| Monday, 31st July 2023, 9:03 pm

കണ്ടാല്‍ തന്നെ മനസ് നിറയും; സച്ചിനോ സെവാഗോ അല്ല; ജോണ്ടി റോഡ്‌സിന്റെ ഇഷ്ട ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബാറ്ററാരാണ് ബൗളറാരാണ് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഒരുപാട് ഉത്തരങ്ങളും വാദങ്ങളുമുണ്ടാകും. എന്നാല്‍ ഏറ്റവും മികച്ച ഫീല്‍ഡറാരാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ക്രിക്കറ്റ് ആരാധകര്‍ക്ക് കാണുകയുള്ളു. ജോണ്ടി റോഡ്‌സ്.

90കളില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ വളര്‍ത്തിയവരില്‍ പ്രധാനിയാണ് ജോണ്ടി റോഡ്‌സ്. സൗത്താഫ്രിക്കന്‍ കുപ്പായത്തില്‍ റോഡ്സെടുത്ത പല പറക്കും ക്യാച്ചുകളും മിന്നല്‍ റണ്ണൗട്ടുകളുമെല്ലാം ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ടാവും. ഫീല്‍ഡിങിലെ ആദ്യത്തെ സൂപ്പര്‍ ഹീറോയെന്ന വിശേഷണം ഏറ്റവും നന്നായി യോജിക്കുന്ന താരമായിരുന്നു റോഡ്സ്.

ശരീരത്തിന്റെ അവിശ്വസനീമായ ബാലന്‍സും അതിശയിപ്പിക്കുന്ന ഫിറ്റ്നസുമായിരുന്നു അദ്ദേഹത്തെ ഗ്രൗണ്ടില്‍ അതിവേഗമുള്ള നീക്കങ്ങള്‍ക്ക് സഹായിച്ചിരുന്നത്. ബോള്‍ എത്ര തന്നെ വേഗതയില്‍ ചീറിപ്പാഞ്ഞാലും അതു റോഡ്സിന്റെ ഏരിയയിലേക്ക് ആണെങ്കില്‍ അദ്ദേഹത്തെ മറികടക്കുക അസാധ്യമായിരുന്നു. ക്രിക്കറ്റില്‍ പിന്നീട് പല താരങ്ങള്‍ക്കും ഫീല്‍ഡിങില്‍ പ്രചോദനമായി മാറാനും റോഡ്സിനു സാധിച്ചു.

കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണെന്നുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞിരുന്നു. തന്റെ സമകാലീന താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറോ, വിരേന്ദര്‍ സെവാഗോ ഒന്നുമല്ല അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട താരം.

ഇന്ത്യന്‍ ടീമിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ സൂരേഷ് റെയ്‌നയാണ് റോഡ്‌സിന്റെ ഇഷ്ടതാരം. ഗ്രൗണ്ടില്‍ സുരേഷ് റെയ്നയെ കാണുമ്പോള്‍ അത് മനസിനെ ഏറെ സന്തോഷിപ്പിക്കുമെന്നും അത് ചുണ്ടില്‍ ചിരി വരുത്തുമെന്നുമായിരുന്നു റോഡ്സ് പറഞ്ഞത്. റെയ്നയുടെ മാത്രമല്ല മറ്റൊരു ഇന്ത്യന്‍ താരത്തിന്റെ പേര് കൂടി ഇതോടൊപ്പം അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നറിയപ്പെടുന്ന മുന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു അത്.

തന്റെ ഫീല്‍ഡിങ് ഫിറ്റ്നസ് നിലവാരത്തിനോട് കിടപിടിക്കാവുന്ന ഏതെങ്കിലും ഇന്ത്യന്‍ ക്രിക്കറ്ററുണ്ടോയെന്ന ചോദ്യത്തിനു വിരാട് കോഹ്‌ലിയുടെ പേരായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഫിറ്റ്നസിനോടുള്ള മനോഭാവം കൊണ്ട് പുതിയ ബെഞ്ച്മാര്‍ക്ക് തീര്‍ത്തിരിക്കുകയാണ് കോഹ്‌ലിയെന്നും അതിന്റെ ഫലങ്ങളാണ് ഗ്രൗണ്ടിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളെന്നും റോഡ്സ് ചൂണ്ടിക്കാട്ടി.

1992ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ റോഡ്സ് സൗത്താഫ്രിക്കക്കു വേണ്ടി 245 ഏകദിനങ്ങളും 52 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. മികച്ച മധ്യനിര ബാറ്റര്‍ കൂടിയായിരുന്ന അദ്ദേഹം ഏകദിനത്തില്‍ രണ്ടു സെഞ്ച്വറികളും 33 ഫിഫ്റ്റികളുമടക്കം 5935 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 80 ഇന്നിങ്സുകളില്‍ നിന്നായി 2532 റണ്‍സാണ് സമ്പാദ്യം. മൂന്നു സെഞ്ച്വറികളും 17 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Content Highlight: Johnty Rhodes Says his Favourite Player in Indian Team was Suresh Raina

We use cookies to give you the best possible experience. Learn more