ബെര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ വെയ്റ്റ് ലിഫ്റ്റര്‍ സങ്കേത് സര്‍ഗറിനെ അഭിനന്ദിച്ച് പ്രൊഫഷണല്‍ റെസ്‌ലിങ് താരവും ഡബ്ല്യൂ.ഡബ്ല്യൂ.ഇ സൂപ്പര്‍ സ്റ്റാറുമായ ജോണ്‍ സീന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് താരം സര്‍ഗറിന് ആശംസയറിയിക്കുന്നത്.
താരത്തിന്റെ എല്ലാ പോസ്റ്റിനും സമാനമായി സര്‍ഗറിന് അഭിനന്ദനമറിയിക്കുന്ന പോസ്റ്റിലും ഒരു ക്യാപ്ഷനും അദ്ദേഹം നല്‍കിയിട്ടില്ല. വെള്ളി മെഡല്‍ നേടുന്നതിനായി സര്‍ഗര്‍ വെയ്റ്റ് ലിഫ്റ്റ് ചെയ്ത ചിത്രമായിരുന്നു താരം പങ്കുവെച്ചത്.
ഒരു ക്യാപ്ഷനുമില്ലെങ്കിലും സീന എന്താണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തെ അറിയുന്ന എല്ലാവര്‍ക്കും മനസിലാവും. സീനയുടെ പോസ്റ്റിന് താഴെ ഇന്ത്യന്‍ ആരാധകരുടെ സമ്മേളനമാണ്. നിരവധി അഭിനന്ദന കമന്റുകളാണ് സീനയുടെ പോസ്റ്റില്‍ സര്‍ഗറിന് ലഭിക്കുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ 55 കിലോഗ്രാം വിഭാഗം വെയ്റ്റ് ലിഫ്റ്റിങ്ങിലായിരുന്നു സങ്കേത് മഹാദേവ് സര്‍ഗര്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. സ്‌നാച്ചില്‍ 113 കിലോഗ്രാം ഉയര്‍ത്തി വ്യക്തമായ ലീഡായിരുന്നു താരം മത്സരത്തില്‍ നേടിയത്. തുടര്‍ന്ന് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 135 കിലോഗ്രാം ഉയര്‍ത്തി ലീഡ് മെച്ചപ്പെടുത്തിയിരുന്നു.
139 കിലോഗ്രാം എന്ന കടമ്പ കടക്കാനുള്ള രണ്ട് ശ്രമവും പരാജയപ്പെട്ടതോടെ ആകെ 248 കിലോഗ്രാം ഉയര്‍ത്തിയാണ് താരം ഇന്ത്യയ്ക്കായി നേട്ടം കൊയ്തത്. അവസാന ശ്രമത്തിനിടെ താരത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്‌നാച്ചില്‍ 107 കിലോഗ്രാം മാത്രമാണ് ഉയര്‍ത്താനായതെങ്കിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലേഷ്യയുടെ മുഹമ്മദ് ഇനിഖ് ഇന്ത്യന്‍ താരത്തെ മറികടക്കുകയായിരുന്നു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 142 കിലോഗ്രാം ഉയര്‍ത്തിയ അനിഖ് ആകെ 249 കിലോഗ്രാം ഉയര്‍ത്തി, ഈ വിഭാഗത്തിലെ ഗെയിംസ് റെക്കോഡ് തിരുത്തിയാണ് സ്വര്‍ണം നേടിയത്.
ശ്രീലങ്കയുടെ ദിലങ്ക ഇസുരു കുമാരയ്ക്കാണ് വെങ്കലം. ആകെ 225 കിലോഗ്രാം ഉയര്‍ത്തിയാണ് കുമാര മൂന്നാം സ്ഥാനം നേടിയത്.
അതേസമയം, 26 മെഡലുമായി നിലവില്‍ ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഒമ്പത് സ്വര്‍ണവും എട്ട് വെള്ളിയും ഒമ്പത് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
52 സ്വര്‍ണവും 44 വെള്ളിയും 46 വെങ്കലവുമടക്കം 142 മെഡലുമായി ഓസ്‌ട്രേലിയ ആണ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. 47 സ്വര്‍ണവും 47 വെള്ളിയും 38 വെങ്കലുമടക്കം 132 മെഡലുമായി ഇംഗ്ലണ്ടാണ് രണ്ടാമത്.