മുന്‍ ഇംഗ്ലണ്ട്, ചെല്‍സി നായകന്‍ ജോണ്‍ ടെറി വിരമിച്ചു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ടെറി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 37കാരനായ ടെറി കഴിഞ്ഞ സീസണില്‍ ആസ്റ്റണ്‍വില്ല വിട്ടതിന് ശേഷം ഒരു ക്ലബ്ബിന്റെയും ഭാഗമായിരുന്നില്ല.
സെപ്റ്റംബറില്‍ സാപാര്‍ട്ടാക്ക് മോസ്‌ക്കോയിലേക്ക് ടെറിപോകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പരിശീലക രംഗത്തേക്ക് നീങ്ങുന്നതിന് വേണ്ടിയാണ് താരം തീരുമാനം മാറ്റിയതെന്നാണ് സൂചന. കഴിഞ്ഞയാഴ്ച ചെല്‍സി അണ്ടര്‍ 19 ടീമിനെ യുവേഫ യൂത്ത് ലീഗ് മത്സരത്തിനായി ടെറി സഹായിച്ചിരുന്നു. ആസ്റ്റണ്‍വില്ലയുടെ സഹപരിശീലകനായി ടെറി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രണ്ട് പതിറ്റാണ്ട് കാലം ചെല്‍സിയുടെ ഭാഗമായിരുന്ന ടെറി 2017ലാണ് ക്ലബ്ബ് വിട്ടിരുന്നത്. സറ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അഞ്ച് തവണ പ്രീമിയര്‍ ലീഗും, എഫ്.എ കപ്പും ഒരു തവണ ചാംപ്യന്‍സ് ലീഗ് കിരീടവും ടെറി നേടിയിട്ടുണ്ട്.
വെസ്റ്റ്ഹാമില്‍ നിന്ന് പതിനാലാം വയസിലാണ് ടെറി ചെല്‍സി അക്കാദമിയിലെത്തുന്നത്. 1998 ഒക്ടോബറില്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായി പകരക്കാരനായാണ് ആദ്യമായി ടെറി ചെല്‍സിക്ക് വേണ്ടി കളിക്കാനിറങ്ങിയത്.