| Wednesday, 24th January 2024, 11:35 pm

നിയമകുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഒത്തുതീര്‍പ്പിനൊരുങ്ങി ജെ ആന്‍ഡ് ജെ; 700 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: നിയമകുരുക്കുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കേസുകള്‍ ഒത്തുതീര്‍പ്പാക്കാനൊരുങ്ങി ബേബി പ്രോഡക്റ്റ് നിര്‍മാതാക്കളായ ജോൺസൺ ആൻഡ് ജോൺസൺ. കമ്പനിക്കെതിരെ അമേരിക്കയിലെ 40ലധികം സംസ്ഥാനങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സ്ഥാപനം 700 മില്യണ്‍ ഡോളര്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങള്‍ അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം കേസുകളും. വര്‍ഷങ്ങളായി തുടരുന്ന ഈ കേസുകള്‍ ജോണ്‍സണ്‍സ് ആന്‍ഡ് ജോൺസണിന് സാമ്പത്തികവും പബ്ലിക് റിലേഷന്‍സ് പ്രശ്‌നങ്ങളും സൃഷ്ടിച്ചതായി കമ്പനിയുടെ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ടാല്‍ക് അധിഷ്ഠിത ഉത്പന്നങ്ങളുടെ വിപണനം സംബന്ധിച്ച് 40 സംസ്ഥാനങ്ങളും വാഷിങ്ടണ്‍ ഡി.സിയും കമ്പനിക്കെതിരെ സംയുക്ത അന്വേഷണം ആരംഭിച്ചതായി ഒക്ടോബറിലെ സെക്യൂരിറ്റീസ് ഫയലിങ്ങില്‍ ജെ ആന്‍ഡ് ജെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം യു.എസ് സ്റ്റേറ്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ക്ലെയിമുകള്‍ പരിഹരിക്കുന്നതിന് ഏകദേശം 400 മില്യണ്‍ ഡോളര്‍ മാത്രമാണ് കമ്പനി നീക്കിവെച്ചത്. കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാനങ്ങളിലെ ഉന്നത നേതൃത്വങ്ങളോട് ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട കരാറുകള്‍ ചര്‍ച്ച ചെയ്തതായി കമ്പനി വക്താവായ എറിക് ഹാസ് പറഞ്ഞു.

ആഗോളതലത്തില്‍ ടാല്‍ക് അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിന്റെ വില്‍പന കഴിഞ്ഞ വര്‍ഷം ജെ ആന്‍ഡ് ജെ അവസാനിപ്പിച്ചിരുന്നു.

Content Highlight: Johnson & Johnson settles to escape legal entanglement

Latest Stories

We use cookies to give you the best possible experience. Learn more