| Wednesday, 15th June 2022, 10:26 pm

ഐ.പി.എല്‍ കളിക്കരുതെന്നു പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഇത്; സൂപ്പര്‍ ഇന്നിങ്‌സിന് ശേഷം ഐ.പി.എല്ലിനെ പുകഴ്ത്തി ജോണി ബെയര്‍സ്‌റ്റോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ചരിത്ര വിജയം സൃഷ്ടിച്ചിരുന്നു. അവസാന ദിനം 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് പട ഒരു വേളയില്‍ പരാജയത്തെ മുമ്പില്‍ കണ്ട ശേഷമാണ് വീരോചിതമായി തിരിച്ചുവന്നത്.

എണ്ണം പറഞ്ഞ സെഞ്ച്വറി സ്വന്തമാക്കിയ ജോണി ബെയര്‍‌സ്റ്റോയും പിന്തുണയുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ചേര്‍ന്നതോടെയാണ് കിവികള്‍ പരാജയം രുചിച്ചത്. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. വെറും 92 പന്തില്‍ 136 റണ്ണെടുത്ത ബെയര്‍സ്‌റ്റോയായിരുന്നു ഇംഗ്ലണ്ടിന്റെ ഹീറോ.

മത്സരശേഷം ഐ.പി.എല്ലിന് നന്ദി പറയാനും താരം മറന്നില്ല. എല്ലാവരും കൗണ്ടി ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ പറഞ്ഞപ്പോഴും ഐ.പി.എല്‍ കളിക്കാനുള്ള തന്റെ തീരുമാനം ശരിയായിരുന്നു എന്ന് ബെയര്‍‌സ്റ്റോ പറഞ്ഞു.

‘ഞാന്‍ ഐ.പി.എല്ലില്‍ പോകേണ്ടതില്ലെന്നും കൗണ്ടി ക്രിക്കറ്റ് കളിക്കണമെന്നും ഒരുപാട് പേര്‍ പറഞ്ഞിരുന്നു. അതെ, നിങ്ങളുടെ ബെല്‍റ്റിന് കീഴില്‍ റെഡ്-ബോള്‍ ക്രിക്കറ്റിന്റെ നാല് ഗെയിമുകള്‍ ഉണ്ടെങ്കില്‍ അത് അതിശയകരമാണെന്ന് ആളുകള്‍ പറയുന്നു. പക്ഷെ, നിര്‍ഭാഗ്യവശാല്‍, ലോകമെമ്പാടുമുള്ള എല്ലാ കാര്യങ്ങളുടെയും നിലവിലെ ഷെഡ്യൂളിങില്‍ അത് സംഭവിക്കുന്നില്ല, ‘ ബെയര്‍സ്‌റ്റോ പറഞ്ഞു.

ഐ.പി.എല്‍ 2022 ലെ പഞ്ചാബ് കിങ്‌സ് ടീമിന്റെ ഭാഗമായിരുന്നു 32 കാരനായ ബെയര്‍‌സ്റ്റോ, ടീമിന്റെ വിജയത്തിലേക്ക് നയിച്ച ചില നിര്‍ണായക ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി യോര്‍ക്ക്‌ഷെയറില്‍ ചേരുന്നതിനുപകരം അദ്ദേഹം ഐ.പി.എല്ലില്‍ കളിക്കാന്‍ വരികയായിരുന്നു.

ഐ.പി.എല്ലിന്റെ സമാപനത്തിന് ശേഷം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര കളിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഫ്രാഞ്ചൈസി ലീഗ് ഗെയിമിനായി ആഭ്യന്തര ക്രിക്കറ്റ് നഷ്ടമാകുന്നത് ഒരു നല്ല നീക്കമല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു, എന്നാല്‍ അങ്ങനെ ചെയ്യാനുള്ള തന്റെ തീരുമാനത്തില്‍ അദ്ദേഹം സന്തോഷവാനാണ്.

‘തീരുമാനങ്ങള്‍ തീരുമാനങ്ങളാണ്, അപ്പോള്‍ എനിക്ക് എന്താണ് വേണ്ടതെന്ന് പറയാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതില്‍ കാര്യമില്ല. ഐ.പി.എല്ലില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെതിരെ നിങ്ങള്‍ കളിക്കുന്ന ഘടകങ്ങളുണ്ട്. ആ മത്സങ്ങളില്‍ ഉപയോഗിക്കുന്ന ഗിയറുകള്‍ വ്യതസ്തമായിരിക്കും. ആവശ്യമുള്ളപ്പോള്‍ അവ സ്വിച്ച് ചെയ്യുക, സ്വിച്ച് ഡൗണ്‍ ചെയ്യുക, എന്നിവ പ്രധാനമാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ക്കെതിരെ ചില മികച്ച മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ വളരെ ഭാഗ്യവാന്മാരാണ്,

വ്യത്യസ്ത ഗിയറില്‍ കളിക്കുന്നതിനാല്‍ സമ്മര്‍ദ്ദ സാഹചര്യങ്ങളുടെ കാര്യം വരുമ്പോള്‍, ആ സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ക്ക് കീഴില്‍ ഞങ്ങളെത്തന്നെ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയുന്നു,’ ബെയര്‍സ്‌റ്റോ പറയുന്നു.

2019ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലായിരുന്നു ബെയര്‍‌സ്റ്റോ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ചത്. മൂന്ന് സീസണ്‍ എസ്.ആര്‍.എച്ചില്‍ കളിച്ച അദ്ദേഹം ഈ സീസണില്‍ പഞ്ചാബില്‍ അരങ്ങേറുകയായിരുന്നു.

39 ഐ.പി.എല്‍ മത്സരത്തില്‍ 35 ശരാശരിയില്‍ 1,291 റണ്ണാണ് താരം നേടിയത്. ഒമ്പത് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും ബെയര്‍‌സ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്.

ന്യുസീലാന്‍ഡിനെതിരെയുള്ള അവസാന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. ജൂണ്‍ 23 നാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

Content Highlights: Johnny Bairstow Says playing ipl instead of county is  best decision

We use cookies to give you the best possible experience. Learn more