25 വര്‍ഷമായിട്ട് ഇതുവരെ താനും നടന്‍ മമ്മൂട്ടിയും തമ്മില്‍ കാര്യമായിട്ടുള്ള ഒരു പിണക്കമോ നീരസമോ ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് എം.പി ജോണ്‍ ബ്രിട്ടാസ്. മമ്മൂട്ടിയുടെ പ്രത്യേക സ്വഭാവത്തെ മുന്‍നിര്‍ത്തി കൊണ്ട് പലരും തങ്ങള്‍ തമ്മില്‍ പലതവണ വഴക്കിട്ടുണ്ടാകും എന്നാണ് പറയാറുള്ളതെന്നും ഒരുപാട് പത്രക്കാര്‍ തന്നോടത് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
തനിക്കും മമ്മൂട്ടിക്കും ഇടയില്‍ പരസ്പരം എന്തുകാര്യങ്ങളും സ്വതന്ത്ര്യമായും നിര്‍ഭയമായും പറയാനുള്ള വേദിയുണ്ടെന്നും തനിക്ക് കിട്ടിയ അനുഗ്രഹമായിട്ടാണ് ഇതിനെ കാണുന്നതെന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ആദ്യമായി മമ്മൂട്ടിയുമായി സംസാരിച്ചതിനെ കുറിച്ചും ജോണ്‍ ബ്രിട്ടാസ് പറയുന്നു.
‘ഞാന്‍ ആദ്യമായി മമ്മൂക്കയുമായി സംസാരിച്ചത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ദല്‍ഹിയില്‍ വെച്ചായിരുന്നു അത്. ബി.ബി.സിയുടെ കരണ്‍ താപ്പറുമായുള്ള ഇന്റര്‍വ്യൂ എടുക്കാന്‍ വേണ്ടിയായിരുന്നു. അന്ന് ഞാനായിരുന്നു മമ്മൂക്കയെ ആ ഇന്റര്‍വ്യൂവിലേക്ക് കൊണ്ടുവരുന്നത്.
അന്നാണ് ഞങ്ങള്‍ പരസ്പരം സംസാരിച്ചു തുടങ്ങുന്നത്. അന്ന് ആദ്യമായി ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇപ്പോള്‍ 25 വര്‍ഷമായി കാണും. അതിന് മുമ്പ് വല്ലപ്പോഴും പരസ്പരം കണ്ടിരിക്കാം, അതല്ലാതെയുള്ള ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. പിന്നെയാണ് ഞാന്‍ കൈരളിയുടെ എം.ഡി സ്ഥാനത്തേക്കും അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്തേക്കും വരുന്നത്.
തീര്‍ച്ചയായും, എം.ഡിയും ചെയര്‍മാനും തമ്മില്‍ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുമല്ലോ. മമ്മൂക്കയുടെ പ്രത്യേക സ്വഭാവത്തെ മുന്‍നിര്‍ത്തി കൊണ്ട് പലരും പറയാറുള്ളത് ഞങ്ങള്‍ തമ്മില്‍ പലതവണ വഴക്കിട്ടിട്ടുണ്ടാകും എന്നാണ്. എത്രയോ പത്രക്കാര്‍ എന്നോട് അത് ചോദിച്ചിട്ടുണ്ട്.
പക്ഷെ ഇത് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. 25 വര്‍ഷമായിട്ട് ഇന്നേവരെ ഞങ്ങള്‍ തമ്മില്‍ കാര്യമായിട്ടുള്ള ഒരു പിണക്കമോ നീരസമോ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അദ്ദേഹത്തിനും എനിക്കും പരസ്പരം എന്തുകാര്യങ്ങളും സ്വതന്ത്ര്യമായും നിര്‍ഭയമായും പറയാനുള്ള വേദിയുണ്ട്. അതായത് ഞങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു വേദിയുണ്ട്. എനിക്ക് കിട്ടിയ അനുഗ്രഹമായിട്ടാണ് ഞാനത് കാണുന്നത്,’ ജോണ്‍ ബ്രിട്ടാസ് പറയുന്നു.
Content Highlight: John Brittas Talks About Mammootty