മൂന്ന് മണിക്കൂര്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഹനീഫിക്ക പറഞ്ഞു, ഇടക്ക് പറഞ്ഞാല്‍ കുഴപ്പമാകുമോ എന്നോര്‍ത്ത് പറയാതിരുന്നതാണ്, എന്‍റെ ഉമ്മ മരിച്ചുപോയെന്ന്: ജോണി ആന്റണി
ജോണി ആന്റണിയുടെ കരിയറിലെ ഏറ്റവും ജനപ്രീതി നേടിയ ചിത്രമാണ് സി.ഐ.ഡി മൂസ. 2003ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നു വലിയ റിപ്പീറ്റ് വാല്യു ഉണ്ട്. ചിത്രത്തിന്റെ ഷൂട്ടിനിടക്ക് കൊച്ചിന്‍ ഹനീഫയുടെ അമ്മ മരിച്ച സംഭവത്തെ പറ്റി പറയുകയാണ് ജോണി ആന്റണി. അമ്മ മരിച്ചുവെന്നറിഞ്ഞിട്ടും ആരോടും പറയാതെ ഹനീഫ മണിക്കൂറുകളോളം ഷൂട്ട് തുടര്‍ന്നുവെന്ന് സീ കേരളത്തിലെ ഞാനും എന്റാളും എന്ന പരിപാടിയില്‍ വെച്ചാണ് ഹനീഫ പറഞ്ഞത്.
‘സി.ഐ.ഡി മൂസയില്‍ സലിം കുമാര്‍ ഹനീഫിക്കയെ ചുറ്റിക കൊണ്ട് അടിക്കുന്ന രംഗമുണ്ട്. ആ പോഷന്‍സ് കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഷൂട്ട് ചെയ്തത്. ബ്രേക്കില്ലാതെ രണ്ടര മൂന്ന് മണിക്കൂര്‍ ഷൂട്ട് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മണിയായപ്പോള്‍ ഹനീഫിക്കയുടെ ഷൂട്ട് കഴിഞ്ഞു.
അപ്പോള്‍ ഹനീഫിക്ക വന്ന്, ജോണി എന്റെ ഷൂട്ട് കഴിഞ്ഞോയെന്ന് ചോദിച്ചു. കഴിഞ്ഞുവെന്ന് ഞാന്‍ പറഞ്ഞു. ഈ സീക്വന്‍സ് എടുക്കുന്നതിനിടയില്‍ കുഴപ്പമാകുമല്ലോയെന്ന് വിചാരിച്ച് പറയാതിരുന്നതാണ്, എന്‍റെ ഉമ്മ മരിച്ചുപോയെന്ന്. ശരിക്കും പറഞ്ഞാല്‍ ഞാനങ്ങ് വല്ലാണ്ടായി പോയി.
ഹനീഫിക്ക പറയാന്‍ മേലായിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. ഉമ്മ മരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു, ഉമ്മ മരിച്ചു, ഈ സീക്വന്‍സിനെ പറ്റി എനിക്ക് അറിയാം, രണ്ടുമൂന്ന് മണിക്കൂറത്തേക്ക് ഞാന്‍ അവിടേക്ക് ചെന്നില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതാണ് കമ്മിറ്റ്‌മെന്റ്. അതൊക്കെ ഓര്‍ക്കണം, പുള്ളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.
ഞാന്‍ അസോസിയേറ്റായിരിക്കുന്ന കാലത്ത് സംവിധായകനാകണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചിരുന്ന ആളുകളാണ് ഉണ്ണിയേട്ടനും (ഒടുവില്‍ ഉണ്ണികൃഷ്ണന്‍), അശോകേട്ടനും( ഹരിശ്രീ അശോകന്‍), മുരളി ചേട്ടനും, രാജിച്ചായനും. സിനിമയില്‍ ഒരുപാട് പേരുടെ സ്‌നേഹം എനിക്ക് കിട്ടിയിട്ടുണ്ട്. അതില്‍ കുറെപ്പേര്‍ മരിച്ചുപോയി, കുറേപ്പേര്‍ ജീവിച്ചിരിപ്പുണ്ട്. നഷ്ടങ്ങളെന്നും നഷ്ടങ്ങള്‍ തന്നെയാണ്,’ ജോണി ആന്റണി പറഞ്ഞു.
പാല്‍തു ജാന്‍വറാണ് ഒടുവില്‍ റിലീസ് ചെയ്ത ജോണി ആന്റണി അഭിനയിച്ച ചിത്രം. സംഗീത് പി. രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായകനായത്. ഡേവിസ് എന്ന ജോണി ആന്റണി അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.
Content Highlight: Johnny Antony is talking about the death of Kochin Hanifa’s mother during the shooting of the film cid moosa