ജയിലില്‍ കഴിയവെ മുസ്‌ലിം തടവുകാര്‍ക്ക് നിസ്‌ക്കരിക്കാന്‍ പായ്‌വിരിച്ച് നല്‍കിയ രാഷ്ട്രീയ സൗഹൃദത്തിനുടമ: കെ.ജി. മാരാരെ കുറിച്ചുള്ള പുസ്തകം ഏറ്റുവാങ്ങി ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: ജയിലില്‍ കഴിയവെ മുസ്‌ലിം തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പായ്‌വിരിച്ചു നല്‍കിയ രാഷ്ട്രീയ സൗഹൃദത്തിനുടമയാണ് കെ.ജി. മാരാരെന്ന് രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസ്. കെ.ജി. മാരാരെ കുറിച്ചുള്ള പുസ്തകമേറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ രചിച്ച ‘കെ.ജി. മാരാര്‍ മനുഷ്യന്റെ പര്യായം’ എന്ന പുസ്തകമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.
കണ്ണൂര്‍ ജയിലില്‍ കഴിയവെ മുസ്‌ലിം സഹതടവുകാര്‍ക്ക് പ്രാര്‍ഥിക്കാന്‍ പായ്‌വിരിച്ച് നല്‍കിയ രാഷ്ട്രീയ സൗഹൃദത്തിനുടമയാണ് മാരാരെന്നും ഇന്ന് ആ രാഷ്ട്രീയാന്തരീക്ഷം മാറിയെന്നും പുസ്‌കതകം ഏറ്റുവാങ്ങിക്കൊണ്ട് ബ്രിട്ടാസ് പറഞ്ഞു.
ഇപ്പോള്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയും, കുടുംബങ്ങളെ വലിച്ചിഴച്ചും രാഷ്ട്രീയത്തെ മലീമസമാക്കുകയാണെന്നും രാഷ്ട്രീയത്തിലെ സൗഹൃദാന്തരീക്ഷം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാജേട്ടൻ (ഒ രാജഗോപാല്‍) എന്നോട് പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. അന്ന് കണ്ണൂർ ജയിലിൽ അന്ന് മാരാർ കഴിഞ്ഞിരുന്ന സമയത്ത്, അദ്ദേഹത്തിനൊപ്പം ജയിലിൽ അടക്കപ്പെട്ട ആൾക്കാർ. പല രാഷ്ട്രീയപ്പാർട്ടീയകളിൽപ്പെട്ട ആൾക്കാരുണ്ട്.
മുസ്‌ലിം ലീഗിന്റെ പ്രവർത്തകർക്ക്, മുസ്‌ലിംകളായിട്ടുള്ള ജയിൽത്തടവുകാർക്ക് നിസ്‌കരിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്ന, പാ വിരിച്ചുകൊടുത്ത ഒരു പശ്ചാത്തലം കൂടി കെ.ജി. മാരാർക്കുണ്ട്. ആ സഹിഷ്ണുതയുടെ തലത്തിൽ നിന്ന് കേരള രാഷ്ട്രീയം എങ്ങോട്ടു മാറിയെന്നുള്ള ഒരു ചോദ്യം രാജേട്ടൻ എടുത്തിടുകയാണ്.’ ബ്രിട്ടാസ് പറഞ്ഞു.
ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ളയാണ് പുസ്തകം പ്രകാശനം ചെയ്തത്. അണികളെ മറക്കാത്ത യഥാര്‍ത്ഥ ജനാധിപത്യവാദിയായിരുന്ന നേതാവായിരുന്നു മാരാരെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
അഡ്വ. കെ.കെ. ബാലറാം ചടങ്ങിന് അധ്യക്ഷനായി. ജനം ടി.വി എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, പുസ്തകം രചിച്ച കെ. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.