തിരുവനന്തപുരം: കൈരളി, മീഡിയവണ്‍ ചാനലുകളെ പത്രസമ്മേളനത്തില്‍ നിന്ന് വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എം.പി. നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യമെന്നും ഇത് ആരുടെയെങ്കിലും കാല്‍ക്കീഴില്‍ അടിയറവെക്കാന്‍ ഒരുക്കമല്ലെന്നെന്നും അദ്ദേഹം പറഞ്ഞു.
ഒരു ‘ഗെറ്റ് ഔട്ടി’ല്‍ അവസാനിക്കുന്നതല്ല ഞങ്ങളുടെ ദൗത്യം എന്നുകൂടി ഓര്‍മിപ്പിക്കട്ടെയെന്നും ബ്രിട്ടാസ് പറഞ്ഞു.
മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍, താങ്കള്‍ ഒരു ഏകാധിപതിയല്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരം കേരളത്തിന്റെ ഗവര്‍ണറായി നിയമിക്കപ്പെട്ട വ്യക്തിയാണ് താങ്കള്‍. അതേ ഭരണഘടന നല്കുന്ന അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ചവിട്ടിമെതിക്കാന്‍ താങ്കള്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ല.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പതിവുകള്‍ക്കാണ് താങ്കള്‍ തുടക്കം കുറിച്ചിരിക്കുന്നത്. പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാലേക്കൂട്ടി ഇ-മെയിലിലൂടെ അനുവാദത്തിന് അപേക്ഷിപ്പിക്കുക, പരിശോധനയ്ക്കു ശേഷം അനുമതി പുറപ്പെടുവിക്കുക, പിന്നീട് അതുപ്രകാരം മാധ്യമപ്രവര്‍ത്തകരെ താങ്കളുടെ പക്കലെത്താന്‍ അനുവദിക്കുക എന്നിങ്ങനെ പുതിയൊരു ആചാരപ്രക്രിയയാണ് താങ്കള്‍ തുടങ്ങിയിരിക്കുന്നത്. എന്നിട്ടും ഇതിനു വിധേയമായി, ഈ കടമ്പകളൊക്കെ കടന്നാണ് കൈരളി ലേഖകന്‍ താങ്കളുടെ പക്കലെത്തിയത്. അപ്പോഴാണ് താങ്കള്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ട് ‘ഗെറ്റ് ഔട്ട്’ എന്ന് ആക്രോശിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ അവിഭാജ്യഘടകം കൂടിയായിരുന്നു സ്വതന്ത്ര ആവിഷ്‌കാരത്തിനുവേണ്ടിയുള്ള പോരാട്ടം. ഇത് ആരുടെയെങ്കിലും കാല്‍ക്കീഴില്‍ അടിയറ വയ്ക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ലെന്ന് താങ്കളെ അറിയിക്കട്ടെ.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ നിയതവും നിശിതവുമായ എല്ലാ പരിശോധനകള്‍ക്കും ശേഷം ലഭിച്ച അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സംരംഭമാണ് കൈരളി. രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സചേതനമായ ഇടപെടല്‍ കൈരളി നടത്തുന്നു. കൈരളിയുടെ വാര്‍ത്താ ഉള്ളടക്കം നിരീക്ഷിക്കുവാനും പരിശോധിക്കുവാനുമുള്ള സംവിധാനം കേന്ദ്രത്തിന്റെ പക്കലുണ്ട്. അങ്ങയുമായി ബന്ധപ്പെട്ട ഏതെങ്കിലും വാര്‍ത്തയെക്കുറിച്ചു പരാതിയുണ്ടെങ്കില്‍ അത് രേഖാമൂലം നല്കാം. അതു തിരുത്തുന്നില്ലെങ്കില്‍ നിയമത്തിന്റെ വഴിമതേടാനും അങ്ങേയ്ക്ക് അവകാശമുണ്ട്. ലോകം അംഗീകരിച്ച രീതി അതാണെന്നും അദ്ദേഹം പറഞ്ഞു.