വിജയരാഘവനുമായുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി. താന്‍ സംവിധാനം ചെയ്തിട്ടുള്ള ഭൂരിഭാഗം സിനിമകളിലും ചെറുതും വലുതുമായ വേഷത്തില്‍ വിജയരാഘവന്‍ അഭിനയിച്ചിട്ടുണ്ടെന്ന് ജോണി ആന്റണി പറയുന്നു.
ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്ന സിനിമ ചെയ്യുമ്പോള്‍ അതില്‍ ചെട്ടിയാര്‍ എന്ന വില്ലന്‍ വേഷത്തില്‍ വിജയരാഘവന്‍ അഭിനയിച്ചിരുന്നെന്നും ഒരു വശം കോടിപ്പോയ, ഒരു കൈയ്ക്ക് സ്വാധീനമില്ലാത്ത രീതിയിലാണ് ആ വേഷം വിജയരാഘവന്‍ ചെയ്തതെന്നും അത് അദ്ദേഹത്തിന്റെ തന്റെ സജഷന്‍ ആയിരുന്നുവെന്നും ജോണി ആന്റണി പറയുന്നു.
സിനിമയുടെ ക്ലൈമാക്‌സില്‍ ചെട്ടിയാരുമായി ഒരു ഫൈറ്റ് സീന്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ കൈയ്ക്ക് സ്വാധീനമില്ലാത്ത ആള്‍ ആയതിനാല്‍ അത് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീടാണ് ഫൈറ്റ് ചെയ്യാതിരിക്കാന്‍ വിജയരാഘവന്‍ മുന്‍കൂട്ടി ചെയ്ത പ്ലാന്‍ ആയിരുന്നു ആ സ്വാധീനമില്ലായ്മ എന്ന് മനസിലായതെന്നും ജോണി ആന്റണി പറഞ്ഞു.
‘കുട്ടേട്ടന്‍ (വിജയരാഘവന്‍) ഒരു ചതി എന്നോട് ചെയ്തിട്ടുണ്ട്. സി.ഐ.ഡി മൂസ മുതലുള്ള എന്റെ എല്ലാ സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളില്‍ കുട്ടേട്ടന്‍ അഭിനയിച്ചിട്ടുണ്ട്.
ചെറിയ വേഷങ്ങള്‍ ആണെങ്കില്‍ പോലും ഞാന്‍ അതില്‍ കുട്ടേട്ടനെ വിളിച്ച് അഭിനയിപ്പിക്കും. ‘കുട്ടേട്ടാ ചെറിയ വേഷമാണ്. എന്നാലും വരണം’ എന്ന് പറഞ്ഞാല്‍ വരാമെന്ന് പറഞ്ഞ് അദ്ദേഹം അഭിനയിക്കും. അങ്ങനെ ഞാന്‍ ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്ന് പറയുന്ന ഒരു സിനിമ ചെയ്യുന്ന സമയത്ത് അതില്‍ കുട്ടേട്ടന് ഒരു വേഷം ഉണ്ടായിരുന്നു.
അപ്പിയറന്‍സൊക്കെ ശ്രദ്ധിച്ച് വളരെ കാര്യമായിട്ടായിരുന്നു അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചത്. പതിവിലും കൂടുതല്‍ ഒരു ഇന്‍വോള്‍മെന്റ്. അപ്പോഴേ ഒരു കള്ളത്തരം എനിക്ക് തോന്നിയിരുന്നു. സിനിമയില്‍ ചെട്ടിയാര്‍ എന്ന് പറയുന്ന ഒരു ക്യാരക്ടറായിട്ടാണ് അദ്ദേഹം എത്തിയത്. ഒരു സൈഡ് കോടിയിട്ടുള്ള ആളായിട്ടാണ് ചെട്ടിയാരിനെ അവതരിപ്പിച്ചത്. അങ്ങനെ ചെയ്യാമെന്നുള്ളത് അദ്ദേഹത്തിന്റെ തന്റെ സജഷന്‍ ആയിരുന്നു. സീനുകളെല്ലാം നന്നായി കണ്ടിന്യൂറ്റി കീപ് ചെയ്തിട്ടാണ് അദ്ദേഹം ചെയ്യുന്നതെല്ലാം.
കുട്ടേട്ടനാണ് ചിത്രത്തിലെ മെയിന്‍ വില്ലന്‍. അങ്ങനെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാറായി. ഒരു ഫൈറ്റിന്റെ സിറ്റുവേഷന്‍ വരുന്നു. അത് ചെയ്‌തേ പറ്റുള്ളൂ. നായകന്റെ ഈക്വല്‍ വില്ലനായിട്ട് ഓപ്പോസിറ്റ് ചെട്ടിയാര്‍ നിന്ന് അടിക്കണം. പക്ഷെ ഒരു ഭാഗം മൊത്തം കോടിപ്പോയ ആള്‍ എങ്ങനെ ഫൈറ്റ് ചെയ്യാനാണ്. നല്ല ഉഗ്രന്‍ ഫൈറ്റ് സീന്‍ എടുക്കാമെന്ന് പറഞ്ഞ് ഫൈറ്റ് മാസ്റ്റര്‍ എല്ലാം വന്നിട്ടുണ്ട്.
എന്ത് ചെയ്യുമെന്ന് ആലോചിച്ച് നിന്നപ്പോള്‍ കുട്ടേട്ടന് വന്നിട്ട് ‘ഇപ്പോള്‍ മനസിലായോ ഞാന്‍ എന്താ കൈ ഇങ്ങനെ വെച്ചതെന്ന്’ ചിരിച്ചുകൊണ്ട് പറഞ്ഞു. ചെട്ടിയാറിനെ അങ്ങനെ അവതരിപ്പിച്ചത് ഫൈറ്റ് ചെയ്യാതിരിക്കാനുള്ള കുട്ടേട്ടന്റെ നമ്പര്‍ ആയിരുന്നു (ചിരി),’ ജോണി ആന്റണി പറയുന്നു.
Content Highlight: Johny Antony talks about Vijayaraghavan