| Wednesday, 8th June 2022, 12:41 pm

സച്ചിന് ശേഷം ഞാന്‍ ഇത്രയും സ്‌നേഹിക്കുന്ന കളിക്കാരന്‍ വേറെയില്ല; സഞ്ജുവിനെ പുകഴ്ത്തി ജോണി ആന്റണി

സ്പോര്‍ട്സ് ഡെസ്‌ക്

മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍. ശ്രീശാന്തിന് ശേഷം ലോക ക്രിക്കറ്റില്‍ സഞ്ജുവിനെ പോലെ ഇംപാക്ട് ഉണ്ടാക്കിയ മറ്റൊരു മലയാളി താരമില്ല. മലയാളി സിനിമാക്കാരുടെ ഇടയിലും സഞ്ജുവിന് ഒരുപാട് ആരാധകരുണ്ട്.

ഇപ്പോഴിതാ സഞ്ജുവിനെ പുകഴ്ത്തികൊണ്ട് പോസ്റ്റ് ഇട്ടിരിക്കുകയാണ് പ്രശസ്ത സംവിധായകനും നടനുമായ ജോണി ആന്റണി. സച്ചിന് ശേഷം താന്‍ ഇത്രയും സ്‌നേഹിക്കുന്ന വേറെ ക്രിക്കറ്റ് കളിക്കാരന്‍ ഇല്ലെന്നാണ് ജോണി പറഞ്ഞത്.

‘സച്ചിന് ശേഷം ക്രിക്കറ്റില്‍ ഞാന്‍ ഇത്രത്തോളം സ്‌നേഹിക്കുന്ന മറ്റൊരാളില്ല.. എനിക്ക് അത്രയും പ്രിയപ്പെട്ടതാണ് സഞ്ജു സാംസണും സഞ്ജുവിന്റെ രാജസ്ഥാന്‍ ടീമും. ആ ഇഷ്ടം അറിഞ്ഞത് കൊണ്ടായിരിക്കാം സംവിധായകന്‍ ബേസില്‍ ജോസഫ് വഴി കുറച്ച് നാള്‍ മുന്‍പ് സഞ്ജുവും ഞാനും ഫോണ്‍ മുഖേന പരിചയപ്പെടുന്നത്,’ ജോണി ആന്റണി പറഞ്ഞു.

കുറച്ചുനാള്‍ മുമ്പ് സഞ്ജുവും ബേസില്‍ ജോസഫുമായുള്ള ഇന്റര്‍വ്യു വൈറലായിരുന്നു. ബേസിലിന്റെ രസകരമായ ചോദ്യങ്ങളും അതിനൊത്ത രസകരമായ മറുപടിയുമായി സഞ്ജുവും ഒന്നിച്ചപ്പോള്‍ ഇന്റര്‍വ്യു കളറായി.

കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ഒരു ഫോണ്‍ വരുന്നു ”ചേട്ടാ ചേട്ടന് ഞാന്‍ ഒരു ജേഴ്‌സി തരാന്‍ ആഗ്രഹിക്കുന്നു നമുക്ക് അടുത്തദിവസം നേരില്‍ കാണാം” എന്റെ എല്ലാ ക്രിക്കറ്റ് ഓര്‍മ്മകളും ഒരു നിമിഷം ഞാന്‍ ഒന്ന് ഓര്‍ത്തു പോയി. ഇന്നലെ സഞ്ജുവിനെ കണ്ടു അദ്ദേഹം ഒരുപാട് ഓര്‍മ്മകളും ചില തമാശകളും പങ്കു വെച്ചു…, ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയത് ഈ ചെറു പ്രായത്തില്‍ തന്നെ സഞ്ജുവിന്റെ പക്വതയാര്‍ന്ന പെരുമാറ്റവും വിനയവുമാണ്,’ ജോണി കൂട്ടിച്ചേര്‍ത്തു.

‘എന്നെപ്പോലൊരാള്‍ക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളില്‍ ഒന്നാണിത്.. ഈ അടിപൊളി ദിവസത്തിന് നന്ദി സഞ്ജു, നിങ്ങളുടെ എല്ലാ ഭാവി ലക്ഷ്യങ്ങള്‍ക്കും ആശംസകള്‍ നേരുന്നു,’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജോണി പോസ്റ്റ് അവസാനിപ്പിച്ചത്.

സഞ്ജുവിന്റെ പക്വതമായ പെരുമാറ്റം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയമായ കാര്യമായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെ വളരെ പക്വതയോടെയായിരുന്നു സഞ്ജു നയിച്ചത്. ഫൈനലില്‍ ടീം തോറ്റെങ്കിലും സഞ്ജുവിന്റെ കീഴില്‍ മികച്ച പ്രകടനമായിരുന്നു ടീം ഉടനീളം കാഴ്ചവെച്ചത്.

ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗം അല്ലെങ്കില്‍ പോലും സഞ്ജു മലയാളികളുടെ പ്രിയപ്പെട്ടവനും അഭിമാനവും തന്നെയാണ്.

Content Highlights: Johny Antonys facebook post about Sanju Samson

We use cookies to give you the best possible experience. Learn more