| Tuesday, 20th December 2022, 6:16 pm

സെസിന്റെയും സര്‍ചാര്‍ജിന്റെയും പേരില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നു: ജോണ്‍ ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെസിന്റെയും സര്‍ചാര്‍ജിന്റെയും പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍. 2021-22ലെ മൊത്ത നികുതി വരുമാനത്തിന്റെ 28.1 ശതമാനവും (7.06 ലക്ഷം കോടി രൂപ) സെസ് സര്‍ചാര്‍ജ് ഇനത്തില്‍ കേന്ദ്രം കൈയടക്കിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2010-11ല്‍ ഈ ഇനത്തില്‍ ആകെ സമാഹരിച്ചത് 49,628 കോടി രൂപയാണ്. 2019-20ല്‍ 3.6 ലക്ഷം കോടി രൂപയായ ഇത് 2020-21 ആയപ്പോഴേയ്ക്കും 7.06 ലക്ഷം കോടി രൂപയായി. അതായത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏകദേശം ഇരട്ടി തുകയുടെ വര്‍ധനവ്. എന്നാല്‍ ഈ തുക സംസ്ഥാനങ്ങളുമായി പങ്കുവെക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

15ാം ധനകാര്യ കമ്മീഷന്‍ കേന്ദ്രനികുതികളില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് 41 ശതമാനം വിഹിതം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ 29- 32 ശതമാനം നിരക്കുകളിലാണ് നികുകി വിഹിതം നല്‍കി പോരുന്നത്. പ്ലാനിങ് കമ്മീഷന്‍ ഉണ്ടായിരുന്നപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന നിരവധി ധനസഹായങ്ങള്‍ കേന്ദ്രം നിര്‍ത്തലാക്കി.

നികുതിയുടെ ഗണ്യമായ ഭാഗം സെസ് സര്‍ചാര്‍ജ് ഇനത്തില്‍ വേര്‍തിരിക്കപ്പെട്ടതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക നില കൂടുതല്‍ പരിതാപകരമാകുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ സെസും സര്‍ചാര്‍ജും പങ്കുവെക്കുന്നത് സംബന്ധിച്ച നിലപാടില്‍ പുനര്‍വിചിന്തനത്തിന് ഗവണ്‍മെന്റ് തയ്യാറകണമെന്ന ആവശ്യത്തില്‍ നിന്ന് കേന്ദ്രമന്ത്രി ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം പറഞ്ഞു.

സെസ് സര്‍ചാര്‍ജ് ഇനത്തില്‍ കേന്ദ്രം കളക്ട് ചെയുന്ന തുക വിവിധ പദ്ധതികളിലൂടെ രാജ്യത്ത് ചിലവഴിക്കുന്നുണ്ടെന്ന് പറഞ്ഞതല്ലാതെ ഈ തുക സംസ്ഥാനങ്ങളുമായി പങ്കു വെയ്കുന്നതിനെക്കുറിച്ച് ഒരു ഉറപ്പും കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: John Brittas MP Says in the Rajya Sabha that the central government is usurping the rights of the states in the name of cess and surcharge

We use cookies to give you the best possible experience. Learn more