ബീറ്റില്‍സ് ഗായകന്‍ ജോണ്‍ ലെനന്‍ കൊല്ലപ്പെടുമെന്നത് അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് മാസം മുമ്പെ അറിഞ്ഞിരുന്നുവെന്ന് കൊലപാതകിയായ മാര്‍ക്ക് ചാപ്മാന്റെ ഭാര്യ ഗ്ലോറിയ ഹിറോകോ ചാപ്മാന്‍. 1980ലാണ് മാന്‍ഹാട്ടനിലെ വസതിയില്‍ വെച്ച് ലെനന്‍ കൊല്ലപ്പെടുന്നത്.
ഒരിക്കല്‍ ന്യൂയോര്‍ക്കില്‍ പോയി ഹവായില്‍ തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഹിറോകോ ബ്രിട്ടീഷ് ടാബ്ലോയ്ഡായ ഡെയ്‌ലി മിററിനോട് പറഞ്ഞു. “ഒരു ദിവസം ഭയന്നുവിറച്ചു കൊണ്ട് വീട്ടിലേക്ക് വന്ന അദ്ദേഹം ജോണ്‍ ലെനനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി. പക്ഷെ എന്റെ സ്‌നേഹം അദ്ദേഹത്തെ പിന്തിരിപ്പിച്ചെന്ന് പറഞ്ഞു.” ഹിറോകോ പറഞ്ഞു.
എന്നാല്‍ രണ്ട് മാസത്തിന് ശേഷം ചാപ്മാന്‍ വീണ്ടും ന്യൂയോര്‍ക്കിലേക്ക് പോയപ്പോള്‍ ലെനനെ കൊല്ലാനാണെന്ന് അറിഞ്ഞിരുന്നില്ല. ഇതിനിടയില്‍ തന്റെ തോക്ക് കടലില്‍ എറിഞ്ഞെന്ന് ചാപ്മാന്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നെന്നും ഹിറോകോ പറഞ്ഞു.
കുപ്രസിദ്ധിയ്ക്ക് വേണ്ടിയാണ് ജോണ്‍ ലെനനെ കൊന്നതെന്ന് ചാപ്മാന്‍ വെളിപ്പെടുത്തിയിരുന്നു. മാനസികാസ്വസ്ഥ്യമുണ്ടെന്ന് വ്യക്തമായിരുന്നെങ്കിലും വിചാരണ ചെയ്യപ്പെടാന്‍ പ്രാപ്തനാണെന്ന് കോടതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ചാപ്മാന്‍ ആഗസ്റ്റ് 20ന് പരോളില്‍ ഇറങ്ങുകയാണ്.