ന്യൂദല്‍ഹി: കേരളത്തിനുള്ള ജി.എസ്.ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്റെ പാലര്‍മന്റിലെ പ്രതികരണവും മാധ്യമപ്രചരണവും രണ്ടാണെന്ന് സി.പി.ഐ.എം എം.പി. ജോണ്‍ ബ്രിട്ടാസ്. എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യവും നിര്‍മല സീതാരാമന്റെ ഉത്തരവും മാധ്യമങ്ങളുടെ പ്രചരണവും വ്യത്യസ്തമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കാള പെറ്റുവെന്ന് കേള്‍ക്കുന്നവര്‍ കയറെടുക്കാന്‍ പോയാല്‍ സ്വന്തം കഴുത്തില്‍ തന്നെ അത് പ്രയോഗിക്കേണ്ടിവരുമെന്നു ഓര്‍ത്തോണമെന്നും അദ്ദേഹം പറഞ്ഞു.
‘എന്‍.കെ. പ്രേമചന്ദ്രന്‍ ചോദിക്കുന്നത് IGST Revenue Deficit Grant എന്നിവയെ കുറിച്ചായിരുന്നു. നിര്‍മലാ സീതാരാമന്‍ പക്ഷേ മറുപടി പറയുന്നത് എ.ജിയുടെ സര്‍ട്ടിഫിക്കറ്റിനെ കുറിച്ച്.
എ.ജി. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് സര്‍ക്കാറിന്റെ അനാസ്ഥ എന്ന രീതിയില്‍ വലത് മാധ്യമങ്ങള്‍ വന്‍ വിവാദമുണ്ടാക്കുകയും ചെയ്തു. ഇതിന്റെ എ.ബി.സി.ഡി അറിയാത്ത അവതാരകരും വിദഗ്ധരും ചേര്‍ന്ന് ഇന്നു രാത്രി ആടി തിമിര്‍ക്കുമെന്നുറപ്പാണ്.
IGST Revenue Deficit Grant എന്നിവ സംസ്ഥാന സര്‍ക്കാരിന് അനുവദിക്കുന്നതും എ.ജി.യുടെ സര്‍ട്ടിഫിക്കറ്റുമായി പുലബന്ധം പോലുമില്ല. എ.ജി.യുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടത് ജി.എസ്.ടി കോമ്പന്‍സേഷന്‍ ലഭിക്കുന്നതിനു വേണ്ടിയാണ്. 2017-18 ജൂണ്‍ മുതല്‍ 2022-23 ജൂണ്‍ വരെ ജി.എസ്.ടി കോമ്പന്‍സേഷനായി ലഭിക്കേണ്ടത് 42,639 കോടി രൂപ. ഇതുവരെ ലഭിച്ചത് 41,779 കോടി രൂപ ഇനി ലഭിക്കേണ്ടത് 776 കോടി മാത്രം നിര്‍മല സീതാരാമന്‍ പറയുന്നത് ഇതുവരെ എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല ലഭിച്ചാലുടന്‍ തുക നല്‍കുമെന്നുമാണ്. അപ്പോള്‍ എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയല്ലേ 41,779 കോടി രൂപയും നല്‍കിയത്?
ഇനി എ.ജി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന് സംസ്ഥാന സര്‍ക്കാര്‍ എന്തു പിഴച്ചു? എ.ജി.ആര്‍ ബി.ഐ, GSTN, കേന്ദ്ര റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് സര്‍ട്ടിഫികേറ്റ് നല്‍കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാറിന് എന്തു കാര്യം?,’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് ജി.എസ്.ടി കോമ്പന്‍സേഷന്‍ അഞ്ച് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാനും എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ബാക്കി കോമ്പന്‍സേഷന്‍ നല്‍കാനുമാണ്.
എ.ജി.ക്ക് നിര്‍ദേശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനാണോ കേന്ദ്ര സര്‍ക്കാറിനാണോ കഴിയുക? കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി കേന്ദ്രസര്‍ക്കാരിന് തന്നെ കൊടുക്കുന്ന പണിയെകുറിച്ചാണ് കേന്ദ ധനമന്ത്രി വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ വാചാലമായതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.