മലയാളികള്‍ക്കെല്ലാം ഏറെ പരിചിതനായ നടനും സംവിധായകനുമാണ് ജോണി ആന്റണി. 2003ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അതിന് മുമ്പ് സംവിധായകരായ തുളസിദാസ്, താഹ, കമല്‍, ജോസ് തോമസ് എന്നിവരുടെ അസോസിയേറ്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
മമ്മൂട്ടിയെ നായകനാക്കിയും ജോണി ആന്റണി സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. തുറുപ്പുഗുലാന്‍, താപ്പാന, തോപ്പില്‍ ജോപ്പന്‍ എന്നീ സിനിമകളൊക്കെ ജോണി ആന്റണി – മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തിയ സിനിമകളാണ്. അവയൊക്കെ കോമഡി ഴോണറില്‍ എത്തിയ സിനിമകളുമാണ്.
മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും അതിന് കാരണം തങ്ങള്‍ ഒരുമിച്ച് ചെയ്ത സിനിമകളാണെന്നും പറയുകയാണ് ജോണി ആന്റണി. തന്റെ സിനിമകളെല്ലാം തന്നെ വളരെ ആസ്വദിച്ചിട്ടാണ് മമ്മൂട്ടി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
‘മമ്മൂക്കയുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. അതിന് കാരണം ഞങ്ങള്‍ ഒരുമിച്ച് ചെയ്ത പടങ്ങള്‍ തന്നെയാണ്. മമ്മൂക്കയെ വെച്ച് ഹ്യൂമര്‍ പടങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. നമ്മള്‍ അത്രയും ബഹുമാനത്തോടെ കണ്ട ഒരാളെ നായകനാക്കി സിനിമ ചെയ്യുകയെന്നത് വലിയ ഭാഗ്യം തന്നെയാണ്.
പിന്നെ തമാശ നിറഞ്ഞ സിനിമകളാണ് എനിക്ക് അദ്ദേഹത്തിന് വേണ്ടി ചെയ്യാന്‍ സാധിച്ചത്. അത് മമ്മൂക്ക ആസ്വദിച്ചിട്ടുമുണ്ട്. എന്റെ സിനിമകളെല്ലാം തന്നെ വളരെ ആസ്വദിച്ചിട്ടാണ് മമ്മൂക്ക ചെയ്തിരിക്കുന്നത്. ഇനി അങ്ങനെ ഒരു സിനിമ ചെയ്യേണ്ടി വന്നാല്‍ അദ്ദേഹത്തെ വെച്ച് തന്നെ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം,’ ജോണി ആന്റണി പറയുന്നു.
താന്‍ ഒരുപാട് കോമഡി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ചെറിയ കാര്യങ്ങള്‍ വന്നാല്‍ പോലും അതിനെ വലുതായിട്ട് മാത്രമേ കാണാറുള്ളൂവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ഒരു സിനിമ ചെയ്യുമ്പോള്‍ അടുത്ത ദിവസം എടുക്കേണ്ട സീനിനെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷനടിക്കുമെന്നും താന്‍ കുറച്ചെങ്കിലും റിലാക്‌സ്ഡായി ചെയ്ത സിനിമകള്‍ മമ്മൂട്ടി സിനിമകളാണെന്നെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഒരുപാട് കോമഡി പടങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ചെറിയ കാര്യങ്ങള്‍ വന്നാല്‍ പോലും അതിനെ വലുതായിട്ട് കാണാന്‍ മാത്രമേ എനിക്ക് പറ്റുകയുള്ളൂ. എല്ലാ കാര്യങ്ങളെയും വളരെ ഈസിയായി കാണാന്‍ പറ്റില്ല. അതുകൊണ്ട് വളരെ റിലാക്‌സ് ചെയ്യാന്‍ പറ്റുന്ന സെറ്റുകളില്‍ പോകുമ്പോള്‍ എനിക്ക് ശരിക്കും അത്ഭുതമാണ്. എങ്ങനെ ആളുകള്‍ ഇത്ര റിലാക്‌സ്ഡായി ആ സിനിമ ചെയ്യുന്നുവെന്ന് ചിന്തിക്കും.
ഒരു സിനിമ ചെയ്യുമ്പോള്‍ നാളെ എടുക്കേണ്ട സീനിനെ കുറിച്ച് ഓര്‍ത്തിട്ട് ഇന്നിരുന്ന് ടെന്‍ഷനടിക്കുന്ന ആളാണ്. സത്യത്തില്‍ അതിന്റെ ആവശ്യം എനിക്കില്ല. ഞാന്‍ കുറച്ചെങ്കിലും റിലാക്‌സ്ഡായി ചെയ്ത സിനിമകള്‍ മമ്മൂട്ടി സിനിമകളാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,’ ജോണി ആന്റണി പറയുന്നു.
Content Highlight: Johny Antony Says Mammootty Enjoyed His Movie