|

അണ്ണാ, മലയാളത്തിനെ ഇങ്ങനെ കൊല്ലല്ലേ എന്ന് ഞാന്‍ ശിവകാര്‍ത്തികേയനോട് പറയാറുണ്ടായിരുന്നു: ജോണ്‍ കൈപ്പള്ളില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തട്ടത്തിന്‍ മറയത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ജോണ്‍ കൈപ്പള്ളില്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ജോണിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും ജോണ്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അജിത് നായകനായ എന്നൈ അറിന്താലിലൂടെയാണ് ജോണ്‍ തമിഴില്‍ അരങ്ങേറിയത്.

തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ അമരനിലും ജോണ്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മേജര്‍ മിഥുന്‍ മോഹന്‍ എന്ന കഥാപാത്രമായാണ് ജോണ്‍ വേഷമിട്ടത്. മലയാളിയായ മിലിട്ടറി ഓഫീസറായിട്ടാണ് ജോണ്‍ അമരനില്‍ പ്രത്യക്ഷപ്പെട്ടത്. ശിവകാര്‍ത്തികേയനുമൊത്തുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജോണ്‍ കൈപ്പള്ളില്‍.

തനിക്ക് ആ സിനിമയില്‍ ഉണ്ടായിരുന്ന സീനുകളെല്ലാം ശിവകാര്‍ത്തികേയനുമായുള്ള കോമ്പിനേഷന്‍ സീനുകളായിരുന്നെന്ന് ജോണ്‍ പറഞ്ഞു. മിലിട്ടറി പോര്‍ഷനില്‍ ശിവകാര്‍ത്തികേയന് കൂടുതലും മറ്റ് ആര്‍ട്ടിസ്റ്റുകളുമായിട്ടായിരുന്നു ഷൂട്ടെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു. വളരെ പെട്ടെന്ന് താനും ശിവയും കമ്പനിയായെന്നും ആ കഥാപാത്രങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി തങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നെന്ന് ജോണ്‍ പറഞ്ഞു.

സിനിമക്ക് വേണ്ടി ശിവകാര്‍ത്തികേയന്‍ കഷ്ടപ്പെട്ട് മലയാളം പഠിച്ചിരുന്നെന്നും എന്നാല്‍ അത് കേള്‍ക്കുമ്പോള്‍ തനിക്ക് ചിരി വരുമായിരുന്നെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു. തമിഴ് ശൈലിയില്‍ മലയാളം പറയുമ്പോള്‍ മലയാളത്തെ ഇങ്ങനെ കൊല്ലല്ലേ എന്ന് താന്‍ ശിവകാര്‍ത്തികേയനോട് പറയുമായിരുന്നെന്നും ജോണ്‍ പറഞ്ഞു. ജാങ്കോ സ്‌പോസ് ടി.വിയോട് സംസാരിക്കുകയായിരുന്നു ജോണ്‍ കൈപ്പള്ളില്‍.

‘എനിക്ക് ആ സിനിമയിലുള്ള സീനുകള്‍ മൊത്തം ശിവകാര്‍ത്തികേയന്റെ കൂടെയുള്ളതായിരുന്നു. കാശ്മീരിലായിരുന്നു എന്റെ ഷൂട്ട് മുഴുവന്‍. ശിവകാര്‍ത്തികേയന് ബാക്കി എല്ലാ ആര്‍ട്ടിസ്റ്റുകളുമായും സീനുകളുണ്ട്. പുള്ളിയുടെ ഒരു സ്‌പെഷ്യല്‍ ടീമുണ്ട്. ആ ടീമിന്റെ കൂടെയാണ് ശിവക്ക് കൂടുതലും ഷൂട്ടുണ്ടായിരുന്നത്. പിന്നെ എന്റെയും ശിവയുടെയും ക്യാരക്ടറുകള്‍ തമ്മിലുള്ള കെമിസ്ട്രി ഞങ്ങളുടെ ഇടയിലും വര്‍ക്കായി.

എനിക്ക് ഷൂട്ട് ഇല്ലാത്ത സമയത്ത് ഞാന്‍ ശിവയുടെ സീന്‍ എടുക്കുന്നതൊക്കെ കാണാന്‍ പോകുമായിരുന്നു. പുള്ളി നമ്മളെ കാണുമ്പോള്‍ മാക്‌സിമം മലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിക്കുമായിരുന്നു. എനിക്കാണെങ്കില്‍ അത് കേള്‍ക്കുമ്പോള്‍ ചിരി വരും. തമിഴ് ടച്ചുള്ള ശൈലിയില്‍ ‘എന്താണ്? ഫുഡ് ഒക്കെ കഴിച്ചോ?’ എന്ന് ചോദിക്കുമായിരുന്നു. എന്റെ പൊന്നണ്ണാ, നിങ്ങള്‍ മലയാളത്തിനെ ഇങ്ങനെ കൊല്ലല്ലേ എന്ന് ഞാന്‍ ശിവയോട് പറഞ്ഞിട്ടുണ്ട്,’ ജോണ്‍ കൈപ്പള്ളില്‍ പറയുന്നു.

Content Highlight: John Kaippallil shares his shooting experience with Sivakarthikeyan in Amaran