മമ്മൂക്കയുടെ ശാപമോ പ്രാക്കോ; എല്ലാ സിനിമകളിലും ഡാന്‍സ് കളിക്കേണ്ടി വരുന്നു: ജോണി ആന്റണി
Entertainment
മമ്മൂക്കയുടെ ശാപമോ പ്രാക്കോ; എല്ലാ സിനിമകളിലും ഡാന്‍സ് കളിക്കേണ്ടി വരുന്നു: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st November 2024, 5:22 pm

മലയാളികള്‍ക്കെല്ലാം ഏറെ പരിചിതനായ നടനും സംവിധായകനുമാണ് ജോണി ആന്റണി. 2003ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അതിന് മുമ്പ് സംവിധായകരായ തുളസിദാസ്, താഹ, കമല്‍, ജോസ് തോമസ് എന്നിവരുടെ അസോസിയേറ്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ജോണി ആന്റണി സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ഒരു മമ്മൂട്ടി ചിത്രമാണ് തുറുപ്പുഗുലാന്‍. സിനിമയില്‍ മമ്മൂട്ടി ഡാന്‍സ് ചെയ്യുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു. അതിനെ കുറിച്ച് പറയുകയാണ് ജോണി ആന്റണി.

അദ്ദേഹത്തെ കൊണ്ട് എന്തെങ്കിലും സ്‌പെഷ്യലായി ചെയ്യിച്ചാല്‍ ഗുണമാകുമെന്ന് കരുതിയാണ് താന്‍ ഡാന്‍സ് ചെയ്യിച്ചതെന്നും അതിന് ശേഷം തന്റെ നാല് സിനിമകളില്‍ മമ്മൂട്ടി ഡാന്‍സ് കളിച്ചെന്നും ജോണി ആന്റണി പറയുന്നു. മലയാള മനോരമ സംഘടിപ്പിച്ച ഹോര്‍ത്തൂസില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘രാജമാണിക്യമൊക്കെ ഇറങ്ങി നില്‍ക്കുന്ന സമയത്താണ് മമ്മൂക്ക എനിക്ക് ഡേറ്റ് തരുന്നത്. അതില്‍ തിരുവനന്തപുരം സ്ലാങ്ങൊക്കെ പറഞ്ഞ് നല്ല ഹിറ്റായി. പക്ഷെ എന്റെ സിനിമ തുറുപ്പുഗുലാന്‍ ആയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ കൊണ്ട് എന്തെങ്കിലും സ്‌പെഷ്യലായി ചെയ്യിച്ചാല്‍ അത് ഗുണമാകും.

മമ്മൂക്കയെ കൊണ്ട് ഡാന്‍സ് ചെയ്യിക്കാനുള്ള ധൈര്യം അന്ന് പലര്‍ക്കും ഉണ്ടായിരുന്നില്ല. മാത്രവുമല്ല, അദ്ദേഹം ഡാന്‍സിനോട് വലിയ രീതിയില്‍ സഹകരിക്കില്ല. പക്ഷെ ഞാന്‍ ഒരു തരത്തില്‍ മമ്മൂക്കയെ പറഞ്ഞ് സമ്മതിപ്പിച്ചു. മനസില്ലാ മനസോടെ ആണെങ്കിലും അദ്ദേഹം ഡാന്‍സിന് സമ്മതിച്ചു.

ഡാന്‍സ് നന്നായി വന്നപ്പോള്‍ ഇത് കുഴപ്പമില്ല അല്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഒരു കുഴപ്പവുമില്ല മമ്മൂക്കായെന്ന് ഞാനും പറഞ്ഞു. പിന്നീട് എന്റെ സിനിമകളിലൊക്കെ ആളുകള്‍ അത് പ്രതീക്ഷിക്കാന്‍ തുടങ്ങി. എന്നെ കൊണ്ടും മമ്മൂക്കയെ കൊണ്ടും പറ്റാവുന്ന രീതിയില്‍ നാല് സിനിമകളില്‍ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചു.

അവസാനമൊക്കെ ആവുമ്പോള്‍ അദ്ദേഹം ദേഷ്യപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ മമ്മൂക്കയുടെ പ്രാക്കോ ശാപമോ ആണെന്ന് തോന്നുന്നു, ഞാന്‍ അഭിനയിക്കുന്ന പടങ്ങളിലൊക്കെ ആളുകള്‍ എന്നെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കുന്നുണ്ട്,’ ജോണി ആന്റണി പറയുന്നു.

Content Highlight: Johny Antony Talks About Mammootty’s Dance