| Tuesday, 19th March 2024, 6:10 pm

ഫഹദ് ഫാസില്‍ വിക്രത്തിന്റെ ഷൂട്ടിന് പോയ സമയത്താണ് ബേസില്‍ ആ സിനിമയില്‍ കയറിപ്പറ്റിയത്: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തനാണ് തന്നെ ആദ്യം പാല്‍തു ജാന്‍വറിലേക്ക് വിളിച്ചതെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. ഭാവന സ്റ്റുഡിയോസാണ് സിനിമ നിര്‍മിക്കുന്നതെന്ന് അറിഞ്ഞതും താന്‍ സിനിമയുടെ കഥ പോലും കേട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇത്തവണ ഫഹദ് ഫാസില്‍ ഇല്ലേയെന്ന് താന്‍ ചോദിച്ചിരുന്നെന്നും ഫഹദിന് പകരം തന്നെ അഭിനയിപ്പിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ വരാമെന്ന് പറയുകയായിരുന്നെന്നും താരം പറഞ്ഞു. മൂവിമാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്. എന്നാല്‍ ഇതിന് അഭിമുഖത്തില്‍ ഒപ്പം ഉണ്ടായിരുന്ന ജോണി ആന്റണി നല്‍കിയ മറുപടിയാണ് വൈറലായത്.

‘സിനിമയിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് ദിലീഷേട്ടനാണ്. ഭാവന സ്റ്റുഡിയോസ് എന്ന് കേട്ടതും ഞാന്‍ സിനിമയുടെ കഥ പോലും കേട്ടില്ല. ഇത്തവണ ഫഹദ് ഫാസില്‍ ഇല്ലേയെന്ന് ഞാന്‍ ചോദിച്ചിരുന്നു. ഇത്തവണ ഇല്ലെന്ന് അവര്‍ മറുപടിയും പറഞ്ഞു.

അതിന് പകരം എന്നെയാണ് അഭിനയിപ്പിക്കുന്നത് എന്നറിഞ്ഞപ്പോള്‍, ശരി എന്നാല്‍ വരാമെന്ന് ഞാന്‍ പറഞ്ഞു. പിന്നെയാണ് സംഗീത് വന്ന് കഥ പറയുന്നത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഓക്കേയായി. പക്ഷേ കഥ കേള്‍ക്കുന്നതിന് മുമ്പ് ഞാന്‍ ഈ സിനിമ കമ്മിറ്റ് ചെയ്തിരുന്നു,’ ബേസില്‍ ജോസഫ് പറഞ്ഞു.

അഭിമുഖത്തില്‍ ബേസിലിനൊപ്പം ജോണി ആന്റണിയും ഉണ്ടായിരുന്നു. ഫഹദ് ഫാസില്‍ വിക്രം സിനിമയുടെ ഷൂട്ടിങ്ങിന് പോയ സമയത്ത് ബേസില്‍ പാല്‍തു ജാന്‍വറില്‍ കയറിപ്പറ്റുകയായിരുന്നു എന്നാണ് ബേസില്‍ ജോസഫിന്റെ മറുപടി കേട്ട് ജോണി ആന്റണി പറഞ്ഞത്.

‘ഫഹദ് ഫാസില്‍ അന്ന് വിക്രത്തിന്റെ ഷൂട്ടിന് പോയ സമയമായിരുന്നു അത്. തിരിച്ചു വന്നപ്പോള്‍ പാല്‍തു ജാന്‍വര്‍ കയ്യില്‍ നിന്ന് പോയിരിക്കുന്നു. വിക്രത്തിന്റെ തിരക്കില്‍ ഫഹദ് ഇതറിഞ്ഞില്ല. അതാണ് സത്യം. ബേസില്‍ സിനിമയില്‍ കയറിപ്പറ്റിയതാണ്,’ ജോണി ആന്റണി പറഞ്ഞു.

നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പാല്‍തു ജാന്‍വര്‍. ബേസില്‍ ജോസഫായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പാല്‍തു ജാന്‍വര്‍ നിര്‍മിച്ചത്. ബേസില്‍ ജോസഫിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Johny Antony Talks About Basil Joseph

We use cookies to give you the best possible experience. Learn more