| Saturday, 3rd September 2022, 4:24 pm

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഡേവിസിന്റെ സ്വന്തം മോളിക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ ധോണി ആണ് ജോണി ആന്റണിയെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ബേസില്‍ ജോസഫ് പറഞ്ഞിരുന്നു. ജോണി ആന്റണി ഇല്ലാതെ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ അപൂര്‍വമാണ്. ഒരു ഓള്‍ റൗണ്ടറുടെ റോളിലാണ് അദ്ദേഹം ഇപ്പോള്‍ മലയാള സിനിമയില്‍ തിളങ്ങുന്നത്.

പാല്‍തു ജാന്‍വറിലും ഒരു പ്രധാനകഥാപാത്രമായി ജോണി ആന്റണി എത്തുന്നുണ്ട്. ബേസിലിന്റെ പ്രസൂണ്‍ കഴിഞ്ഞാല്‍ സിനിമയില്‍ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രമാണ് ജോണി ആന്‍റണിയുടെ ഡേവിസും അദ്ദേഹത്തിന്റെ പശുവും. ഡേവിസിന്റെ പശുവായ മോളിക്കുട്ടിയും അദ്ദേഹത്തിന്‍റെ മകളും ഗര്‍ഭണികളാണ്. ഇരുവരും ഡേവിസിന് ഒരുപോലെയാണ്.

ജോണി ആന്റണി സാധാരണ അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് പാല്‍തു ജാന്‍വറിലെ ഡേവിസ്. കോമഡിയില്‍ നിന്ന് കുറച്ച് മാറി അല്പം സീരിയസായ കഥാപാത്രമാണ് ഡേവിസ്. ഒരു കല്ലറയുടെ സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ഉണ്ണി യേശുവിന്റെ രൂപത്തോടാണ് ഡേവിസ് തന്റെ സങ്കടങ്ങളും പ്രശ്‌നങ്ങളുമെല്ലാം പറയുന്നത്.

ഡേവിസിന് പശുവായ മോളിക്കുട്ടിയോടുള്ള സ്‌നേഹവും വാത്സല്യവുമെല്ലാം പ്രേക്ഷകരിലേക്ക് പെട്ടെന്ന് കണക്റ്റാവുന്നുണ്ട്. മോളിക്കുട്ടിയോട് ഒരു അച്ഛന്‍ മകളോട് കാണിക്കുന്ന കരുതലാണ് ഡേവിസിനുള്ളത്. മകളോട് പോലും അദ്ദേഹം അത്രയും സ്‌നേഹത്തോടെ പെരുമാറുന്നത് ചിത്രത്തില്‍ കാണുന്നില്ല.

ഡേവിസിന്റെ കഥാപാത്രത്തോട് നേരെ വിപരീതമായി നില്‍ക്കുന്ന കഥാപാത്രമാണ് ഐപ്പേട്ടന്‍ എന്ന കശാപ്പുകാരന്‍. ഒരാള്‍ പശുവിനെ സ്വന്തം മകളെ പോലെ നോക്കുമ്പോള്‍ മറ്റേയാള്‍ അതിന്റെ മരണം കാത്തിരിക്കുകയാണ്. ആദ്യം ഒരു വില്ലനെ പോലെയുള്ള നോട്ടവും ഭാവവുമായി എത്തുന്ന ഐപ്പേട്ടന്റെ കൂടുതല്‍ ലെയറുകള്‍ സിനിമയുടെ അവസാനത്തോടെ കാണാനാകും.

ചുരുക്കി പറഞ്ഞാല്‍ മോളിക്കുട്ടിയുടെയും ഡേവിസിന്റെയും ബന്ധവും അവരുടെ കഥയും പ്രേക്ഷകരുടെ മനസ് നിറക്കും.

Content Highlight: Johnny Anthony’s Davis and his cow is one of the most important character in the film is palthu janwer 

We use cookies to give you the best possible experience. Learn more