| Monday, 25th November 2024, 12:07 pm

വിനീതിന്റെ ആ പടം മലയാളത്തിലെ ആദ്യ ന്യൂജനറേഷന്‍ സിനിമയാണെന്ന് ഡെന്നീസ് ജോസഫ് പറഞ്ഞു: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജെയിംസ് ആല്‍ബര്‍ട്ട് എഴുതി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു സൈക്കിള്‍. 2008ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ഭാമ, സന്ധ്യ, വിനു മോഹന്‍, ജഗതി ശ്രീകുമാര്‍ എന്നിവരാണ് അഭിനയിച്ചത്.

സി.ഐ.ഡി മൂസ, കൊച്ചിരാജാവ്, തുറുപ്പുഗുലാന്‍, ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്നീ നാല് സിനിമകള്‍ കഴിഞ്ഞു നില്‍ക്കുന്ന സമയത്ത് പുതിയ ആളുകളെ വെച്ച് പടം ചെയ്യണമെന്ന് തോന്നിയാണ് സൈക്കിള്‍ എന്ന സിനിമയുണ്ടായതെന്ന് പറയുകയാണ് സംവിധായകന്‍ ജോണി ആന്റണി.

‘സി.ഐ.ഡി മൂസ, കൊച്ചിരാജാവ്, തുറുപ്പുഗുലാന്‍, ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്നീ നാല് സിനിമകള്‍ കഴിഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു അത്. പുതിയ ആളുകളെ വെച്ച് പടം ചെയ്യണമെന്ന് എനിക്ക് തോന്നി.

മമ്മൂക്കയെയും ദിലീപിനെയും വെച്ച് സിനിമകള്‍ ചെയ്ത് നില്‍ക്കുന്ന സമയമാണ്. ഇനി പുതിയ പിള്ളേരെ വെച്ച് യൂത്തിന്റെ സിനിമ ചെയ്യണമെന്ന് തോന്നുകയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ജെയിംസ് (ജെയിംസ് ആല്‍ബര്‍ട്ട്) ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞു നില്‍ക്കുമ്പോള്‍ എന്നോട് ഒരു കണ്ടന്റിനെ കുറിച്ച് പറയുന്നത്.

ലൈഫ് സൈക്കിള്‍, അതായത് ഒരാളുടെ പറ്റിച്ച പൈസ തിരിച്ച് അയാളില്‍ തന്നെ വന്നുചേരുന്ന കഥയായിരുന്നു പറഞ്ഞത്. രണ്ട് യുവാക്കളെ വെച്ചിട്ടുള്ള ഒരു സ്‌ക്രിപ്പ്റ്റായിരുന്നു ഉദ്ദേശിച്ചത്. അങ്ങനെയാണ് വിനീത് ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുന്നത്. വിനു മോഹന്‍ ആയിരുന്നു അവന്റെ കൂടെ അഭിനയിച്ചത്.

ഞാന്‍ വളരെ എന്‍ജോയ് ചെയ്ത് എടുത്ത സിനിമയായിരുന്നു. അതേസമയം വളരെ എഫേര്‍ട്ട് എടുക്കേണ്ടി വന്നിരുന്നു. സിനിമയില്‍ നൈറ്റ് ഷൂട്ട് കൂടുതലായിരുന്നു. ന്യൂ ഇയര്‍ രാത്രിയില്‍ നടക്കുന്ന കാര്യങ്ങളായിരുന്നല്ലോ ഈ സിനിമയില്‍ കൂടുതലും ഉണ്ടായിരുന്നത്.

അന്നത്തെ കാലത്ത് ഒരുപാട് സമയവും അത്യാവശ്യം ന്യായമായ ബജറ്റും കഷ്ടപാടും ആവശ്യമായ സിനിമയായിരുന്നു അത്. എന്നാല്‍ സിനിമ പുറത്ത് വന്ന സമയത്ത് സ്‌ക്രിപ്റ്റ് റൈറ്ററായ ഡെന്നീസ് ജോസഫ് പറയാറുള്ളത് ഈ സിനിമ മലയാളത്തിലെ ആദ്യ ന്യൂജനറേഷന്‍ സിനിമയാണ് എന്നാണ്,’ ജോണി ആന്റണി പറഞ്ഞു.


Content Highlight: Johny Antony said that Dennis Joseph had said that Vineeth Sreenivasan’s Cycle was the first new generation film in Malayalam

We use cookies to give you the best possible experience. Learn more