മലയാളികള്‍ക്കെല്ലാം ഏറെ പരിചിതനായ നടനും സംവിധായകനുമാണ് ജോണി ആന്റണി. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം വലിയൊരു ഫാന്‍ ബേസ് തന്നെയുണ്ട്. സംവിധായകരായ തുളസിദാസ്, താഹ, കമല്‍, ജോസ് തോമസ് എന്നിവരുടെ അസോസിയേറ്റായാണ് ജോണി ആന്റണി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.
ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 2003 ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ. മലയാളത്തിലെ എക്കാലത്തെയും മികച്ച എന്റെര്‍റ്റൈനെര്‍ സിനിമകളില്‍ മുന്‍പന്തിയില്‍ തന്നെയാണ് സി.ഐ.ഡി മൂസയുടെ സ്ഥാനം. ദിലീപ് നായകനായി ഉദയകൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സുകുമാരി, ജഗതി, ഹരിശ്രീ അശോകന്‍, ഭാവന, വിജയരാഘവന്‍ തുടങ്ങി ഒരുപിടി മികച്ച അഭിനേതാക്കള്‍ അണിനിരന്നിട്ടുണ്ട്.
സി.ഐ.ഡി. മൂസ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. ചിത്രത്തിലേക്ക് തന്നെ അട്രാക്ട് ചെയ്തത് സബ്ജക്ടാണെന്നും ആദ്യ സിനിമ എന്ന രീതിയില്‍ എന്ത് ധൈര്യത്തിലാണ് ഇത് ചെയ്യുന്നതെന്ന് വലിയ സംവിധായകര്‍ ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ ഭീരുത്വം കാണിച്ചാല്‍ ജീവിതത്തില്‍ ഒരിക്കലും താന്‍ സ്വതന്ത്ര സംവിധായകനായി മാറില്ല എന്ന തോന്നലില്‍ നിന്നാണ് സിനിമ ഉണ്ടാകുന്നതെന്നും പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നാണ് അപ്പോള്‍ കരുതിയതെന്നും ജോണി ആന്റണി പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സബ്ജക്ട് തന്നെയാണ് എന്നെ ഈ സിനിമയിലേക്ക് അട്രാക്ട് ചെയ്തത്. ആദ്യ സിനിമ എന്ന രീതിയില്‍ നിങ്ങള്‍ എന്ത് ധൈര്യത്തിലാണ് ഇത് ചെയ്യുന്നതെന്ന് ഒന്ന് രണ്ട് വലിയ സംവിധായകര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞത്, ഇപ്പോള്‍ ഞാന്‍ ഭീരുത്വം കാണിച്ചാല്‍ പിന്നെ ജീവിതത്തില്‍ ഞാന്‍ ഇന്‍ഡിപെന്‍ഡന്റ് സംവിധായകനാകില്ല.
എനിക്ക് ഒന്നും നോക്കാനില്ല. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ചിന്ത മാത്രമായിരുന്നു. ആ ചിത്രത്തില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളെല്ലാം നല്ല സപ്പോര്‍ട്ട് ആയിരുന്നു. അണിയറപ്രവര്‍ത്തകരും. അത്രയും കാലത്തെ എന്റെ കഷ്ടപ്പാടിന് പ്രകൃതിപോലും കൂടെ നിന്ന ചിത്രമാണ് സി.ഐ.ഡി. മൂസ,’ ജോണി ആന്റണി പറയുന്നു.
Content Highlight: Johny Antony Talks About CID Moosa Movie