| Sunday, 28th August 2022, 6:50 pm

ഞെട്ടിക്കുന്ന പെര്‍ഫോമെന്‍സായിരുന്നു ആ നായയുടേത്, ഒറ്റ ടേക്കില്‍ ഓക്കേയാക്കുമവന്‍: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫിനെ പ്രധാന കഥാപാത്രമാക്കി സംഗീത് പി. രാജന്‍ സംവിധാനം ചെയ്യുന്ന പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തുകയാണ്. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ആയൊരു ഗ്രാമത്തിലേക്ക് എത്തുന്ന പ്രസൂല്‍ എന്ന ചെറുപ്പക്കാരനായാണ് ബേസില്‍ ജോസഫ് സിനിമയില്‍ എത്തുന്നത്. മൃഗങ്ങളടങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറും, പാട്ടും ഏറെ ജനശ്രദ്ധ നേടിയിരുന്നു. നടനും സംവിധായകനുമായ ജോണി ആന്റണി സിനിമയില്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്.

തന്റെ ആദ്യകാല സിനിമയായ സി. ഐ. ഡി. മൂസയിലെ നായയായ അര്‍ജുന്റെ ആര്‍ട്ടിസ്റ്റുകളെ പോലും ഞെട്ടിച്ച അഭിനയം ഓര്‍ത്തെടുക്കുകയാണ് സിനിമയുടെ സംവിധായകനായിരുന്ന ജോണി ആന്റണി. പാല്‍തു ജാന്‍വറിന്റെ പ്രൊമോഷന്റെ ഭാഗമായി ഡൂള്‍ന്യൂസിലെ മായാ ഗിരീഷ് നടത്തിയ അഭിമുഖത്തിലാണ് ജോണി ആന്റണി സംഭവം ഓര്‍ത്തെടുത്തത്.

‘ഞാന്‍ സി. ഐ. ഡി മൂസ ചെയ്യുന്ന സമയത്ത് അര്‍ജുന്‍ എന്ന് പറയുന്ന നായയായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്, ട്രെയിന്‍ഡ് നായ ആണ്. ചിലപ്പോള്‍ ആദ്യ ടേക്കില്‍ തന്നെ അവന്‍ ഷോട്ട് ഓകെ ആക്കുമായിരുന്നു. സിനിമയില്‍ ഒരു കാര്യം കാണിക്കാന്‍ വേണ്ടി ദിലീപിന്റെ ഷര്‍ട്ട് കടിച്ചു പിടിച്ചു കൊണ്ട് പോകുന്നുണ്ട്, അതൊക്കെ ഒറ്റ ടേക്ക് ആണ്. ചിലത് റീടേക്ക് എടുക്കും. എന്നാലും മെച്ചപ്പെട്ട നായ ആയിരുന്നു അവന്‍. ഒരുപാട് ട്രെയിന്‍ഡ് ആയിരുന്നു. ഒരു പരിധിവരെ ആര്‍ട്ടിസ്റ്റുകളെ പോലും അമ്പരപ്പിക്കുന്ന പെര്‍ഫോമെന്‍സ് ആണ് അര്‍ജുന്‍ കാഴ്ചവെച്ചത്’, ജോണി ആന്‍റണി പറഞ്ഞു

‘പാല്‍തു ജാന്‍വറില്‍ പക്ഷെ പശുവാണ്. പശു അങ്ങനെ നായ ചെയ്യുന്നത് പോലെ വാലാട്ടുകയോ ഒന്നും ചെയ്യില്ല. പശു ആകെ ചെയ്യുന്നത് യജമാനന്‍ തീറ്റയുമായി വരുമ്പോള്‍ കരയാറാണ്. പക്ഷെ പശു അവളുടെ ഇഷ്ട്ടത്തിനാണ് സിനിമയില്‍ അഭിനയിച്ചത്. നമ്മളുടെ ഒരാളായിട്ടു തന്നെയാണ് അതിനെ കണ്ടത്. പശുവിന്റെ സൗകര്യത്തിനനുസരിച്ചാണ് ഷൂട്ട് ചെയ്തതും’, ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രമാണിത്. കോമഡി ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫിനോടൊപ്പം ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Johny Antony remembers the acting of Arjun, the dog in CID Moosa

We use cookies to give you the best possible experience. Learn more