| Wednesday, 10th September 2014, 10:08 pm

ഇസ്‌ലാമിക് സ്റ്റേറ്റിനെ നേരിടാനുള്ള ചര്‍ച്ചകള്‍ക്കായി ജോണ്‍ കെറി ഇറാഖില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ബഗ്ദാദ്: ഇറാഖിലും സിറിയയിലും മുന്നേറ്റം നടത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ ആക്രമണം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ക്കായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെത്തി. ഇസിസിനെ സൈനികമായും രാഷ്ട്രീയമായും നേരിടാനുള്ള നടപടികളുടെ ഭാഗമായി നടത്തുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പര്യടനങ്ങള്‍ക്കിടെയാണ് കെറി ഇറാഖിലെത്തിയത്.

ഹൈദര്‍ അല്‍ അബാദിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ പുതിയ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജോണ്‍ കെറി ഇറാഖ് സര്‍ക്കാരുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നത്. ഇറാഖിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി അബാദി സര്‍ക്കാര്‍ വിലയിരുത്തപ്പെടുമെന്നും ഇറാഖിലെ വ്യത്യസ്ത വിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കാന്‍ പുതിയ സര്‍ക്കാറിന് സാധിക്കുമെന്നും ജോണ്‍ കെറി തിങ്കളാഴ്ച പറഞ്ഞിരുന്നു.

ഇസ്‌ലാമിക് സ്റ്റേറ്റിനെ നേരിടാന്‍  അറബ് ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇറാഖിലെത്തിയത്. ഇസിസിനെ തുരത്താനുള്ള സൈനിക നടപടികള്‍ക്കായി സൗദി അറേബ്യയുമായും  അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

അതേസമയം ഇസിസിനെതിരായ പോരാട്ടങ്ങളില്‍ സഹകരിക്കാന്‍ 40ഓളം രാജ്യങ്ങള്‍ തയ്യാറായതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു. ഇസ്‌ലാമിക് സ്‌റ്റേറ്റിനെ നേരിടാനുള്ള പദ്ധതികളെക്കുറിച്ച്  അമേരിക്കയുടെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച വാഷിങ്ടണില്‍ നടക്കും.

We use cookies to give you the best possible experience. Learn more