ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഗര്‍ഭാശയ ക്യാന്‍സര്‍ പിടിപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. യുവതിയുടെ കുടുംബത്തിന് 72 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണ് മിസൗറി കോടതി ഉത്തരവ്.
ജാക്വിലിന്‍ ഫോക്‌സ് എന്ന യുവതിയാണ് ഗര്‍ഭാശയ ക്യാന്‍സര്‍ വന്നു മരിച്ചത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി പൗഡറും, ഷവര്‍ ടു ഷവറും വര്‍ഷങ്ങളായി ഉപയോഗിച്ചതാണ് യുവതിക്ക് ക്യാന്‍സര്‍ പിടിപെടാന്‍ ഇടയാക്കിയതെന്നായിരുന്നു കുടുംബത്തിന്റെ വാദം.
യുവതിയുടെ കുടുംബത്തിനുണ്ടായ യഥാര്‍ത്ഥ നഷ്ടത്തിന് 10 മില്യണ്‍ ഡോളറും ശിക്ഷയെന്ന നിലയില്‍ 62 മില്യണ്‍ ഡോളറും നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് യുവതിയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
Read: ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ ദലിത് വിദ്യാര്‍ത്ഥിയെ പോലീസ് തല്ലിച്ചതച്ചു
ടാല്‍ക്ക് അടങ്ങിയ ഉല്പന്നങ്ങള്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്പന്നങ്ങള്‍ക്കുമേല്‍ നല്‍കാറില്ല. ഇതിനെതിരെ 1000ത്തോളം കേസുകള്‍ മിസോറി സ്‌റ്റേറ്റ് കോടതിയിലും 200ഓളം കേസുകള്‍ ന്യൂജേഴ്‌സി കോടതിയിലും ഫയല്‍ ചെയ്തിട്ടുണ്ട്.
ഒവേറിയന്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നതിനു മുമ്പ് 35 വര്‍ഷത്തോളം ബേബി പൗഡറും ഷവര്‍ ടു ഷവറും ഉപയോഗിച്ചിരുന്നു എന്നാണ് ജാക്വിലീന്‍ ഫോക്‌സ് പറഞ്ഞത്. ഒക്ടോബറിലാണ് ഇവര്‍ മരിച്ചത്.
തട്ടിപ്പ്, അശ്രദ്ധ, ഗൂഢാലോചന എന്നിവ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് ജഡ്ജിമാര്‍ വിലയിരുത്തിയതായി അഭിഭാഷകന്‍ പറഞ്ഞു.
കോടതി വിധിയില്‍ നിരാശയുണ്ടെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വക്താവ് കരോള്‍ ഗുഡ്‌റിച്ച് പ്രതികരിച്ചു. “ഉപഭോക്താക്കളുടെ ആരോഗ്യയ്ക്കും സുരക്ഷയ്ക്കും ആണ് ഞങ്ങള്‍ പ്രധാന്യം കല്പിക്കുന്നത്. കോടതി വിധിയില്‍ നിരാശയുണ്ട്. ആ കുടുംബത്തിന്റെ അവസ്ഥയില്‍ വിഷമമുണ്ട്. പക്ഷെ ദശാബ്ദങ്ങളായുള്ള ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലമുള്ള പൗഡറിന്റെ സുരക്ഷിതത്വത്തില്‍ നല്ല വിശ്വാസമുണ്ട്.” അദ്ദേഹം വ്യക്തമാക്കി.