| Monday, 25th December 2023, 8:19 pm

'മുഴുവൻ ഫലസ്തീനികളെയും കൊന്നുകളയണം'; വംശഹത്യക്ക് ആഹ്വാനം ചെയ്ത് ജോൺസൺ ആൻഡ് ജോൺസൺ വൈസ് പ്രസിഡന്റ് സാം മെൽഡൊണാഡൊ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: മുഴുവൻ ഫലസ്തീനികളെയും കൊന്നുകളയാൻ ആഹ്വാനം ചെയ്ത് ജോൺസൺ ആൻഡ് ജോൺസൺ വൈസ് പ്രസിഡന്റ് സാം മെൽഡൊണാഡൊ. ലിങ്ക്ഡ്ഇന്നിൽ ഒരു മാസം മുമ്പ് മുൻ ജോൺസൺ ആൻഡ് ജോൺസൺ ഉദ്യോഗസ്ഥൻ പങ്കുവെച്ച പോസ്റ്റിൽ മെൽഡൊണാഡൊ എഴുതിയ കമന്റാണ് ഇപ്പോൾ പുറത്തുവന്നത്.

അൽ ശിഫ ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും അറിഞ്ഞുകൊണ്ട് ഹമാസിന് കൂട്ടുനിൽക്കുന്നു എന്ന് ആരോപിച്ച് അലൻ ടെന്നെൻബെർഗ് എന്നയാളാണ് ഇസ്രഈൽ പുറത്തുവിട്ട ചിത്രങ്ങൾ പങ്കുവെച്ചത്.

ഇസ്രഈൽ പറയുന്നത് കള്ളമാണെന്ന് പിന്നീടുള്ള അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നു.

ഈ പോസ്റ്റിലായിരുന്നു മെൽഡൊണാഡൊയുടെ കമെന്റ്.

‘അപ്പോൾ, ഇതിനർത്ഥം എല്ലാ ഫലസ്തീനികൾ തീവ്രവാദികളാണെന്നും അവരെയെല്ലാം കൊല്ലണമെന്നുമാണോ? അങ്ങനെയെങ്കിൽ ഇപ്പോൾ എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് അവിടെ ബോംബാക്രമണം നടത്തുന്നത് എന്ന്. എല്ലാവരെയും കൊന്നു കളയൂ!!’ മെൽഡൊണാഡൊ കമെന്റ് ചെയ്തു.

മെൽഡൊണാഡൊക്കെതിരെ നിരവധി പേർ രംഗത്ത് വന്നു. നിങ്ങൾ എഴുതിയതോർത്ത് നിങ്ങൾക്ക് നാണമില്ലേ എന്ന കമെന്റിന് എന്ത് വില കൊടുത്തും പ്രതിരോധിക്കാൻ ഇസ്രഈലിന് അവകാശമുണ്ടെന്നായിരുന്നു മെൽഡൊണാഡൊയുടെ മറുപടി.

‘എന്ത് വില നൽകിയും ഇസ്രഈൽ സ്വയം പ്രതിരോധിക്കേണ്ടതുണ്ട്. ഇത് പൊളിറ്റിക്കലി കറക്ട് അല്ല എന്ന് എനിക്കറിയാം. പക്ഷേ ദൈവം പൊളിറ്റിക്കലി കറക്റ്റ് ആകേണ്ടതില്ല, കാരണം അദ്ദേഹം എപ്പോഴും ശരിയാണ്. ഇസ്രയേൽ സ്വയം പ്രതിരോധിച്ചിട്ടില്ലെങ്കിൽ അവർ എന്നെന്നേക്കുമായി ഇല്ലാതാകാം.

യഥാർത്ഥത്തിൽ ഇസ്രഈൽ ഇല്ലാതാകില്ല. ദൈവം ഇസ്രഈലിനെ ഇത്രയും കാലം സംരക്ഷിച്ചു. ഇനി അദ്ദേഹത്തിന്റെ മനസ് മാറുമെന്ന് എനിക്ക് തോന്നുന്നില്ല.

ഇതൊരു സൈനിക യുദ്ധം മാത്രമല്ല, ആത്മീയ യുദ്ധം കൂടിയാണ് ദൈവം അതിൽ വിജയിക്കും,’ മെൽഡൊണാഡൊ പറഞ്ഞു.

മെൽഡൊണാഡൊക്കെതിരെ ഒരു മാസമായിട്ടും എന്തുകൊണ്ടാണ് ജോൺസൺ ആൻഡ് ജോൺസൺ നടപടി എടുക്കാത്തതെന്നും ഇതുതന്നെയാണോ കമ്പനിയുടെയും നിലപാടെന്നും നിരവധി പേർ ചോദിച്ചു.

ബ്രാൻഡിനെതിരെ ഇതിനകം ബഹിഷ്കരണ പ്രചരണവും തുടങ്ങിയിട്ടുണ്ട്.

Content Highlight: Johnson and Johnson Vice President calls to kill all palestinians

We use cookies to give you the best possible experience. Learn more