| Wednesday, 10th March 2021, 5:03 pm

അന്ന് ആ കോസ്റ്റ്യൂമിടാന്‍ ശോഭന വിസമ്മതിച്ചു, പിന്നീട് മറ്റ് സിനിമകളില്‍ അത്തരം കോസ്റ്റ്യൂമിട്ടതിന് ശോഭന കാരണം പറഞ്ഞതിങ്ങനെ; ജോണ്‍പോള്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലു മഹേന്ദ്ര സംവിധാനവും സിനിമാറ്റോഗ്രാഫിയും നിര്‍വഹിച്ച ചിത്രമായ യാത്ര പ്രേക്ഷക പ്രശംസ സമ്പാദിച്ച ചിത്രമായിരുന്നു. ശോഭനയും മമ്മൂട്ടിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

യാത്രയുടെ കഥയും സംഭാഷണവും നിര്‍വഹിച്ചത് ജോണ്‍പോള്‍ ആണ്. യാത്ര സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വനിതയില്‍ ജോണ്‍പോള്‍.

യാത്ര കമേഴ്‌സ്യല്‍ വിജയം നേടില്ലെന്ന പലരുടെയും മുന്‍ പ്രവചനങ്ങള്‍ തിരുത്തിക്കൊണ്ടാണ് സിനിമ തിയേറ്ററുകളില്‍ വന്‍ വിജയം നേടിയതെന്ന് ജോണ്‍പോള്‍ പറയുന്നു. തുളസി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിലെ എക്കാലത്തും മറക്കാത്ത നായികയായി ശോഭന മാറിയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ തുളസിക്കുവേണ്ടി കരുതിയിരുന്ന കോസ്റ്റ്യൂം ധരിക്കാന്‍ ശോഭന വിസമ്മതിച്ചുവെന്നും ജോണ്‍ പോള്‍ പറഞ്ഞു.

‘അധികം കണ്ടുപരിചയമുള്ള നടിയാകരുതെന്ന് കരുതിയിരുന്നു. അങ്ങനെയാണ് ശോഭനയിലേക്ക് വന്നത്. ആദ്യം മധുമതിയിലെ വൈജയന്തിമാലയുടെ വേഷം പോലെ, ബ്ലൗസില്ലാതെ ചുമലുകള്‍ കാണുന്ന രീതിയില്‍ ചേലയുടുക്കുന്ന തരം കോസ്റ്റ്യൂമില്‍ വേണം തുളസിയുടെ വേഷമെന്ന് സംവിധായകന്‍ തീരുമാനിച്ചിരുന്നു. പക്ഷേ അത്തരം കോസ്റ്റ്യൂമിടാന്‍ ശോഭന തീര്‍ത്തും വിസമ്മതിച്ചു. പക്ഷേ ശോഭന പില്‍ക്കാലത്ത് അത്തരം കോസ്റ്റ്യൂം ധരിച്ച് മറ്റു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് പിന്നീട് കണ്ട സമയത്ത് ശോഭനയോട് ചോദിച്ചിരുന്നു. അപ്പോള്‍ ശോഭനയുടെ മറുപടി ഇതായിരുന്നു. അന്ന് ഞാന്‍ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തില്‍ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരമില്ലായിരുന്നു,’ ജോണ്‍പോള്‍ പറഞ്ഞു.

ശോഭന അതിമനോഹരമായാണ് കഥാപാത്രത്തെ ഉള്‍ക്കൊണ്ടതെന്നും ജോണ്‍പോള്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: John Paul shares experience about Sobhana

Latest Stories

We use cookies to give you the best possible experience. Learn more