| Tuesday, 26th March 2019, 1:34 pm

കുന്നിമണിച്ചെപ്പ് തുറന്ന്...

ജിതിന്‍ ടി പി

മലയാളികളുടെ പാട്ടോര്‍മ്മകളുടെ കുന്നിമണിച്ചെപ്പ് തുറന്നുനോക്കുമ്പോള്‍ ജോണ്‍സണ്‍ മാഷുടെ പാട്ടുകളില്ലാതെ കടന്നുപോകാനാകില്ല. മണ്ണിന്റെ മണമുള്ള പാട്ടുകള്‍ എന്ന ആസ്വാദനക്കുറിപ്പുകളെ അക്ഷരംപ്രതി ശരിവെക്കുന്ന സംഗീതമായിരുന്നു ജോണ്‍സണ്‍ മാഷുടേത്.


സംഗീതത്തിന് മാന്ത്രികസ്പര്‍ശമുണ്ടെന്ന് തെളിയിച്ച കലാകാരനായിരുന്നു ജോണ്‍സണ്‍. ജാനകിയമ്മ പാടിയ സ്വര്‍ണ്ണമുകിലെ…, ആടി വാ കാറ്റെ.. പാടി വാ കാറ്റെ…,

മാര്‍ക്കോസിന്റെ ജെന്‍സി ആന്റണിയുടേയും ശബ്ദത്തില്‍ മലയാളികള്‍ പാടി നടന്ന കന്നിപ്പൂമാനം കണ്ണും നട്ടു ഞാന്‍

ഉണ്ണിമേനോനും വാണി ജയറാമും അനശ്വരമാക്കിയ ഏതോ ജന്‍മകല്‍പ്പനയില്‍,


ഭാവഗായകന്‍ ജയചന്ദ്രനും ജാനകിയും പാടിയ മോഹം കൊണ്ടുഞാന്‍,


ദാസേട്ടന്റെ ഗന്ധര്‍വ്വശബ്ദത്തില്‍ പിറന്ന അനുരാഗിണി, ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം, പവിഴം പോല്‍,


ആകാശമാകെ, മെല്ലെ മെല്ലെ മുഖപടം, പൂവേണം പൂപ്പട വേണം, വെള്ളാരപ്പൂമല മേലെ മേലെ, പാതിമെയ് മറഞ്ഞതെന്തേ, ദേവീ ആത്മരാഗമേകാന്‍, മഞ്ചാടിമണികൊണ്ട്, മധുരജീവാമൃതബിന്ദു, തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി,


സൂര്യാംശുവോരോ വയല്‍പ്പൂവിലും, മയ്യഴിപ്പുഴയൊഴുകി, എത്രനേരമായി കാത്തു,ആരോടും മിണ്ടാതെ, പാലാഴി തീരം, ഒരു നാള്‍ ശുഭരാത്രി,


മലയാളത്തിന്റെ വാനമ്പാടി ചിത്ര പാടിയ കുന്നിമണിച്ചെപ്പ് തുറന്ന്, ദൂരെ ദൂരെ സാഗരം,


പാലപ്പൂവെ, രാജഹംസമെ, വെണ്ണിലാവോ ചന്ദനമോ,

എം.ജി ശ്രീകുമാറിന്റെ മന്ദാരച്ചെപ്പുണ്ടോ, കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി, മായാമയൂരം,


വേണുഗോപാലിന്റെ ഭാവശബ്ദത്തില്‍ നമ്മള്‍ കേട്ട പള്ളിത്തേരുണ്ടോ, മൈനാകപ്പൊന്‍മുടിയില്‍, ആകാശഗോപുരം,


സ്വര്‍ഗങ്ങള്‍ സ്വപ്‌നം കാണും, താനേ പൂവിട്ട മോഹം, കറുത്തരാവിന്റെ കന്നിക്കിനാവൊരു…. എണ്ണിയാലൊടുങ്ങാത്ത പാട്ടുകള്‍.


