ആദ്യകാലത്ത് വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധ നേടി സമീപ കാലത്ത് ക്യാരക്ടര്‍ റോളുകളും ചെയ്ത് കയ്യടി നേടുന്ന താരമാണ് ജോണി കുണ്ടറ. വില്ലന്‍ വേഷത്തിലെത്തുന്ന സിനമകളില്‍ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ശരിക്കും തല്ല് കിട്ടിയിട്ടുണ്ടെന്ന് പറയുകയാണ് ജോണി കുണ്ടറ. ചില സാഹചര്യങ്ങളില്‍ തിരിച്ച് തല്ലിയിട്ടുണ്ടെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജോണി പറഞ്ഞു.
‘ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ശരിക്കും അടി കിട്ടിയിട്ടുണ്ട്. ചിലത് അബദ്ധം കൊണ്ട് പറ്റുന്നതല്ല. ജനം നോക്കിനില്‍ക്കുമ്പോള്‍ ഷോ കാണിക്കാന്‍ വേണ്ടി അടിക്കുന്നവരുണ്ട്. പേര് ഞാന്‍ പറയുന്നില്ല. സി.ബി.ഐ ഡയറി കുറിപ്പില്‍ ഞാന്‍ ഫൈറ്റ് സീന്‍ ചെയ്ത ആളുകളെ എല്ലാവര്‍ക്കും അറിയാം. പുള്ളി ആദ്യത്തെ ചവിട്ട് ചവിട്ടിയത് എനിക്ക് കൊണ്ടു. ദേഹത്ത് ഫോഴ്‌സിലാണ് ചവിട്ടുന്നത് എന്ന് ഞാന്‍ പറഞ്ഞു. അണ്ണാ സോറി എന്ന് പുള്ളി പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടിയില്ല.
രണ്ടാമത്തെ ചവിട്ട് എനിക്ക് കൊണ്ടു. രണ്ട് പ്രാവശ്യമായി, ഇത്രയും വെയ്റ്റ് വേണ്ടെന്ന് വീണ്ടും ഞാന്‍ പറഞ്ഞു. അപ്പോഴും അണ്ണാ അണ്ണാ എന്ന് പറഞ്ഞ് വന്നു. മൂന്നാമതും ഇതുപോലെ തന്നെ ചവിട്ടി. അടുത്തത് ഞാന്‍ തിരിച്ച് തല്ലുന്ന സീനാണ്. ഞാനും കേറ്റി അങ്ങ് കൊടുത്തു. പിന്നെ വന്ന അടി ഒരു ഗ്യാപ്പിട്ടായിരുന്നു.
ചിലര്‍ ആളുകളുടെ മുമ്പില്‍ വെച്ച് ഷൈന്‍ ചെയ്യും. ചാടി കയറുകയും ചാടി ചവിട്ടുകയുമൊക്കെ ചെയ്യും. സ്റ്റണ്ട് മാസ്റ്റര്‍ പറയുന്നതിലും ഒരടി കൂടുതല്‍ അടിക്കും. അതേസമയം ഫൈറ്റ് സീന്‍ ശ്രദ്ധിച്ച് ചെയ്യുന്ന ആളുകളുമുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയുമായി ഒരുപാട് ഫൈറ്റ് സീനുകള്‍ ചെയ്തിട്ടുണ്ട്. ഇന്നുവരെ ഒരു ഇടിയും അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടിട്ടില്ല,’ ജോണി പറഞ്ഞു.
ചില സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങള്‍ കണ്ടിട്ട് ജനങ്ങളില്‍ നിന്നും വൈകാരിക പ്രതികരണമുണ്ടായതിനെ പറ്റിയും ജോണി കുണ്ടറ സംസാരിച്ചു.
‘ഉപ്പുകണ്ടം ബ്രദേഴ്‌സില്‍ ഞാന്‍ ശാന്തികൃഷ്ണയെ ചിവിട്ടി രക്തം വരുന്ന രംഗമുണ്ട്. അവര്‍ ആ സിനിമയില്‍ ഗര്‍ഭിണിയായിരുന്നു. ആ സിനിമയുടെ സമയത്ത് ഞാനും ഭാര്യയും സിനിമ കണ്ടിട്ട് വരുമ്പോള്‍ ബ്ലോക്കില്‍ പെട്ട് കാറിലിരിക്കുകയാണ്. തിയേറ്ററില്‍ നിന്നും ഇറങ്ങിയവരില്‍ പ്രായമായ ഒരാള്‍ വന്നിട്ട് അടിച്ചേക്കും കേട്ടോ എന്ന് പറഞ്ഞു. എന്നെയാണോ എന്നോര്‍ത്ത് ഞാന്‍ തിരിഞ്ഞൊക്കെ നോക്കുന്നുണ്ട്. ആ പെണ്ണിനോട് എന്താ കാണിച്ചത് എന്ന് അയാള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ഭാര്യ പറഞ്ഞു, നിങ്ങളെ തന്നെയാണ് എന്ന്.
ചെങ്കോല്‍ സിനിമയില്‍ തീരെ വയ്യ, മൂത്രമൊന്നും പോകുന്നില്ല എന്നൊരു ഡയലോഗുണ്ട്. ഇതുകഴിഞ്ഞ് ഒരു ഫങ്ഷന് പോയപ്പോള്‍ ഒരു ചെറുപ്പക്കാരി അടുത്ത് വന്നിട്ട് ഇപ്പോള്‍ മൂത്രമൊക്കെ പോകുന്നുണ്ടോ എന്ന് ചോദിച്ചു. അവര്‍ കളിയാക്കാന്‍ പറയുന്നതല്ല. അത്രയും സിനിമയിലേക്ക് ഇന്‍വോള്‍വ്ഡ് ആകുന്നതുകൊണ്ട് പറയുന്നതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: johny kundara about the fight scene in cbi diary kurippu