ന്യൂദല്‍ഹി: ലഭ്യമായ അവസരങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യ പാര്‍ലമെന്ററി പ്രക്രിയയെ ത്വരിതപ്പെടുത്താനും പുഷ്ടിപ്പെടുത്താനും വിനിയോഗിക്കാനാണ് ആഗ്രഹമെന്ന് പുതിയ രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്. പാര്‍ലമെന്റിന് പണ്ടുണ്ടായിരുന്ന പ്രാധാന്യം ഇപ്പോഴും ഉണ്ടോ എന്നുള്ള കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.
ഇന്ത്യ എന്ന രാജ്യം ജനാധിപത്യ മതനിരപേക്ഷ രാജ്യമായി നിലകൊള്ളാന്‍ വേണ്ടിയുള്ള ഒരു പോരാട്ടത്തിന്റെ ഭാഗം കൂടിയാണ് പാര്‍ലമെന്റിലെ പോരാട്ടം എന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്ന് ബ്രിട്ടാസിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത ഡോ. വി ശിവദാസന്റെ ഒപ്പമുള്ള ചിത്രം പങ്കുവെച്ച് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
‘പാര്‍ലമെന്റ് മന്ദിരനിര്‍മ്മാണത്തിന് പ്രാധാന്യം വര്‍ദ്ധിക്കുകയും പാര്‍ലമെന്റ് നടപടികളില്‍ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.
എങ്കില്‍ പോലും ലഭ്യമായിട്ടുള്ള അവസരങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യ പാര്‍ലമെന്ററി പ്രക്രിയയെ ത്വരിതപ്പെടുത്താനും പുഷ്ടിപ്പെടുത്താനും അതിന് വേണ്ടി പോരാടാനും അവസരം വിനിയോഗിക്കാന്‍ കഴിയണം എന്നാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്. സ്വാഭാവികമായിട്ടും വലിയൊരു പോരാട്ടമാണിത്,’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.