ്കിലും അത് പ്രസക്തമാണ്. ദളിത് സമൂഹത്തില്‍ രോഹിത് വെമുലമാര്‍ മാത്രമല്ല ഉള്ളത്. അവിടെ ദിനു വെയില്‍ മാരും ഉണ്ട്. കേരളത്തില്‍ ദലിതര്‍ക്കിടയില്‍ അക്കാദമിക് രീതിയിലും അതുവഴിയുണ്ടായ സാമൂഹിക-സാമ്പത്തിക പദവിയിലും ദൃശ്യതയിലും മുന്നില്‍ നില്‍ക്കുന്ന ധാരാളം പേരുണ്ട്. അവരില്‍ പലരും കേരളത്തിലെ മുഖ്യധാരയില്‍ സജീവമാണെന്ന് മാത്രമല്ല, അവര്‍ക്ക് ദളിത് സമൂഹങ്ങളുമായി സഹകരിക്കുന്നതിനേക്കാള്‍ ഇഷ്ടം പൊതുസമ്മതിയുള്ള ബുദ്ധിജീവികളുമായി കൈകോര്‍ക്കുന്നതിനാണ്.

എലീറ്റ് ആയി പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഒരു ദളിത് എലീറ്റിനെ സൃഷ്ടിച്ചെടുക്കാന്‍ വളരെ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. സിനിമ ഗാന രചനാ രംഗത്തും മറ്റുമൊക്കെ കയറിക്കഴിഞ്ഞാല്‍ പിന്നെ മുഖ്യധാരാ ബുദ്ധിജീവിയായി സ്വീകരിച്ചു കൊണ്ടാടുന്ന ഒരു പ്രവണത കാണപ്പെടുന്നുണ്ട്. ദളിത് ക്രീമിലെയര്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്ന് പറയാന്‍ ആകില്ല. ഒരു കോമ്പ്രദോര്‍ സംസ്‌കാരം ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് എളുപ്പമായിരിക്കും.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Johny ML Writes on Dalit Intelligentsia in Kerala

ജോണി എം.എല്‍.

We use cookies to give you the best possible experience. Learn more