തിരുവനന്തുപുരം: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സംഭവത്തിന്മേലുള്ള കേസുകള്‍ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ട പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം രാജ്യസഭാ എം.പി ജോണ്‍ബ്രിട്ടാസ്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ടുള്ള ജസ്റ്റിസ് ധൂലിയയുടെ ചോദ്യം ചാട്ടുളി പോലെയാണെന്നും ജോണ്‍ബ്രിട്ടാസ് പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനാണെന്ന കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ വാദം പരിഹാസ്യമാണ്. വര്‍ഗീയ ധ്രുവീകരണമായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് അവര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘അല്‍പം വൈകിയാലും, ഹിജാബിനു മേലുള്ള സുപ്രീംകോടതി വിധിയെക്കുറിച്ചാണ് പറയാനുള്ളത്. രണ്ടംഗ ബെഞ്ചിന് യോജിപ്പില്‍ എത്താന്‍ കഴിയാത്തതുകൊണ്ട് വിഷയം ഇനി സുപ്രീംകോടതിയുടെ വലിയൊരു ബെഞ്ചിന്റെ പരിഗണനക്ക് പോകും. എന്നാലും ഇന്നലെ സുപ്രീംകോടതിയില്‍ ഉണ്ടായ ഭിന്നവിധികളില്‍ ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും വന്നു.
ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെ വിധി എന്തുകൊണ്ടും ശ്രദ്ധേയമാണ്. ഹിജാബ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരും കര്‍ണാടക ഹൈക്കോടതിയും കൈക്കൊണ്ട തീരുമാനങ്ങളെ റദ്ദ് ചെയ്തു എന്നതുകൊണ്ടു മാത്രമല്ല ജസ്റ്റിസ് ധൂലിയയുടെ വിധിപ്രസ്താവം ശ്രദ്ധേയമാകുന്നത്.
മുസ്‌ലിം പെണ്‍കുട്ടികളെ കുറിച്ച് പരാമര്‍ശിക്കുന്നത് ‘നമ്മള്‍ അവരുടെ ജീവിതം മെച്ചപ്പെടുത്തുകയാണോ’? – ജസ്റ്റിസ് ധൂലിയയുടെ ചോദ്യം ചാട്ടുളി പോലെയാണ്. ഹിജാബ് മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഇവിടെ ഉയരുന്നത് ‘ഏത് തെരഞ്ഞെടുക്കാനുള്ള (a matter of choice) അവകാശം’ ആണെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു,’ ജോണ്‍ ബ്രിട്ടാസ് വ്യക്താമക്കി.
പൊതു ഇടങ്ങളില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മതനിരപേക്ഷതക്ക് ഗുണകരമായതല്ലത്രേ. പറയുന്നത് ആരൊക്കെയാണെന്ന് നോക്കണം. പൊതു ഇടങ്ങളുടെ ആസ്ഥാനമാണ് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്.