സി.ഐ.ഡി മൂസയുടെ രണ്ടാംഭാഗം എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് സംവിധായകന്‍ ജോണി ആന്റണി. ചിലപ്പോള്‍ ജൂലെയില്‍ അതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും അതുപക്ഷെ ദിലീപിന്റെ പ്രതിസന്ധി പരിഹരിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്കഥാകൃത്തുക്കളായ ഉദയനും സിബിയും ഇപ്പോള്‍ രണ്ടായെന്നും അവരെ ഒരുമിപ്പിച്ചിട്ട് വേണം ചര്‍ച്ചകള്‍ ആരംഭിക്കാനെന്നും ജോണി ആന്റണി പറഞ്ഞു.
‘സി.ഐ.ഡി മൂസ 2 എടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് ദിലീപിന്റെ പ്രതിസന്ധി പരിഹരിക്കാനല്ല. ദിലീപിന്റെ പ്രതിസന്ധിയുടെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോഴാണല്ലോ രാമലീല വരുന്നത്. സിനിമ സംബന്ധമായി ദിലീപിന് ഒരു പ്രതിസന്ധി ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
കേസുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ടാകാം. അത് കോടതി തീരുമാനിക്കട്ടെ. അതിനകത്ത് നമ്മളിപ്പോള്‍ കമന്റ് പറയേണ്ട കാര്യമില്ല.
മൂസ 2 എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. പക്ഷെ ഉദയനും സിബിയും ഇപ്പോള്‍ രണ്ടായിട്ടുണ്ട്. അവരെ ഒന്നിപ്പിച്ചിട്ട് വേണം അങ്ങനെയൊരു കാര്യത്തിലേക്ക് പോകാന്‍. ചിലപ്പോള്‍ ഈ ജൂലൈ 4ന് നമ്മള്‍ അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുകയും ഭാവിയില്‍ മൂസ 2 വരാന്‍ സാധ്യതയുമുണ്ട്. അതെല്ലാം രണ്ട് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നമുക്ക് അറിയാന്‍ പറ്റും.
കൊച്ചിന്‍ ഹനീഫ, ക്യാപ്റ്റന്‍ രാജു, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരൊക്കെ നമ്മെ വിട്ടുപോയി. വലിയ നഷ്ടമാണ്. അവര്‍ക്കൊന്നും റീപ്ലേസ്‌മെന്റുമില്ല. ഇപ്പോള്‍ വന്നിട്ടുള്ള സീരീസായിട്ടുള്ള സിനിമകള്‍ കണ്ടാല്‍ മനസ്സിലാകും നടീനടന്‍മാര്‍ക്കൊന്നും തുടര്‍ച്ചയുണ്ടാകാറില്ല. സി.ഐ.ഡി മൂസ രണ്ടാംഭാഗം ചെയ്യുമ്പോള്‍ മൂസയും ഡോഗുമുണ്ടെങ്കില്‍ അതിനൊരു തുടര്‍ച്ചയുണ്ടാകും. മൂസയായി ദിലീപ് തന്നെയായിരിക്കും. അതിലൊരു മാറ്റവുമുണ്ടാകില്ല,’ജോണി ആന്റണി പറഞ്ഞു
content highlights: Johnny Antony says that the second part of CID Musa will be coming soon