| Thursday, 21st April 2022, 7:43 pm

മമ്മൂട്ടിയും ഞാനും ഇക്കാലത്ത് സംസാരിക്കുമ്പോള്‍ ഞങ്ങളുടെ മതമാണ് ചര്‍ച്ചയാകുന്നത് : ജോണ്‍ ബ്രിട്ടാസ് 

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ മതം ചര്‍ച്ചയാകുന്ന വളരെ അനാരോഗ്യകരമായ പാതയിലൂടെയാണ് നമ്മുടെ രാജ്യം പോയിക്കൊണ്ടിരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി.
ഇതിനുമുന്നില്‍ എല്ലാവരും പകച്ചു നില്‍ക്കുകയാണെന്നും എങ്ങനെയിതിനെ മുറിച്ചുകടക്കാന്‍ കഴിയുമെന്നാണ് ചിന്തിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു. ട്രൂ കോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.

മമ്മൂട്ടിയും ഞാനും സംസാരിക്കുമ്പോള്‍ പലപ്പോഴും പറയാറുണ്ട്. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനെന്തെങ്കിലും പറഞ്ഞാല്‍ എന്റെ അഭിപ്രായമാണ്. ഇന്നാണെങ്കില്‍ എന്റെ മതമാണ് ചര്‍ച്ചയാകുന്നതെന്ന്.
ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ക്രസ്ത്യാനി, അവര്‍ ദേശവിരുദ്ധനാണെന്ന് പറയും. ഞാന്‍ പത്താം ക്ലാസിന് ശേഷം പള്ളിയില്‍ തന്നെ പോയിട്ടില്ല(ചിരിക്കുന്നു).  പക്ഷേ, എന്നെ ആ കള്ളിക്കുള്ളില്‍ തറയ്ക്കും. ഒരു മുസ്‌ലിമാണെങ്കിലും അയാളെയും ആ കള്ളിക്കുള്ളില്‍ തറയ്ക്കും, അതൊരു രീതിയായി മാറിയെന്നും ബ്രിട്ടാസ് പറഞ്ഞു.

സംഘപരിവാര്‍ ഇതര ചേരിയെ ശക്തിപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസ് വലിയ മാറ്റങ്ങള്‍ക്ക് തയ്യാറാകേണ്ടതുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടികളില്‍ ഒന്നാണ് കോണ്‍ഗ്രസ്. മുഖ്യപ്രതിപക്ഷം എന്ന പേര് അര്‍ഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാജീവ് ഗാന്ധി ബാബരി മസ്ജിദിന്റെ പൂട്ട് പൊളിക്കാതിരിക്കുകയും ശബാനുല്‍ കേസില്‍ സുപ്രീം കോടതി വിധിയെ മറികടന്നുള്ള ബില്ല് കൊണ്ടുവരാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയം എത്രയോ വ്യത്യസ്തമാകുമായിരുന്നുവെന്ന് ബി.ജെ.പി പക്ഷത്തുള്ള കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നോട് പറഞ്ഞിട്ടുണ്ട്.|

കോബ്രമൈസുകളാണ് ഇന്ത്യയെ ഈ രീതിയിലെത്തിച്ചതെന്നും ബ്രിട്ടാസ് പറഞ്ഞു.
അസ്സല്‍ ഹിന്ദുത്വക്ക് ബദലായി മൃദു ഹിന്ദുത്വം കൊണ്ടുവരരുതെന്ന് കോണ്‍ഗ്രസ് മനസിലാക്കണം. ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്താല്‍ ഹിന്ദു വോട്ട് കിട്ടുമെന്നും ഷാബാനുല്‍ ബീഗം കേസില്‍ കോടതിയെ മറികടന്ന് നിയമമുണ്ടാക്കിയാല്‍ മുസ്‌ലിം വോട്ടും കിട്ടുമെന്നാണ് രാജീവ് ഗാന്ധി പ്രതീക്ഷിച്ചത്. എന്നാലിപ്പോള്‍ രണ്ടും ഇല്ലാത്ത അവസ്ഥയായെന്നും ബ്രിട്ടാസ് പറഞ്ഞു.

ഐഡിയോളജിപരമായും ഓര്‍ഗനൈസേഷന്‍ എന്ന നിലയിലും തെറ്റുതിരുത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയുകയുള്ളുവെന്നും ബ്രിട്ടാസ് പറഞ്ഞു.

Content Highlights: John Brittas says When Mammootty and I talk these days, our religion is being discussed

We use cookies to give you the best possible experience. Learn more