വംശീയാധിക്ഷേപം: ടെറിയുടെ വിചാരണ തുടങ്ങി
DSport
വംശീയാധിക്ഷേപം: ടെറിയുടെ വിചാരണ തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2012, 9:35 am

ലണ്ടന്‍: വംശീയ അധിക്ഷേപക്കേസില്‍ ഇംഗ്ലണ്ട് ഫുട്‌ബോള് ടീം നായകനായിരുന്ന ജോണ്‍ ടെറിയെ കോടതിയില്‍ ഹാജരാക്കി. ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ് താരം അന്റണ്‍ ഫെര്‍ഡിനാഡിനെ കളിക്കിടെ വംശീയമായി അധിക്ഷേപിച്ചു എന്ന കേസിലാണ് ടെറി വിചാരണ നേരിടുന്നത്.

വംശീയാധിക്ഷേപത്തിന്റെ പേരില്‍ ടെറിയെ കഴിഞ്ഞ ദിവസമാണ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കിയത്‌. ടെറിയ്‌ക്കെതിരെ ശക്തമായ വാദവുമായാണ് പ്രതിഭാഗം കോടതിയില്‍ ഹാജരായത്. ടെറി ഫെര്‍ഡിനാഡിനെ അധിക്ഷേപിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ടെറി തന്നെ അധിക്ഷേപിച്ച സമയത്ത് താന്‍ വല്ലാതെ വിഷമിച്ചെന്നും ആരെങ്കിലും ഒരാള്‍ വംശത്തെ അധിക്ഷേപിക്കുന്നത് കേട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും ഫെര്‍ഡിനാഡ് കോടതിയില്‍ മൊഴിനല്‍കി.

ടെറി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഏതാണ്ട്  3,9000 ഡോളര്‍ നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നാണ് അറിയുന്നത്. ചെല്‍സി-ക്യൂന്‍പാര്‍ക്ക് റേഞ്ചേഴ്‌സ് മത്സരത്തില്‍ ചെല്‍സി ടീം 1-0 ന് പരാജയപ്പെട്ടിരുന്നു. ഇതില്‍ കുപിതനായ ടെറി കളികഴിഞ്ഞുമടങ്ങവേ കറുത്ത വര്‍ഗക്കാരനായ എതിര്‍ ടീം ഡിഫണ്ടര്‍ ഫെര്‍ഡിനാഡിനെ വംശീയമായി അധിക്ഷേപിച്ചതായാണ് പരാതി.

ടെറിയും ഫെര്‍ഡിനാഡും തമ്മിലുള്ള വീഡിയോ ക്ലിപ്പുകള്‍ അന്നു മുതല്‍ തെന്നെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഫെര്‍ഡിനാഡ് പരാതിയുമായി രംഗത്തെത്തുന്നത്.

ഇതിന് മുന്‍പും ടെറിയ്ക്ക് ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. ടെറിയുടെ സഹതാരം വെയ്ന്‍ ബ്രിഡ്ജിന്റെ മുന്‍ കാമുകിയുമായുള്ള വഴിവിട്ടബന്ധത്തിന്റെ പേരിലായിരുന്നു ടെറിക്കെതിരെ അന്ന് നടപടിയുണ്ടായത്.