ബേസില്‍ ജോസഫ് നായകനായ പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ രണ്ടിന് റിലീസ് ചെയ്തിരിക്കുകയാണ്. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായ പ്രസൂല്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ജോണി ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നിലവില്‍ ഇറങ്ങുന്ന ഒട്ടുമിക്ക മലയാള സിനിമകളിലും ജോണി ആന്റണിയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ഒരു കാലത്ത് ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിരുന്ന ജോണി ആന്റണി ഇപ്പോള്‍ നടനായാണ് തിളങ്ങുന്നത്. സംവിധായകരോട് ചില അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും ചില സമയത്ത് നടനാണെന്നുള്ള കാര്യം മറന്നുപോകുമെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജോണി ആന്റണി പറയുന്നു. ബേസിലും ജോണി ആന്റണിക്ക് ഒപ്പമുണ്ടായിരുന്നു.
‘അഭിനയിക്കുന്നതിനിടക്ക് ചില കാര്യങ്ങള്‍ ഇങ്ങനെ ചെയ്താല്‍ ഇവര്‍ക്ക് പെട്ടെന്ന് തീര്‍ക്കാന്‍ പറ്റുമല്ലോ എന്ന് വിചാരിക്കും. മോനേന്ന് വിളിക്കുമ്പോഴാണ് ഞാന്‍ ഇപ്പോള്‍ നടനാണല്ലോ എന്ന് വിചാരിക്കുന്നത്. ചില കാര്യങ്ങള്‍ രഹസ്യമായി ഇങ്ങനെ ആലോചിച്ചൂടെ എന്ന് സംവിധായകരോട് ചോദിക്കാറുണ്ട്.
ആരാണോ ഡയറക്ടര്‍ അവര്‍ക്ക് തീരുമാനം എടുക്കാനുള്ള അധികാരമുണ്ട്. പിന്നെ എനിക്കെന്തെങ്കിലും അഭിപ്രായങ്ങള്‍ തോന്നുന്നുണ്ടെങ്കില്‍ അത് വളരെ രഹസ്യമായി ആര്‍ക്കും ഒരു ഈഗോയും ഹേര്‍ട്ട് ചെയ്യാത്ത രീതിയിലേ ഞാന്‍ പറയുകയുള്ളൂ. പുതിയ ആളുകളുടെ ഇടയില്‍ ഞാന്‍ ഭയങ്കര സ്വീകാര്യനാണെന്ന് തോന്നിയിട്ടുണ്ട്. എനിക്ക് പുതിയ പിള്ളാരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അനിയന്മാര്‍ ഇല്ല. ബേസിലുമൊക്കെയായി ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തിട്ടുണ്ട്,’ ജോണി ആന്റണി പറഞ്ഞു.
ഏത് ലൈഫ് സിറ്റുവേഷനിലും പറയാന്‍ ജോണി ചേട്ടന് ഒരു സിനിമ ഡയലോഗുണ്ടാകുമെന്നും ലോക്കേഷനിലൊക്കെ ആവനാഴിയിലെ മമ്മൂക്കയുടെ ഡയലോഗ് ഒക്കെ എടുത്തടിക്കുവായിരുന്നെന്നും ബേസില്‍ പറഞ്ഞു.
ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കരനെ സ്‌നേഹിക്കുന്നത് പോലെ ബേസിലിന് എന്നെ സ്‌നേഹിക്കാന്‍ പറ്റുമോ എന്ന് ബേസിലിനോട് ചോദിക്കണമെന്ന് വിചാരിച്ചിട്ടുണ്ടെന്ന് ജോണി ആന്റണിയും കൂട്ടിച്ചേര്‍ത്തു.
Content Highlight: johny antony funny comment to basil joseph