നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് നായകനാകുന്ന പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ രണ്ടിനാണ് തീയേറ്ററുകളില്‍ എത്തുന്നത്. നടനും സംവിധായകനുമായ ജോണി ആന്റണി സിനിമയില്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്.
തന്റെ സിനിമയായ സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗം നല്ല തിരക്കഥയും മറ്റു കാര്യങ്ങളും വരുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും എന്ന് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍ ജോണി ആന്റണി. പാല്‍തു ജാന്‍വറിന്റെ പ്രൊമോഷന്റെ ഭാഗമായി ഡൂള്‍ന്യൂസിലെ മായാ ഗിരീഷ് നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.
‘സി. ഐ. ഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ചെല്ലാവരും ചോദിക്കുന്നുണ്ട്. തിരക്കഥയും കാര്യങ്ങളുമൊക്കെ നല്ല രീതിയില്‍ വരുകയാണെങ്കില്‍ തീര്‍ച്ചയായും സിനിമ ചെയ്യും. ഹരിശങ്കര്‍ ചെയ്ത സി. ഐ. ഡി മൂസയുടെ കവര്‍ സോങ്ങിനെ കുറിച്ചെനിക്കൊന്നും അറിയില്ലായിരുന്നു. അത് ദിലീപും ഹരിശങ്കറും കൂടി തീരുമാനിച്ച് ചെയ്തതാണ്. അതിറങ്ങി കഴിഞ്ഞപ്പോഴാണ് അതിനെ കുറിച്ച് ഞാന്‍ അറിയുന്നത്,’ ജോണി ആന്‍റണി പറഞ്ഞു.
‘പുതിയ സിനിമയെ കുറിച്ചൊന്നും ഇപ്പോള്‍ എനിക്കറിയില്ല. പുതിയെ സിനിമയെ കുറിച്ചിപ്പോള്‍ ഒന്നും പറയാന്‍ സാധ്യമല്ല. നടനാകുന്നതും സംവിധായകനാകുന്നതും നമ്മുടെ കയ്യിലല്ലല്ലോ. ഓരോ അവസ്ഥകളും കാര്യങ്ങളുമൊക്കെയല്ലേ. എല്ലാ കാര്യങ്ങളും അനുകൂലമായി വരുമ്പോള്‍ അതുണ്ടാകും. എന്തായാലും സംഗീത് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു സംവിധായകനാണ്. ഭാവിയില്‍ അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ പ്രതീക്ഷിക്കാം,’ ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.
കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് പാല്‍തു ജന്‍വര്‍. ഒരു ഗ്രാമത്തിലേക്ക് ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടറായെത്തുന്ന പ്രസൂല്‍ എന്ന ചെറുപ്പക്കാരനായാണ് ബേസില്‍ ജോസഫ് ചിത്രത്തില്‍ വേഷമിടന്നത്.
ബേസില്‍ ജോസഫിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കന്നത്.
Content Highlight: Johnny Antony said that he will definitely do the second part of CID Musa if a good script and other things come