| Tuesday, 8th June 2021, 8:21 pm

പാര്‍ലമെന്റിന് പണ്ടുണ്ടായ പ്രാധാന്യം ഇപ്പോഴും ഉണ്ടോ എന്നതില്‍ സംശയമുണ്ട്; അവസരങ്ങള്‍ പാര്‍ലമെന്ററി പ്രക്രിയയെ ത്വരിതപ്പെടുത്താന്‍ വിനിയോഗിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലഭ്യമായ അവസരങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യ പാര്‍ലമെന്ററി പ്രക്രിയയെ ത്വരിതപ്പെടുത്താനും പുഷ്ടിപ്പെടുത്താനും വിനിയോഗിക്കാനാണ് ആഗ്രഹമെന്ന് പുതിയ രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്. പാര്‍ലമെന്റിന് പണ്ടുണ്ടായിരുന്ന പ്രാധാന്യം ഇപ്പോഴും ഉണ്ടോ എന്നുള്ള കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.

ഇന്ത്യ എന്ന രാജ്യം ജനാധിപത്യ മതനിരപേക്ഷ രാജ്യമായി നിലകൊള്ളാന്‍ വേണ്ടിയുള്ള ഒരു പോരാട്ടത്തിന്റെ ഭാഗം കൂടിയാണ് പാര്‍ലമെന്റിലെ പോരാട്ടം എന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്ന് ബ്രിട്ടാസിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത ഡോ. വി ശിവദാസന്റെ ഒപ്പമുള്ള ചിത്രം പങ്കുവെച്ച് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

‘പാര്‍ലമെന്റ് മന്ദിരനിര്‍മ്മാണത്തിന് പ്രാധാന്യം വര്‍ദ്ധിക്കുകയും പാര്‍ലമെന്റ് നടപടികളില്‍ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

എങ്കില്‍ പോലും ലഭ്യമായിട്ടുള്ള അവസരങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യ പാര്‍ലമെന്ററി പ്രക്രിയയെ ത്വരിതപ്പെടുത്താനും പുഷ്ടിപ്പെടുത്താനും അതിന് വേണ്ടി പോരാടാനും അവസരം വിനിയോഗിക്കാന്‍ കഴിയണം എന്നാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്. സ്വാഭാവികമായിട്ടും വലിയൊരു പോരാട്ടമാണിത്,’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

അതേസമയം, കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം.പിമാരായി രാജ്യസഭയില്‍ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ മുന്നില്‍ ജോണ്‍ ബ്രിട്ടാസും ഡോ. വി. ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യ മാധ്യമ പ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. സമരാനുഭവങ്ങളുടെ ഉള്‍ക്കരുത്തുമായാണ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവദാസന്‍ രാജ്യസഭയിലേക്ക് എത്തുന്നത്.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പി. വി. അബ്ദുള്‍ വഹാബ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: John Brittas said the opportunities would be used to accelerate the parliamentary process

We use cookies to give you the best possible experience. Learn more