ജോണ്‍സണ്‍ മാഷുടെ ഗാനം മൂളാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിലുണ്ടാകില്ല.

ഞാന്‍ ഗന്ധര്‍വ്വന്‍, സല്ലാപം, ഈ പുഴയും കടന്ന്, ചമയം, പൊന്‍മുട്ടയിടുന്ന താറാവ്, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ സിനിമകള്‍ ജോണ്‍സണ്‍ മാഷുടെ സംഗീതമില്ലാതെ ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ…


1968ല്‍ വോയ്സ് ഓഫ് ട്രിച്ചൂര്‍ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചാണ് ജോണ്‍സണ്‍ മാഷുടെ തുടക്കം. ഗായകന്‍ പി. ജയചന്ദ്രനാണ് ഇദ്ദേഹത്തെ സംഗീത സംവിധായകന്‍ ജി. ദേവരാജന് പരിചയപ്പെടുത്തിയത്.

1978ല്‍ ആരവം എന്ന ചിത്രത്തിലൂടെയാണ് ജോണ്‍സണ്‍ സിനിമാസംഗീതലോകത്തെത്തുന്നത്. 1981ല്‍ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി. പിന്നീടങ്ങോട്ട് ജോണ്‍സണ്‍ മാഷുടെ പാട്ടുകള്‍ മലയാളികളുടെ രാത്രിയേയും പകലിനേയും സമ്പന്നമാക്കി.


കൈതപ്രം, ബിച്ചു തിരുമല, ഗിരീഷ് പുത്തഞ്ചേരി, ഒ.എന്‍.വി തുടങ്ങിയവര്‍ക്കൊപ്പമാണ് ജോണ്‍സണ്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ഒരുക്കിയത്. സംവിധായകരായ ഭരതനും പത്മരാജനും,സത്യന്‍ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതല്‍ സംഗീതം നല്‍കിയത് ഇദ്ദേഹമാണ്. രണ്ടു തവണ ദേശീയ പുരസ്‌കാരവും അഞ്ചു തവണ കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.


മലയാള സിനിമാ സംഗീത സംവിധായകരില്‍ ദേശീയ പുരസ്‌കാരം ലഭിച്ച ആദ്യത്തെ വ്യക്തിയാണ് ജോണ്‍സണ്‍. 1994, 1995 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ദേശീയ പുരസ്‌കാരം ലഭിച്ചു.

1994-ല്‍ പൊന്തന്‍മാട എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് പുരസ്‌കാരം ലഭിച്ചപ്പോള്‍, 1995-ല്‍ സുകൃതം എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് പുരസ്‌കാരം നേടിയത്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായ മണിച്ചിത്രത്താഴിന് പശ്ചാത്തലസംഗീതം നിര്‍വഹിച്ചതും ജോണ്‍സണ്‍ മാഷായിരുന്നു.

2011 ഓഗസ്ത് 18നാണ് ജോണ്‍സണ്‍ മാഷ് വിടപറയുന്നത്. പിന്നീട് ദുരന്തങ്ങള്‍ മാത്രമായിരുന്നു ആ കുടുംബത്തെ വേട്ടയാടിയിരുന്നത്. 2012 ഫെബ്രുവരി 15ന് ജോണ്‍സണ്‍ മാഷുടേയും റാണിയുടേയും മകന്‍ റെന്‍ മരിച്ചു. 2016 ഫെബ്രുവരി 5 ന് മകള്‍ ഷാന്‍ റഹ്മാനും വിടപറഞ്ഞു. ദുരന്തങ്ങള്‍ വേട്ടയാടിയ ആ കുടുംബചിത്രവും ജോണ്‍സണ്‍ മാഷുടെ ഭാര്യ റാണിയും ഇന്ന് ഏതൊരു മലയാളിക്കും നൊമ്പരമാണ്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ആര്‍ദ്രമായ സംഗീതം നിറച്ച ജോണ്‍സണ്‍ മാഷ് ഓരോ ദിവസവും അനശ്വരനാവുകയാണ്…

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more