ജോണ്‍ റൈറ്റും സൗരവ് ഗാംഗുലിയും കമന്ററി ബോക്‌സില്‍; ആവേശത്തില്‍ ക്രിക്കറ്റ് ലോകം
ICC WORLD CUP 2019
ജോണ്‍ റൈറ്റും സൗരവ് ഗാംഗുലിയും കമന്ററി ബോക്‌സില്‍; ആവേശത്തില്‍ ക്രിക്കറ്റ് ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th May 2019, 11:16 am

സോഫിയ ഗാര്‍ഡന്‍: ഇന്നലെ നടന്ന ഇന്ത്യ-ബംഗ്ലാദേശ് ലോകകപ്പ് സന്നാഹമത്സരത്തില്‍ ധോണിയുടേയും കെ.എല്‍ രാഹുലിന്റെയും സെഞ്ച്വറി മാത്രമായിരുന്നില്ല ആകര്‍ഷണീയ ഘടകം. കമന്ററി ബോക്‌സില്‍ ഇന്ത്യയുടെ മുന്‍ പരിശീലകന്‍ ജോണ്‍ റൈറ്റും മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഒരുമിച്ചെത്തിയതും ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി.

2000 മുതല്‍ 2005 വരെ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചിരുന്ന ജോണ്‍ റൈറ്റും അക്കാലയളവില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്ന സൗരവ് ഗാംഗുലിയുമാണ് കോഴവിവാദത്തില്‍പ്പെട്ട ടീമിനെ പുതിയ ടീമായി വാര്‍ത്തെടുത്തത്.

ക്യാപ്റ്റനും കോച്ചും തമ്മിലുള്ള കെമിസ്ട്രി ഏറ്റവും പ്രയോജനപ്രദമായിരുന്ന കാലമായിരുന്നു അത്. ഇരുവരുടേയും നേതൃത്വത്തില്‍ തുടര്‍ച്ചയായി 16 ടെസ്റ്റ് ജയം നേടി വന്ന ഓസ്‌ട്രേലിയയുടെ ജൈത്രയാത്ര അവസാനിച്ചു. ഇംഗ്ലണ്ടിലെ നാറ്റ്‌വെസ്റ്റ് ട്രോഫി, 2003 ലോകകപ്പിലെ ഫൈനല്‍ തുടങ്ങിയവയും ഈ സഖ്യത്തിന്റെ നേട്ടങ്ങളാണ്.

യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ഇരുവരും അതീവജാഗ്രത പുലര്‍ത്തി. മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, വിരേന്ദ്രര്‍ സെവാഗ്, മഹേന്ദ്രസിംഗ് ധോണി എന്നിവരെല്ലാം റൈറ്റ്- ഗാംഗുലി സഖ്യത്തിന്റെ കണ്ടെത്തലുകളാണ്.

ജോണ്‍ റൈറ്റ് പരിശീലകസ്ഥാനം ഒഴിഞ്ഞ ശേഷം ചുമതലയേറ്റ ഗ്രെഗ് ചാപ്പലും ഗാംഗുലിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇന്ത്യന്‍ ടീമിനെ കലുഷിതമാക്കി. ഗാംഗുലിയുടെ ക്യാപ്റ്റന്‍ സ്ഥാനവും തെറിച്ചു. ചാപ്പലിന്റെ തന്ത്രങ്ങളുമായി രാഹുല്‍ ദ്രാവിഡിന് കീഴില്‍ 2007 ലോകകപ്പിനിറങ്ങിയ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു.

WATCH THIS VIDEO: