കഴിഞ്ഞ ദിവസമായിരുന്നു 2022ലെ അവസാന ഫ്രൈഡേ നൈറ്റ് സ്മാക്ഡൗണ്‍ അരങ്ങേറിയത്. ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ രണ്ടാമത്തെ മികച്ച ബ്രാന്‍ഡ് പ്രൊമോഷനായ ബ്ലൂ ബ്രാന്‍ഡിന്റെ അവസാന ഷോയായിരുന്നു ഡിസംബര്‍ 30ന് നടന്നത്.
ഷോയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ജോണ്‍ സീന തന്നെയായിരുന്നു. 16 തവണ വേള്‍ഡ് ചാമ്പ്യനായ ജോണ്‍ സീന 2022ല്‍ ആദ്യമായി റിങ്ങിലെത്തുന്നത് ഡിസംബര്‍ 30ലെ ഫ്രൈഡേ നൈറ്റ് സ്മാക്ക് ഡൗണിലാണ്.
കെവിന്‍ ഓവന്‍സിനൊപ്പം ചേര്‍ന്ന് ബ്ലഡ് ലൈനിലെ ഡബ്ല്യൂ.ഡബ്ല്യൂ.ഇ യൂണിവേഴ്‌സല്‍ ചാമ്പ്യന്‍ റോമന്‍ റെയ്ങ്‌സിനെയും സാമി സെയ്‌നിനെയും നേരിടാനായിട്ടായിരുന്നു സീന ഒരിക്കല്‍ക്കൂടി റിങ്ങിലെത്തിയത്.
View this post on Instagram
.@JohnCena IS BACK!!!#SmackDown pic.twitter.com/7ZjCvN98D3
— WWE (@WWE) December 31, 2022
ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ 2022ലെ അവസാന മത്സരമായിരുന്നു ഇത്. ബ്ലഡ് ലൈനിനെ നേരിടാന്‍ കെവിന്‍ ഓവന്‍സിന് ആരെയും തന്റെ ടാഗ് ടീം പാര്‍ട്ണറായി തെരഞ്ഞെടുക്കാന്‍ സാധിക്കുമായിരുന്നു. ഓവന്‍സ് തെരഞ്ഞെടുത്തതാകട്ടെ സീനയെയും.
തൊട്ടുമുമ്പുള്ള സ്മാക്ക് ഡൗണിലാണ് താനാണ് ഓവന്‍സിന്റെ ടാഗ് ടീം പാര്‍ട്ണറെന്ന് സീന അറിയിച്ചത്. ഇതോടെ ഡിസംബര്‍ 30ലെ ഫ്രൈഡേ നൈറ്റ് സ്മാക്ക് ഡൗണിന്റെ ആയിരക്കണക്കിന് ടിക്കറ്റുകളാണ് ഒറ്റയടിക്ക് വിറ്റുപോയത്.
2022ലെ ഏറ്റവും വലിയ പോപ്പുകളിലൊന്നായിരുന്നു സീനയുടെ ‘ദി ടൈം ഈസ് നൗ’ എന്ന തീം സോങ് മുഴങ്ങിയപ്പോള്‍ ക്രൗഡില്‍ നിന്നും ഉയര്‍ന്നത്. എന്നത്തേയും പോലെ ക്യാമറയില്‍ നോക്കി ലോകമെമ്പാടുമുള്ള ആരാധകരോട് സംസാരിച്ചും 20 വര്‍ഷക്കാലം തന്നെ സ്‌നേഹിച്ചതിന് നന്ദി പറഞ്ഞുമാണ് സീന റിങ്ങിലേക്കെത്തിയത്.
2022ലെ സീനയുടെ ആദ്യ മാച്ചായിരുന്നു ഇത്. ഇതോടെ 2002ല്‍ ഇന്‍ റിങ് ഡെബ്യൂ നടത്തിയതിന് പിന്നാലെ എല്ലാ വര്‍ഷവും ഒറ്റ മത്സരത്തിനെങ്കിലും സീന ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍ എത്തിയിട്ടുണ്ട്.
മികച്ച രീതിയില്‍ സ്‌ക്രിപ്റ്റ് ചെയ്യപ്പെട്ട മാച്ചായിരുന്നു ഇത്. സീനയുടെയും കെവിന്‍ ഓവന്‍സിന്റെയും കെമിസ്ട്രി കൃത്യമായി വര്‍ക് ഔട്ട് ചെയ്തുകൊണ്ടുള്ള മത്സരത്തില്‍ ബ്ലഡ് ലൈനിനെ തോല്‍പിച്ചുകൊണ്ട് ഇരുവരും വിജയം പിടിച്ചടക്കുകയായിരുന്നു.
ജോണ്‍ സീന തന്റെ ഫിനിഷറായ ആറ്റിറ്റിയൂഡ് അഡ്ജസ്റ്റ്‌മെന്റിലൂടെ റോമന്‍ റെയ്ങ്‌സിനെ ഇന്‍കപ്പാസിറ്റേറ്റ് ചെയ്തപ്പോള്‍ ഓവന്‍സ് സ്റ്റണ്ണറിലൂടെ സാമി സെയ്‌നിനെ കീഴ്‌പ്പെടുത്തുകയും പിന്‍ ചെയ്യുകയുമായിരുന്നു.
2022ല്‍ റോമന്‍ റെയ്ങ്‌സിന്റെ രണ്ടാമത് മാത്രം തോല്‍വിയാണിത്. ഏറെ കാലമായി മോശം സ്‌ക്രിപ്റ്റിങ്ങിന്റെ പേരില്‍ ആരാധകരുടെ പഴി കേട്ടിരുന്ന ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഏറ്റവും മികച്ച സ്‌ക്രിപ്റ്റിങ്ങിലൊന്നായാണ് ആരാധകര്‍ ഇതിനെ ഏറ്റെടുത്തിരിക്കുന്നത്.
ഇതിന് പുറമെ ഒരു ലോങ് ടൈം സ്‌റ്റോറി ലൈനും ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ മനസിലുണ്ടെന്നാണ് ആരാധകര്‍ കരുതുന്നത്. നേരത്തെ പ്രൊമോ കട്ടിങ്ങിനിടെ ഒരു സ്‌കൂള്‍ ബോയ്‌യിലൂടെ റോമനെ സീന പിന്‍ ചെയ്തിരുന്നു. മറ്റൊരു ചാമ്പ്യന്‍ഷിപ്പ് മാച്ചിലേക്കാണോ ഇത് വിരല്‍ ചൂണ്ടുന്നതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അങ്ങനെയെങ്കില്‍ 2023 റെസില്‍മാനിയയില്‍ ജോണ്‍ സീന vs റോമന്‍ റെയ്ങ്‌സ് മാച്ച് ഉണ്ടാകുമെന്നും സീന 17ാം തവണയും ഡബ്ല്യൂ.ഡബ്ല്യൂ.ഇ വേള്‍ഡ് ചാമ്പ്യനാകുമെന്നും ആരാധകര്‍ കരുതുന്നു.
Content highlight: John Cena returns to WWE on last match of 2022