| Wednesday, 2nd June 2021, 2:04 pm

ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ ഉപയോഗം ഗര്‍ഭാശയത്തില്‍ കാന്‍സറുണ്ടാക്കി; 15,000 കോടി നഷ്ടപരിഹാരത്തിന് വിധിച്ച് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സ് കമ്പനിയുടെ ബേബി പൗഡര്‍ കാന്‍സറിന് കാരണമായെന്ന പരാതിയില്‍ വീണ്ടും രോഗികള്‍ക്ക് ഒപ്പം നിന്ന് അമേരിക്കന്‍ കോടതി. പരാതിക്കാരായ സ്ത്രീകള്‍ക്ക് 2.12 ബില്യണ്‍ ഡോളര്‍ (1,55,05,89,20,000 രൂപ ) നഷ്ടപരിഹാരമായി നല്‍കണമെന്ന നേരത്തെയുള്ള കോടതിവിധിക്കെതിരെ കമ്പനി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.

22 സ്ത്രീകളായിരുന്നു കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ബേബി പൗഡറിലെ ആസ്ബറ്റോസിന്റെ അംശം ഗര്‍ഭാശയത്തിലെ കാന്‍സറിന് കാരണമായി എന്നായിരുന്നു പരാതി.

ഇവരുടെ പരാതികളെല്ലാം ഒരു വിചാരണയില്‍ പരിഗണിച്ച ജൂറി 4.69 ബില്യണ്‍ ഡോളറാണ് നഷ്ടപരിഹാരമായി ആദ്യം വിധിച്ചത്. പിന്നീട് മിസൗറി കോടതി ഇത് 2.12 ബില്യണ്‍ ഡോളറായി കുറക്കുകയായിരുന്നു.

2.5 ബില്യണ്‍ ഡോളര്‍ ഈ മാസം നല്‍കുമെന്ന് കമ്പനി പുറത്തുവിട്ട ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മറ്റു നിയമപ്രശ്‌നങ്ങള്‍ വിധിയിലുള്ളതിനാല്‍ കേസുമായി മുന്നോട്ടുപോകുമെന്നും സമാനമായ 19,000 പരാതികള്‍ തങ്ങള്‍ നേരിടുന്നുണ്ടെന്നും കമ്പനി നേരത്തെ ചില പ്രസ്താവനകളില്‍ പറഞ്ഞിരുന്നു.

പൗഡറിനെതിരെ ഗുരുതര പരാതികളുയരുകയും അത് കോടതി ശരി വെക്കുകയും ചെയ്തതിന് പിന്നാലെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സിന്റെ ഓഹരി മൂല്യം ഇടിഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴും തങ്ങളുടെ പൗഡറില്‍ ആസ്ബറ്റോസിന്റെ അംശമില്ലെന്നും കാന്‍സറുണ്ടാക്കില്ലെന്നും സുരക്ഷിതുമാണെന്നുമാണ് കമ്പനി വാദിക്കുന്നത്. ചില നിയമപ്രശ്‌നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കമ്പനി പറയുന്നു.

പരാതിക്കാരായ സ്ത്രീകളില്‍ 17 പേര്‍ മിസൗറി കോടതിയുടെ പരിധിയില്‍ വരുന്നുവരെല്ലന്ന് ചൂണ്ടിക്കാട്ടിയാണ് കേസിനെതിരെ കമ്പനി രംഗത്തെത്തിയതും നഷ്ടപരിഹാരം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും. മിസൗറി കോടതി ഈ ഹരജി തള്ളി.

തുടര്‍ന്ന് യു.എസ് സുപ്രീം കോടതിയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സ് സമര്‍പ്പിച്ച ഹരജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. കമ്പനിക്ക് മിസൗറി കോടതി വിധി തന്നെ ഇനി പാലിക്കേണ്ടി വരും.

സുപ്രീം കോടതി വിധി, കമ്പനിക്കെതിരെ പരാതി നല്‍കിയ ആ ശക്തരായ സ്ത്രീകളുടെയും കുടുംബങ്ങളുടെയും വിജയം മാത്രമല്ലെന്നും നീതിയുടെ വിജയമാണെന്നും പരാതിക്കരുടെ അഭിഭാഷകനായ മാര്‍ക്ക് ലാനിയേര്‍ പ്രതികരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Johnson Appeal Over $2 Billion Baby Powder Judgement

Latest Stories

We use cookies to give you the best possible experience. Learn more