| Thursday, 24th June 2021, 8:36 am

മെകഫി ആന്റിവൈറസ് സ്ഥാപകന്‍ ജോണ്‍ മെകഫി ജയിലില്‍ മരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഴ്‌സലോണ: പ്രശസ്ത ആന്റി വൈറസ് സോഫ്റ്റ്വെയറായ മെകഫിയുടെ സ്ഥാപകന്‍ ജോണ്‍ മെകഫിയെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്‌സലോണയിലെ ജയിലിലാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 75 വസസ്സായിരുന്നു.

നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷമാണ് മെകഫി സ്‌പെയിനില്‍ അറസ്റ്റിലായത്. ഇദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസം സ്‌പെയിന്‍ കോടതി വിധിച്ചിരുന്നു.

വിധി വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് മെകഫി മരിച്ചത്. ഏകദേശം 9 മാസമാണ് മെകാഫി ജയിലില്‍ കഴിഞ്ഞത്. വിധിയെത്തുടര്‍ന്നുണ്ടായ നിരാശയില്‍ മെകഫി ജയിലിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്.

ലോകത്ത് ആദ്യമായി ആന്റി വൈറസ് വില്‍പ്പന തുടങ്ങിയ കമ്പനിയാണ് മെകഫി.1998ല്‍ ജോണ്‍ മെകഫി ആന്റിവൈറസ് കമ്പനി തുടങ്ങിയത്.

ഇന്നും കോടിക്കണക്കിന് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന മെകഫി പില്‍ക്കാലത്ത് ഇന്റല്‍ വാങ്ങി. ആന്റി വൈറസ് കമ്പനി സ്ഥാപിക്കുന്നതിന് മുന്‍പ് നാസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മെകഫി ജോലി ചെയ്തിരുന്നു.

നിരവധി വിവാദപ്രസ്താവനകളിലൂടെയും മെകഫി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും മെകഫി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് ബാഴ്‌സലോണ വിമാനത്താവളത്തില്‍ വെച്ച് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുമായി ഇസ്താംബൂളിലേക്ക് വിമാനം കയറുന്നതിനിടെയാണ് മെകഫി പിടിയിലായത്. ഇക്കഴിഞ്ഞ മെയില്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ അദ്ദേഹം തന്നെ അമേരിക്കയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: John McAfee Died In Spain

We use cookies to give you the best possible experience. Learn more