മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് തുറുപ്പുഗുലാന്‍. സ്‌നേഹ നായികയായ ചിത്രത്തില്‍ സലിം കുമാര്‍, ഇന്നസെന്റ്, ദേവന്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും അഭിനയിച്ചിരുന്നു.
താന്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത ചിത്രങ്ങളിലൊന്നാണ് തുറുപ്പുഗുലാന്‍ എന്ന് പറയുകയാണ് ജോണി ആന്റണി. മമ്മൂട്ടി വളരെ ഈസിയായി അഭിനയിച്ച ചിത്രമാണ് തുറുപ്പുഗുലാനെന്നും ആ കഥാപാത്രം താരത്തിന് വലിയ ഇഷ്ടമായിരുന്നുവെന്നും ജോണി ആന്റണി പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആക്ഷന്‍ കോമഡി സിനിമ ചെയ്യുമ്പോള്‍ ഒരു രജിനികാന്ത് ഫോര്‍മുല ഉണ്ടല്ലോ. അടിക്കേണ്ടപ്പോള്‍ അടിക്കും. കുട്ടിത്തം കാണിക്കേണ്ടപ്പോള്‍ അത് കാണിക്കും. വളരെ ഈസിയായി മമ്മൂക്ക ബിഹേവ് ചെയ്ത ഒരു സിനിമയാണ് തുറുപ്പുഗുലാന്‍. ആ കഥാപാത്രം പുള്ളിക്ക് ഇഷ്ടമായി. പുള്ളി വളരെ പെട്ടെന്ന് അതുമായി സമരസപ്പെട്ടു.
നമ്മളെ പോലും ഞെട്ടിക്കുന്ന രീതിയില്‍ അത് രസകരമായി ചെയ്തു. ഒരുപാട് ഡയലോഗുകള്‍ പുള്ളി കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. അതിന്റെ ഷൂട്ട് രസകരമായിരുന്നു. ചെയ്തതില്‍ വളരെ ആസ്വദിച്ച ഷൂട്ടും സിനിമയും എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രവുമൊക്കെയായിരുന്നു ഗുലാന്‍,’ ജോണി ആന്റണി പറഞ്ഞു.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വിളിച്ചതിനെ പറ്റിയും ജോണി ആന്റണി പറഞ്ഞു. ‘വരനെ അവശ്യമുണ്ട് കണ്ട് കഴിഞ്ഞ്, ജോണി നന്നായി ചെയ്തുവെന്ന് മമ്മൂട്ടി പറഞ്ഞു. ഒരുപാട് പടങ്ങള്‍ ചെയ്യരുത്, നോക്കീം കണ്ടുമൊക്കെ ചെയ്യണം, ശരീരം നോക്കണം എന്നൊക്കെ പറഞ്ഞു. ഒരു അനിയനോട് പറയുന്നത് പോലെ എന്നെ ഉപദേശിക്കാറുണ്ട്. അങ്ങനെ ടിപ്‌സൊക്കെ പറഞ്ഞുതരാറുണ്ട്. അത് വലിയ കാര്യമല്ലേ,’ ജോണി ആന്റണി പറഞ്ഞു.
പുലിമടയാണ് ഒടുവില്‍ പുറത്ത് വന്ന ജോണി ആന്റണിയുടെ ചിത്രം. എ.കെ. സാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജായിരുന്നു നായകന്‍. ഐശ്വര്യ രാജേഷ്, ലിജോ മോള്‍, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, സോന നായര്‍, പൗളി വല്‍സന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Johny antony about mammootty and thuruppugulan