| Monday, 4th July 2022, 2:55 pm

'നീയൊക്കെ എത്ര എടുത്താലും ഞങ്ങള്‍ തിരിച്ചടിക്കും' ഇന്ത്യയെ വെല്ലുവിളിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ ബാറ്റര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസം മത്സരം പിന്നിട്ടപ്പോള്‍ നിലവില്‍ ഇന്ത്യക്ക് 257 മികച്ച ലീഡുണ്ട്. ഇന്നത്തെ ആദ്യ രണ്ട് സെഷനിലെ ഇന്ത്യയുടെ ബാറ്റിങ് പോലെയിരിക്കും മത്സരഫലം.

2-1 എന്ന നിലയില്‍ ഇപ്പോള്‍ ഇന്ത്യയാണ് പരമ്പരയില്‍ ലീഡ് ചെയ്യുന്നത്. അതുകൊണ്ട് മത്സരം സമനിലയില്‍ കലാശിച്ചാലും ഇന്ത്യക്ക് നഷ്ടമാകാനൊന്നുമില്ല. എന്നാല്‍ ഇംഗ്ലണ്ടിന് പരമ്പര സമനില പിടിക്കാന്‍ ഈ മത്സരം വിജയിച്ചേ മതിയാവൂ.

ന്യൂസിലാന്‍ഡിനെതിരെയുള്ള അവസാനരണ്ട് ടെസ്റ്റ് മത്സരത്തില്‍ അറ്റാക്കിങ് ഗെയിം കളിച്ചാണ് ഇംഗ്ലണ്ട് മുന്നേറിയത്. ഈ രണ്ട് മത്സരത്തിലും ഇംഗ്ലണ്ട് ബാറ്റിങ്ങിനെ മുമ്പില്‍ നിന്നും നയിച്ചത് ജോണി ബോയര്‍സ്‌റ്റോയാണ്. ഇന്ത്യക്കെതിരെയും ഇതേ രീതി ഇംഗ്ലണ്ട് പിന്തുടരുമെന്നാണ് ബെയര്‍സ്‌റ്റോ പറയുന്നത്.

ഇന്ത്യ എത്ര റണ്‍ നേടിയാലും ഞങ്ങള്‍ അത് ചെയിസ് ചെയ്യുമെന്നാണ് ബെയര്‍‌സ്റ്റോ പറഞ്ഞത്. ചെയിസ് ചെയ്യാനുള്ള റണ്‍സോ, ടെസ്റ്റ് മാച്ചാണെന്നുള്ള സത്യമോ ഞങ്ങളെ ബാധിക്കുന്നില്ലെന്നും ബെയര്‍സ്‌റ്റോ പറഞ്ഞു.

‘ഇന്ത്യ എത്ര റണ്സ് സെറ്റ് ചെയ്താലും ഞങ്ങള്‍ അതിനെ മറികടക്കാന്‍ തന്നെ ശ്രമിക്കും. കണക്കുകളും അതിലെ എല്ലാ കാര്യങ്ങളും നോക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ ഒരു ടെസ്റ്റ് മത്സരമാണ് കളിക്കുന്നതെന്നും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ കളിക്കാന്‍ പോകുന്ന പിച്ചുകള്‍ നാലാം ദിവസവും അഞ്ചാം ദിവസവും ആയിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. അത് കുഴപ്പമില്ല, ഞങ്ങള്‍ ന്യൂസിലാന്‍ഡിനെ നേരിട്ട അതേ രീതിയില്‍ തന്നെ ഇന്ത്യയെ നേരിടും. ഞാന്‍ കളി മുന്നോട്ട് കൊണ്ടുപോകാന്‍ നോക്കുകയാണ്, ”ബെയര്‍‌സ്റ്റോ മത്സരത്തിന് ശേഷമുള്ള കോണ്‍ഫറന്‍സില്‍ പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിനായി ആദ്യ ഇന്നിങ്‌സില്‍ താരം സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയുടെ 416 എന്ന ഫസ്റ്റ് ഇന്നിങ്‌സ് സ്‌കോറിനെതിരെ ബെയര്‍സ്‌റ്റോയുടെ സെഞ്ച്വറിയുടെ ബലത്തില്‍ 285 റണ്‍ നേടിയിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ നിലവില്‍ 125/3 എന്ന നിലയിലാണ് ഇന്ത്യ. 50 റണ്ണുമായി ചേതേശ്വര്‍ പൂജാരയും 30 റണ്ണുമായി റിഷബ് പന്തുമാണ് ക്രീസില്‍.

Content Highlights: Johny Bairstow challenges Indian team

We use cookies to give you the best possible experience. Learn more