|

സിദ്ധാര്‍ത്ഥ് ശുക്ലയ്ക്ക് ആദരമര്‍പ്പിച്ച് ജോണ്‍ സീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാസാച്ചൂസറ്റ്‌സ്: ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനും ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയുമായ നടന്‍ സിദ്ധാര്‍ത്ഥ് ശുക്ലയ്ക്ക് ആദരമര്‍പ്പിച്ച് ഡബ്ല്യു. ഡബ്ല്യു. ഇ സൂപ്പര്‍ താരം ജോണ്‍ സീന. തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സിദ്ധാര്‍ത്ഥിന്റെ ഫോട്ടോ പങ്കുവെച്ചാണ് സീന താരത്തോടുള്ള ആദരവ് വ്യക്തമാക്കിയത്.

ഫോട്ടോ പങ്കുവെച്ചതിന് തൊട്ടു പിന്നാലെ ലോകത്തിന്റെ പല കോണുകളിലും നിന്നുള്ള പ്രതികരണങ്ങളാണ് കമന്റുകളായും ഷെയറുകളായും എത്തുന്നത്. വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ പ്രമുഖരും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.

ചിത്രത്തിന് യാതൊരു വിധത്തിലുള്ള ക്യാപ്ഷനും സീന നല്‍കിയിട്ടില്ല. ഇത്തരത്തില്‍ ക്യാപ്ഷന്‍ നല്‍കാതെയാണ് സീന എല്ലാ ചിത്രങ്ങളും പങ്കുവെക്കാറുള്ളത്. ‘എന്റെ ഇന്‍സ്റ്റഗ്രാമിലേക്ക് സ്വാഗതം. ക്യാപ്ഷനില്ലാതെയാണ് ഇവിടെ എല്ലാ ചിത്രങ്ങളും പോസ്റ്റ് ചെയ്യുക, അത് നിങ്ങളുടെ ഇഷ്ടത്തിന് വ്യാഖ്യാനിക്കാം’ എന്നാണ് സീന തന്റെ ഇന്‍സ്റ്റഗ്രാം ബയോ നല്‍കിയിരിക്കുന്നത്.

16 തവണ ഡബ്ല്യു. ഡബ്ല്യു. ഇ വേള്‍ഡ് ചാമ്പ്യനായ ജോണ്‍ സീന ഹോളിവുഡ് സിനിമാ രംഗത്തും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ഡബ്ല്യു. ഡബ്ല്യു. ഇയുടെ ‘മേക്ക് എ വിഷ്’ എന്ന സന്നദ്ധ സംഘടനയുടെ ബ്രാന്റ് അംബാസഡര്‍ കൂടിയാണ് ജോണ്‍ സീന.

സെപ്റ്റംബര്‍ 2ാം തീയ്യതിയാണ് സിദ്ധാര്‍ത്ഥ് ശുക്ല ഹൃദയാഘാതം മൂലം അന്തരിച്ചത്. മുംബൈയിലെ വസതിയില്‍ വെച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂപ്പര്‍ ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്.

1980കളില്‍ മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച സിദ്ധാര്‍ത്ഥിന് കളേഴ്സ് ചാനലിലെ ബാലിക വധു എന്ന സീരിയലിലെ കഥാപാത്രമായിരുന്നു ബ്രേക്ക് നല്‍കിയത്. പിന്നീട് നിരവധി ഹിന്ദി സീരിയലുകളില്‍ നായകകഥാപാത്രമായി എത്തിയിരുന്നു.

2014ല്‍ ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ചു. 2019ല്‍ ബിഗ് ബോസിന്റെ 13ാം സീസണില്‍ വിജയി കൂടിയായതോടെ താരത്തിന് ആരാധകരേറിയിരുന്നു. ഖത് രോം കി ഖിലാഡിയിലും സിദ്ധാര്‍ത്ഥ് വിജയിയാരുന്നു.

സാവ്ധാന്‍ ഇന്ത്യ, ഇന്ത്യ ഗോട്ട് ടാലന്റ് എന്നീ റിയാലിറ്റി ഷോകളുടെ അവതാരകനായും സിദ്ധാര്‍ത്ഥ് എത്തിയിരുന്നു.

ഈ വര്‍ഷമിറങ്ങിയ ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്ളിലൂടെ ഒ.ടി.ടി, വെബ് സീരിസ് രംഗങ്ങളിലേക്ക് ചുവടുവെച്ചിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വിടവാങ്ങല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: John Cena pays tribute to Late Actor Sidharth Shukla