അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ജോണി ആന്റണി. 2003ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസയിലൂടെയാണ് ജോണി ആന്റണി സ്വതന്ത്രസംവിധായകനായത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ജോണി ആന്റണി ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ കുറച്ച് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജോണി ആന്റണി മോഹന്‍ലാല്‍ ചിത്രമായ ഡ്രാമയിലൂടെയാണ് അഭിനയത്തില്‍ സജീവമായത്.
സംവിധാനത്തെക്കാള്‍ അഭിനയമാണ് താന്‍ എന്‍ജോയ് ചെയ്യുന്നതെന്ന് പറയുകയാണ് ജോണി ആന്റണി. 13 വര്‍ഷത്തിനിടയില്‍ താന്‍ വെറും 10 സിനിമ മാത്രമേ സംവിധാനം ചെയ്തുള്ളൂവെന്നും 20 വര്‍ഷം വരെ സംവിധാനരംഗത്ത് നിന്നിരുന്നെങ്കില്‍ അത് ചിലപ്പോള്‍ 15 എണ്ണം വരെയേ പോകുമായിരുന്നുള്ളൂവെന്നും ജോണി ആന്റണി പറഞ്ഞു. എന്നാല്‍ അഭിനയിക്കാന്‍ തുടങ്ങിയതിന് ശേഷം ഇതിനോടകം 150നടുത്ത് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും മലയാളത്തിലെ ഒരുവിധം എല്ലാ നടന്മാരോടൊപ്പവും അഭിനയിച്ചിട്ടുണ്ടെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍ എന്നീ നടന്മാരുടെ കൂടെ അഭിനയിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും ജോണി ആന്റണി പറഞ്ഞു. അഭിനയത്തിലേക്ക് ഇറങ്ങിയപ്പോള്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകളുമായി ഇടപഴകാന്‍ കഴിഞ്ഞെന്നും സംവിധായകനായി നിന്നപ്പോള്‍ അതിന് സാധിച്ചില്ലെന്നും ജോണി ആന്റണി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
‘സംവിധാനത്തിനെക്കാള്‍ എന്‍ജോയ് ചെയ്യുന്നത് അഭിനയമാണ്. എന്റെ ആദ്യത്തെ സിനിമ ഇറങ്ങുന്നത് 2003ലാണ്. പിന്നീട് 13 വര്‍ഷം കൊണ്ട് വെറും 10 സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. സംവിധായകനായി ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷം നിന്നിരുന്നെങ്കില്‍ 15 അല്ലെങ്കില്‍ 20 സിനിമ മാത്രമേ ചെയ്യാന്‍ പറ്റുളളൂ. ഇപ്പോള്‍ അഭിനയത്തിലേക്ക് ഇറങ്ങിയ ശേഷം ഇതുവരെ 150നടുത്ത് സിനിമകള്‍ ചെയ്യാന്‍ പറ്റി.
മലയാളത്തിലെ ഒരുവിധം എല്ലാ ആര്‍ട്ടിസ്റ്റുകളുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഒന്നുരണ്ട് നടന്മാരുടെ കൂടെ ഇതുവരെ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്ന് ശ്രീനി ചേട്ടനും പിന്നൊരാള്‍ ബാലചന്ദ്രമേനോനുമാണ്. പിന്നെ സംവിധായകനായി നിന്ന സമയത്ത് അധികം ആളുകളുമായി മിംഗിള്‍ ചെയ്യാന്‍ പറ്റില്ല. പക്ഷേ ഇപ്പോള്‍ ഓരോ പുതിയ സെറ്റില്‍ ചെല്ലുമ്പോഴും പുതിയ ആള്‍ക്കാരെ പരിചയപ്പെടാന്‍ കഴിയുന്നുണ്ട്,’ ജോണി ആന്റണി പറഞ്ഞു.
Content Highlight: Johny Antony says that he wish to act with Sreenivasan and Balachandra Menon