സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു: ജോണി ആന്റണി
Entertainment
സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th November 2024, 8:46 am

മലയാളികള്‍ക്കെല്ലാം ഏറെ പരിചിതനായ നടനും സംവിധായകനുമാണ് ജോണി ആന്റണി. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം വലിയൊരു ഫാന്‍ ബേസ് തന്നെയുണ്ട്. സംവിധായകരായ തുളസിദാസ്, താഹ, കമല്‍, ജോസ് തോമസ് എന്നിവരുടെ അസോസിയേറ്റായാണ് ജോണി ആന്റണി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 2003 ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ. മലയാളത്തിലെ എക്കാലത്തെയും മികച്ച എന്റെര്‍റ്റൈനെര്‍ സിനിമകളില്‍ മുന്‍പന്തിയില്‍ തന്നെയാണ് സി.ഐ.ഡി മൂസയുടെ സ്ഥാനം. ദിലീപ് നായകനായി ഉദയകൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സുകുമാരി, ജഗതി, ഹരിശ്രീ അശോകന്‍, ഭാവന, വിജയരാഘവന്‍ തുടങ്ങി ഒരുപിടി മികച്ച അഭിനേതാക്കള്‍ അണിനിരന്നിട്ടുണ്ട്.

സി.ഐ.ഡി മൂസയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജോണി ആന്റണി. മലയാളത്തിലെ എല്ലാ ലെജന്റ്സും ഒന്നിച്ച ചിത്രമാണ് ഇതെന്നും കോമഡിക്ക് വേണ്ട സന്ദര്‍ഭങ്ങള്‍ അഭിനേതാക്കള്‍ക്കിടയില്‍ തന്നെ ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. ചില സീനുകളില്‍ സ്‌ക്രിപ്റ്റില്‍ ഇല്ലാത്തതും ചേര്‍ത്തിട്ടുണ്ടെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളത്തിലെ എല്ലാ ലെജന്റ്സും ഒന്നിച്ചഭിനയിച്ച ചിത്രമാണ് സി.ഐ.ഡി മൂസ. ആ സിനിമയിലെ എല്ലാ സീനും കോമഡികളായിരുന്നു. ആര് ചെയ്താലും അത് കോമഡിയായി മാറും. സി.ഐ.ഡി മൂസയില്‍ സത്യത്തില്‍ കോമഡിക്ക് വേണ്ടത് അവര്‍ക്കിടയില്‍ തന്നെയുണ്ട്. അതിനുള്ള സിറ്റുവേഷന്‍ ഓള്‍റെഡി അതില്‍ ഉണ്ട്.

ആ ചിത്രത്തിലെ ഇച്ചിരി വട്ടുള്ള അമ്മാവന്റെ ഡിക്റ്റക്റ്റീവ് കേന്ദ്രത്തിലേക്ക് ചെല്ലുന്നു. ‘ഈ ഗ്ലാസൊക്കെ മിഷ്യന്‍ തന്നെ കഴുകിവെക്കുമോ, ഇല്ല നിങ്ങള്‍ പോയിട്ട് അത് തുറന്ന് ഞാന്‍ തന്നെ കഴുകി വെക്കും’ എന്ന ഡയലോഗെല്ലാം ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായതാണ്. അതൊന്നും സ്‌ക്രിപ്റ്റില്‍ ഉള്ളതല്ല.

‘ഈ കാര്‍ ജെയിംസ് ബോണ്ടിന് പോലും ഇല്ല, കാരണം ഇത് എന്റെ കയ്യില്‍ ഇരിക്കുകയല്ലേ’ എന്ന ഡയലോഗെല്ലാം സ്‌ക്രിപ്റ്റില്‍ ഉള്ളതാണ്’. അങ്ങനെ ഒരു ടീം ഉണ്ടെങ്കില്‍ നമുക്ക് ഒരുപാട് ഇമ്പ്രോവൈസ് ചെയ്യാന്‍ കഴിയും,’ ജോണി ആന്റണി പറയുന്നു.

Content Highlight: Johny Antony Talks About CID Moosa Movie