| Monday, 29th August 2022, 9:35 am

ഫഹദ് വിക്രത്തിന് പോയ ഗ്യാപ്പില്‍ ബേസില്‍ കേറി പറ്റിയതാ, പുള്ളി തിരിച്ചുവന്നപ്പോള്‍ പാല്‍തു ജാന്‍വര്‍ കഴിയുകയും ചെയ്തു: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുമ്പളങ്ങി നൈറ്റ്‌സ്, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന പുതിയ ചിത്രമാണ് പാല്‍തു ജാന്‍വര്‍. ബേസില്‍ ജോസഫ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സംഗീത് പി. രാജന്‍ ആണ്.

ഭാവന സ്റ്റുഡിയോസിന്റെ ചിത്രമാണെന്ന് കേട്ടപ്പോഴേ ഫഹദ് ഫാസില്‍ ഇല്ലേയെന്നാണ് താന്‍ ചോദിച്ചതെന്ന് ബേസില്‍ പറയുന്നു. കഥ കേള്‍ക്കുന്നതിന് മുമ്പേ താന്‍ യെസ് പറഞ്ഞ ചിത്രമാണ് പാല്‍തു ജാന്‍വറെന്ന് ചിത്രത്തിന്റെ പ്രൊമോഷന്‍ പ്രസ് മീറ്റില്‍ ബേസില്‍ പറഞ്ഞു.

‘പാല്‍തു ജാന്‍വറിനായി ആദ്യം എന്നെ വിളിച്ചത് ദിലീഷേട്ടനാണ്. ഭാവന സ്റ്റുഡിയോസ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കഥ പോലും കേട്ടില്ല. പിന്നെന്താ അഭിനയിക്കാം എന്ന് പറഞ്ഞു. ഇത്തവണ ഫഹദ് ഫാസിലില്ലേ എന്ന് ചോദിച്ചു, ഇത്തവണ ഇല്ലെന്ന് പറഞ്ഞു. ഓക്കെ എങ്കില്‍ വരാമെന്ന് പറഞ്ഞു. പിന്നെ സംഗീത് വന്ന് കഥ പറഞ്ഞു. സ്‌ക്രിപ്റ്റ് വായിച്ചു, ഓക്കെ പറഞ്ഞു. സത്യം പറഞ്ഞാല്‍ കഥ കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ ഓക്കെ പറഞ്ഞിരുന്നു,’ ബേസില്‍ പറഞ്ഞു.

ഫഹദ് ഫാസില്‍ വിക്രത്തിന് പോയ സമയത്ത് ബേസില്‍ കേറിക്കൂടിയതാണെന്നാണ് കണ്ണിറുക്കി കൊണ്ട് ജോണി ആന്റണി പറഞ്ഞത്. തിരിച്ചുവന്നപ്പോള്‍ പാല്‍തു ജാന്‍വര്‍ കഴിയുകയും ചെയ്തു. വിക്രത്തിന്റെ തിരക്കില്‍ ഫഹദ് ഫാസില്‍ ഇതറിഞ്ഞില്ല. അതാണ് സത്യം. ബേസില്‍ കേറി പറ്റിയതാ, ജോണി ആന്റണി പറഞ്ഞു.

ഓണത്തിന് വരുന്ന വമ്പന്‍ ചിത്രങ്ങളോടൊപ്പം പാല്‍തു ജാന്‍വര്‍ ഇറങ്ങുന്നതില്‍ ടെന്‍ഷന്‍ ഉണ്ടെന്നും ബേസില്‍ പറഞ്ഞു. ‘സിനിമ ഇറങ്ങുമ്പോള്‍ എന്നെക്കാളും ടെന്‍ഷന്‍ പ്രൊഡ്യൂസര്‍മാര്‍ക്കാണ്. ചെറുപ്പത്തില്‍ അഭിനേതാവാകണമെന്നൊന്നും ആഗ്രഹിച്ചിട്ടില്ല. നായകനായി സിനിമയില്‍ വരുമെന്നൊന്നും വിചാരിച്ചിട്ടില്ലായിരുന്നു. അഭിനയിക്കുമെന്ന് തന്നെ വിചാരിച്ചതല്ല.

അപ്പോള്‍ ദേ ഓണത്തിന് തന്നെ നായകനായ സിനിമ വരുന്നു. കൂടെ വരുന്ന സിനിമകളൊക്കെ കാണുമ്പോള്‍ ടെന്‍ഷനുണ്ട്. എന്നാലും എക്‌സൈറ്റ്‌മെന്റുമുണ്ട്. ഇതൊരു പുതിയ എക്‌സ്പീരിയന്‍സ് ആണ്, ആദ്യമായിട്ടാണല്ലോ ഇങ്ങനെയൊക്കെ. അതൊക്കെ ഒന്ന് കാണണമെന്നും എങ്ങനെയൊക്കെയാണെന്നും അറിയാനുള്ള ആഗ്രഹമുണ്ട്,’ ബേസില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: johny antony funny talk about basil joseph’s entry in palthu janwar movie

We use cookies to give you the best possible experience. Learn more