തിരുവനന്തപുരം: കേന്ദ്ര റെയിൽവേ ഭക്ഷ്യ സംസ്കരണ വ്യവസായ സഹകരണ സഹ മന്ത്രി രവനീത് സിങ് ബിട്ടുവിന് മലയാളത്തിൽ മറുപടി അയച്ച് ജോൺ ബ്രിട്ടാസ് എം.പി. തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിന് മന്ത്രി ഹിന്ദിയിൽ മറുപടി നൽകിയതിന് പിന്നാലെയുള്ള പ്രതിഷേധമായാണ് എം.പി മറുപടി നൽകിയത്.
താങ്കളുടെ കത്തുകൾ വായിച്ചെന്നും അത് മനസിലാക്കാൻ ഹിന്ദി പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രിക്കുള്ള കത്തിൽ ബ്രിട്ടാസ് പറയുന്നു. നേരത്തെ ഡി.എം.കെ നേതാവും എം.പിയുമായ എം.എം അബ്ദുള്ള ബിട്ടുവിനുള്ള മറുപടി തമിഴിൽ നൽകിയിരുന്നു. ബിട്ടു ഹിന്ദിയിൽ അയച്ച കത്തിൽ ഒന്നും മനസിലാകുന്നില്ലെന്നും അബ്ദുള്ള കത്തിൽ പറഞ്ഞിരുന്നു.
കത്ത് കൈപ്പെറ്റിയ അബ്ദുല്ല അത് ഹിന്ദിയിലായതിനാല്‍ തനിക്ക് ഒന്നും മനസിലായില്ലെന്നും ഇംഗ്ലീഷില്‍ മറുപടി നല്‍കണമെന്നും പറഞ്ഞ് റെയില്‍വേ സഹമന്ത്രി രവ്നീത് സിങിന് തമിഴില്‍ മറുപടി അയക്കുകയായിരുന്നു.
അതേസമയം തനിക്ക് ഹിന്ദി അറിയില്ലെന്ന് പല തവണ കേന്ദ്ര മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ അറിയിച്ചതാണെന്നും എന്നിട്ടും അവർ ഹിന്ദിയില്‍ തന്നെ ആശയ വിനിമയം തുടരുകയായിരുന്നെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു.
അടുത്തിടെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ താന്‍ പ്രത്യേക ശ്രദ്ധാ പ്രമേയം അവതരിപ്പിച്ചെന്നും ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാണന്ന കാര്യമാണ് പ്രമേയത്തില്‍ ഉന്നയിച്ചതെന്നും പോസ്റ്റില്‍ പറയുന്നു.
1976ലെ ഔദ്യോഗിക ഭാഷാ ചട്ടങ്ങള്‍ അനുസരിച്ച്, തമിഴ്‌നാട് ഇ കാറ്റഗറിക്ക് കീഴിലാണ്, അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇംഗ്ലീഷിലൂടെ മാത്രമേ ആശയവിനിമയം നടത്താവൂവെന്നും എം.പി പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സ്വന്തം ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അബ്ദുല്ല പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
Content Highlight: John Brittas MP replied in Malayalam to the Union Minister who send letter in Hindi