തുളസീദാസ്, ജോസ് തോമസ്, നിസാര്‍, താഹ, കമല്‍ എന്നിവരുടെ അസിസ്റ്റന്റ് ആയി സിനിമ ജീവിതം ആരംഭിച്ച ആളാണ് ജോണി ആന്റണി. 2003 ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. തുടര്‍ന്ന് ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. സംവിധാനത്തില്‍ നിന്ന് ഇടവേളയെടുത്ത് ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ് ജോണി ആന്റണി.
ആദ്യമായി അഭിനയിച്ച ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന സമയത്ത് ഇടക്ക് ചിലപ്പോള്‍ ചില സീനുകളില്‍ അഭിനയിക്കേണ്ടി വരാറുണ്ടെന്നും അങ്ങനെ താന്‍ ആദ്യമായി അഭിനയിച്ച ചിത്രം മുകേഷ് നായകനായ മലപ്പുറം ഹാജി മഹാനായ ജോജി ആണെന്ന് അദ്ദേഹം പറയുന്നു.
ആ ചിത്രത്തില്‍ ഒരു ചുമട്ട് തൊഴിലാളിയായാണ് അഭിനയിച്ചതെന്നും അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോഴെല്ലാം അഭിനയം മുന്നോട്ട് കൊണ്ടുപോകുമെന്ന് കരുതിയില്ലെന്നും ജോണി ആന്റണി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മള്‍ ഈ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരിക്കുന്ന സമയത്തും അസ്സോസിയേറ്റ് ഡയറക്ടര്‍ ആയിരിക്കുന്ന സമയത്തുമെല്ലാം പെട്ടെന്ന് ഒരു സീനിലേക്ക് മാറുമ്പോഴും പുതിയതായിട്ട് വെച്ചൊരാള്‍ അഭിനയിച്ചത് ശരിയായില്ലെങ്കിലും സമയം പോയാലുമെല്ലാം പെട്ടെന്ന് സംവിധായകര്‍ പറയും എന്നാല്‍ പിന്നെ ജോണി അത് ചെയ്യെന്ന്. എന്നോട് മാത്രമല്ല മറ്റുള്ള അസിസ്റ്റന്റ് ഡയറക്ടര്‍മാരോടൊക്കെ ഇങ്ങനെ പറയും.
ഞാന്‍ ആദ്യമായി സിനിമയില്‍ അങ്ങനെ അഭിനയിച്ചത് മലപ്പുറം ഹാജി മഹാനായ ജോജി എന്ന മുകേഷേട്ടന്റെ ചിത്രത്തിലാണ്. ഒരു ചുമട്ട് തൊഴിലാളി ആയിട്ട് ഒരു ഷോട്ടിലാണ് ഞാന്‍ അഭിനയിച്ചത്. പിന്നീട് ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയില്‍ മലയാളി കൂട്ടുകാര്‍ വേണമായിരുന്നു. അപ്പോള്‍ അതിന്റെ സംവിധായകനായ ജോസ് തോമസ് എവിടെ സുധീഷിന്റെ കൂട്ടുകാരനെവിടെ എന്ന് ചോദിച്ചപ്പോള്‍ ഓ ഉണ്ടല്ലോയെന്ന് പ്രൊഡ്യൂസര്‍ മറുപടി കൊടുത്തു.
ആരാ ഉള്ളതെന്നാ, ഞാനും റൈറ്റര്‍ ഉദയകൃഷ്ണയും. അങ്ങനെ ഞങ്ങള്‍ അതില്‍ അഭിനയിച്ചു. പറക്കും തളികയില്‍ നാടോടിയായിട്ടും കുഞ്ഞിക്കൂനനില്‍ ഫോണ്‍ ചെയ്യുന്ന ആളായിട്ടുമെല്ലാം ഞാന്‍ വേഷമിട്ടിരുന്നു. അപ്പോഴൊന്നും അഭിനയം അങ്ങോട്ട് കൊണ്ടുപോകാമെന്ന് ഞാന്‍ ആലോചിച്ചിട്ടേ ഇല്ലായിരുന്നു,’ ജോണി ആന്റണി പറയുന്നു.
Content Highlight: Johny Antony Talks About His First Movie