| Friday, 2nd September 2022, 9:07 am

അപ്പോള്‍ അമ്പിളി ചേട്ടന്റെ ഒരു റിയാക്ഷനുണ്ട്, അതിലും വലിയൊരു ചമ്മലില്ല, അനിയാ ഇത് സ്‌പെഷ്യലാ കേട്ടോ എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പ് ഗുലാന്‍ എന്നിങ്ങനെ മലയാള പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒരുപിടി കോമഡി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജോണി ആന്റണി. ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍ എന്നിങ്ങനെയുള്ള ലെജന്റ്‌സായിരുന്നു തന്റെ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നതെന്ന് പറയുകയാണ് ജോണി ആന്റണി. ഒപ്പം സി.ഐ.ഡി മൂസയില്‍ ജഗതി ഇട്ടുതന്ന സ്‌പെഷ്യല്‍ എക്‌സ്പ്രഷനെ പറ്റിയും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജോണി ആന്റണി പറഞ്ഞു.

‘എന്റെ സിനിമയില്‍ അഭിനയിച്ച കോമഡി ആക്ടേഴ്‌സ് ലെജന്റ്‌സ് ആയിരുന്നു. അമ്പിളി ചേട്ടന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, ഹരിശ്രീ അശോകന്‍ ചേട്ടന്‍, സലിം കുമാര്‍, ഹനീഫിക്ക എല്ലാവരും, ആരാ മോശം. അവരോട് കാര്യം പറഞ്ഞാല്‍ വേറെ ഒരു ലെവലാക്കി തരും.

അമ്പിളി ചേട്ടന്‍ ചില സ്‌പെഷ്യല്‍ സാധനങ്ങള്‍ ഇട്ടുതരും. സി.ഐ.ഡി മൂസയില്‍ ഒരു രംഗമുണ്ട്. അര്‍ജുന്‍ ജൂലി എന്ന് പറയുന്ന പട്ടിയെ നോക്കുന്നു. ദിലീപ് നായികയെ നോക്കുന്നു. അവര്‍ അതിനിടക്ക് അങ്ങോട്ടും ഇങ്ങോട്ടും തള്ളുന്നുണ്ട്. അമ്പിളി ചേട്ടനും ഉണ്ണിചേട്ടനും അത് നോക്കി നിക്കുന്നു. അമ്പിളി ചേട്ടന്‍ പറയുന്നത്, കണ്ടോ പട്ടീമായിട്ടാ മോന്റെ കളി എന്നാണ്. ഉണ്ണി ചേട്ടന്‍ മറുപടി പറയുന്നത് ഇത് തന്നെയാ ഞാന്‍ എന്റെ മോളോടും പറയാറുള്ളത് എന്നാണ്. അപ്പോള്‍ അമ്പിളി ചേട്ടന്റെ ഒരു റിയാക്ഷനുണ്ട്. അനിയാ ഇത് സ്‌പെഷ്യലാ കേട്ടോ എന്ന് അമ്പിളി ചേട്ടന്‍ പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്. കാരണം അതിലും വലിയൊരു ചമ്മലില്ലല്ലോ.

സൈക്കിള്‍, കൊച്ചി രാജാവ്, ഗുലാന്‍ പോലെയുള്ള എന്റെ വിജയ സിനിമകളിലെ മെയ്‌നായിരുന്നു അമ്പിളി ചേട്ടന്‍. അമ്പിളി ചേട്ടന്‍ ഉണ്ടെങ്കില്‍ എനിക്കൊരു സന്തോഷവും സമാധാനവും വിശ്വാസവുമൊക്കെയാണ്,’ ജോണി ആന്റണി പറഞ്ഞു.

അതേസമയം ജോണി ആന്റണി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ പാല്‍തു ജാന്‍വര്‍ റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായകന്‍. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Johnny Antony talks about Jagathy’s special expression in CID Moosa

We use cookies to give you the best possible experience. Learn more